Friday 21 July 2023 12:54 PM IST

‘ഇന്നും ഓർക്കുമ്പോൾ അദ്ഭുതമാണ്, വീട്ടിൽ മക്കളുടെ കാര്യങ്ങളും നോക്കിയിരുന്ന എന്നെ എന്തിനായിരിക്കും അദ്ദേഹം ബിസിനസ് ഏൽപ്പിച്ചത്’

V R Jyothish

Chief Sub Editor

mg-soman

എം. ജി. സോമൻ അരങ്ങൊഴിഞ്ഞിട്ട് ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞു. എങ്കിലും തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ വീട്ടിൽ നിറയെ എം. ജി. സോമന്റെ ഓർമകളാണ്. എല്ലാ മുറികളിലും സോമന്റെ ചിത്രങ്ങൾ അലങ്കരിച്ചുവച്ചിരിക്കുന്നു. പല കാലങ്ങളിൽ പല ഭാവങ്ങളിലുള്ള ചിത്രങ്ങൾ. മലയാളസിനിമ കടന്നു വന്ന വഴിത്താരകൾ ആ ചിത്രങ്ങളിൽ തെളിയുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെയുള്ള അവാർഡ് ശിൽപങ്ങൾ, അടുത്ത സുഹൃത്തുക്കളുമായുള്ള ബ്ലാക് ആൻഡ് വൈറ്റ് ഫ്രെയിമുകൾ, ചില്ലലമാരയിൽ സോമൻ ഉപയോഗിച്ചിരുന്ന സിഗരറ്റ് ലൈറ്ററുകൾ, ഭംഗിയുള്ള പഴയ ചില്ലുകുപ്പികൾ, പിന്നെ സോമൻ വർഷങ്ങളോളം ഉപയോഗിച്ച കാർ വീട്ടുമുറ്റത്ത്. അതെല്ലാം നിത്യസ്മാരകം പോലെ സൂക്ഷിക്കുകയാണു വീട്ടുകാർ...

മമ്മൂട്ടിയും മോഹൻലാലും എന്നു പറയുന്നതുപോലെയായിരുന്നു ഒരുകാലത്ത് സോമനും സുകുമാരനും എന്നു പ്രേക്ഷകർ പറഞ്ഞിരുന്നത്. സുകുമാരന്റെ മകൻ പൃഥ്വിരാജ് സിനിമയിലെത്തി. ആ സമയത്തു തന്നെയാണ് സംവിധായകൻ ഭരതന്റെ മകൻ സിദ്ധാർഥും നടൻ രാഘവന്റെ മകൻ ജിഷ്ണുവും അഭിനയരംഗത്തേക്കു വരുന്നത്. അങ്ങനെ പഴയകാല സൂപ്പർ താരങ്ങളുെട മക്കൾ സിനിമയിലെത്തിയതിന്റെ തുടർച്ചയായിരുന്നു സോമന്‍റെ മകന്‍ സജിയുടെ വരവും. എന്നാൽ നാലഞ്ചു സിനിമകളിൽ അഭിനയിച്ച ശേഷം സജി സിനിമാരംഗം വിട്ടു. പതിനഞ്ചു വർഷങ്ങൾക്കു ശേഷം ഇപ്പോൾ വീണ്ടും സിനിമയിലേക്കെത്തുകയാണ് സജി. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ഒ. ബേബി എന്ന സിനിമയിലൂടെ.

സോമന്റെ ഭാര്യ സുജാതയും മകൻ സജിയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഇപ്പോൾ മണ്ണടിപ്പറമ്പിൽ വീട്ടിൽ താമസിക്കുന്നത്. വീടിനടുത്താണ് സോമൻ തന്റെ ഭാര്യയ്ക്കുവേണ്ടി തുടങ്ങിയ ‘ഭദ്ര സ്പൈസസ്’ എന്ന കറിപൗഡർ കമ്പനി. ‘‘ഇന്നോർക്കുമ്പോൾ എനിക്കു വലിയ അദ്ഭുതമാണ്. വീട്ടിൽ മക്കളുടെ കാര്യങ്ങളും നോക്കിയിരുന്ന എന്നെ എന്തിനാണ് ഒരു ബിസിനസ് ഏൽപ്പിച്ചതെന്ന്. സ്ഥാപനത്തിനു ഭദ്ര അഗ്‌മാർക് സ്പൈസസ് എന്ന് പേരിട്ടതും അദ്ദേഹം തന്നെ. ഇവിടെ അടുത്തൊരു ഭദ്രാദേവി ക്ഷേത്രമുണ്ട്. അവിടുത്തെ വലിയ ഭക്തനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഈ പേരിട്ടത്.’’ സംഭാഷണങ്ങൾക്ക് തുടക്കമിട്ടത് സുജാതയാണ്.

ഒരു സൂപ്പർതാരത്തിന്റെ ഭാര്യയായിരുന്നു എന്ന ഇമേജൊന്നുമില്ലാതെ മില്ലിലെ മറ്റു ജീവനക്കാർക്കൊപ്പം പൊടിയിൽ കുളിച്ചു പണിയെടുക്കുകയാണ് സുജാത. ‘‘സത്യത്തിൽ ഇവിടുത്തെ ജോലിത്തിരക്കാണ് എന്നെ രക്ഷിച്ചത് എന്നു പറയാം. മക്കളെ നന്നായി വളർത്തണമെന്നും ഉത്തരവാദിത്തങ്ങളുണ്ടെന്നുമൊക്കെ തോന്നിപ്പിച്ചത് സോമേട്ടൻ തുടങ്ങി വ ച്ച ഈ കമ്പനിയാണ്.’’ വീട്ടിലേക്കു നടക്കുന്നതിനിടയിൽ സുജാത പറഞ്ഞു.

ൈഹറേഞ്ചിലെ ഷൂട്ടിങ് കഴിഞ്ഞു സജി വീട്ടിൽ തിരിച്ചെത്തിയതേയുള്ളൂ. ‘‘സിനിമയിൽ വരുന്നതിനു മുൻപ് ഒ രു നാടകത്തിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല. സിനിമയിൽ അഭിനയിച്ചതുതന്നെ തികച്ചും യാദൃച്ഛികമായാണ്.’’ സജി പറയുന്നു.

2002-ൽ റിലീസ് ചെയ്ത എ. കെ. സാജൻ ചിത്രം‘ േസ്റ്റാപ്പ് വയലൻസി’ലൂടെയാണു സജി വെള്ളിത്തിരയിലെത്തുന്നത്. പൃഥ്വിരാജിന്റെ റിലീസ് ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു അത്. മുൻനിര താരങ്ങളായിരുന്ന സോമന്റെയും സുകുമാരന്റെയും മക്കൾ അഭിനയിക്കുന്നു എന്നതായിരുന്നു ആ സിനിമയുടെ ൈഹലൈറ്റ്.

ആ സിനിമയിൽ പൃഥ്വിരാജ് നായകനായപ്പോൾ സജി വില്ലനായി. ആസിഡ് എന്ന പേരുള്ള ഗുണ്ടാത്തലവനെയാണ് സജി അവതരിപ്പിച്ചത്. പിന്നീട് ശശി മോഹൻ സംവിധാനം ചെയ്ത തിലകം എന്ന സിനിമയിൽ നായകനായി. ക്യാംപസ്, ലയൺ എന്നീ സിനിമകളിൽ കൂടി അഭിനയിച്ച് 2008–ൽ സജി ഗൾഫിലേക്കു പോയി. അതിനുശേഷം പതി നഞ്ചു വർഷങ്ങൾക്കു ശേഷമാണ് രഞ്ജൻ പ്രമോദിന്റെ സിനിമ ഓ. േബബിയിൽ വീണ്ടുമെത്തുന്നത്.

‘‘സിനിമയിൽ ആദ്യമായി അഭിനയിച്ചപ്പോഴും ഇപ്പോഴും അമിതമായി ആവേശം കൊള്ളുന്ന ആളല്ല ഞാൻ. പിന്നെ, അച്ഛന് സിനിമയിൽ ഒരു പേരുണ്ടല്ലോ? അതു ചീത്തയാക്കരുത് എന്ന ആഗ്രഹവുമുണ്ട്.’’

കാൽ നൂറ്റാണ്ട് സിനിമയിൽ നിറഞ്ഞു നിന്നതിനുശേഷമാണു സോമൻ ജീവിതത്തോടു വിട വാങ്ങിയത്. ഇക്കാലയളവിൽ ‘ചട്ടക്കാരി’യിലെ ആംഗ്ലോ–ഇന്ത്യൻ ആയ റിച്ചാർഡ്. ‘ഇതാ ഇവിടെ വരെ’യിലെ വിശ്വനാഥൻ, ‘തുറമുഖ’ത്തിലെ ഹംസ തുടങ്ങി പ്രേക്ഷകർ ഇന്നും ‘നേരാ.... തിരുമേനീ... ’എന്ന് ഡയലോഗു പറഞ്ഞുനടക്കുന്ന ‘ലേല’ത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ വരെ എത്രയോ കഥാപാത്രങ്ങൾ.

‘‘എനിക്കു തോന്നുന്നതു കഥാപാത്രത്തെ മാത്രമേ അച്ഛൻ നോക്കിയിട്ടുള്ളൂ എന്നാണ്. ഇമേജ് ഇല്ലാതാകുമോ എന്ന ഭയമൊന്നും അച്ഛനുണ്ടായിരുന്നില്ല. ഗായത്രിയെന്ന സിനിമയിൽ രാജാമണിയെന്ന നിഷേധിെയ അവതരിപ്പിച്ചാണ് അച്ഛൻ തുടങ്ങിയതെങ്കിൽ ‘സ്റ്റോപ് വയലൻസി’ൽ ഞാൻ ക്വട്ടേഷൻ നേതാവായ ആസിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണു വന്നത്. പക്ഷേ, അഞ്ഞൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഞാനാകട്ടെ അഞ്ചു സിനിമകളേ പൂർത്തിയാക്കിയിട്ടുള്ളു.’’ സജി ചിരിക്കുന്നു.

‘‘സജിയെപ്പോലെയല്ല, കുട്ടിക്കാലത്തേ അഭിനയത്തി ൽ താൽപര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.’’ സുജാത പറഞ്ഞു. ‘‘ഏകദേശം പത്തുവർഷത്തോളം അദ്ദേഹം എയർഫോഴ്സിൽ ജോലി ചെയ്തു. അതിനിടയിലായിരുന്നു ഞങ്ങളുടെ വിവാഹം. സജി ജനിച്ചതിനുശേഷമാണു സ്വയം വിരമിച്ച് നാട്ടിലെത്തിയത്. നാട്ടിൽ വന്ന് കൃഷി ചെയ്തു ജീവിക്കാം എന്നായിരുന്നു പ്ലാൻ. തറവാട്ടിൽ അത്യാവശ്യം ഭൂമിയുണ്ടായിരുന്നു. അങ്ങനെ കൃഷിപ്പണിക്കിടയിലാണു ചില അമച്വർ നാടകസംഘങ്ങളിൽ അഭിനയിക്കുന്നത്. പിന്നീട് കൊട്ടാരക്കര ശ്രീധരൻനായരുടെ ജയശ്രീ തിയേറ്റേഴ്സിലും ചേർന്നു. ക്രമേണ നാടകാഭിനയം കൂടുകയും കൃഷി കുറയുകയും ചെയ്തു.’’

യഥാർഥത്തിൽ നാടകമാണു സോമന് സിനിമയിലേക്കുള്ള വഴി തുറന്നത്. സാഹിത്യകാരനും ഐഎഎസ് ഉ ദ്യോഗസ്ഥനുമായിരുന്ന മലയാറ്റൂർ രാമകൃഷ്ണനാണു സോമനെ സിനിമയിൽ ആദ്യമായി അഭിനയിപ്പിച്ചത്. മലയാറ്റൂരിന്റെ തന്നെ ഗായത്രിയെന്ന സിനിമയിൽ.

മലയാറ്റൂരിന്റെ ഭാര്യ വേണി തിരുവനന്തപുരത്തു വച്ച് കണ്ട ഒരു നാടകത്തിലെ പ്രധാനനടൻ സോമനായിരുന്നു. അങ്ങനെ വേണി പറഞ്ഞിട്ടാണ് മലയാറ്റൂർ സോമനെ ‘ഗായത്രി’യുടെ ഭാഗമാക്കുന്നത്. അവിെട നിന്നങ്ങോട്ടു കൂടുതൽ െമച്ചപ്പെട്ട കഥാപാത്രങ്ങൾ സോമനെ തേടി വന്നു. ഏ കദേശം രണ്ടരപതിറ്റാണ്ട് ആ നടനം നീണ്ടുപോയി. അഭിനയസാധ്യതയുള്ള കഥാപാത്രം എന്നതിലുപരി മറ്റു മാനദണ്ഡങ്ങളൊന്നും സോമൻ നോക്കിയില്ല. അതുകൊണ്ടാണ് ഒരേസമയം നായകനായും വില്ലനായും സ്വഭാവനടനായും സോമൻ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

soman-2 സജി അമ്മ സുജാത സോമൻ

ഏറ്റവും മികച്ച നടനും സഹനടനുമുള്ള സംസ്ഥാന സർക്കാർ അവാർഡുകൾ അടുത്തടുത്ത വർഷങ്ങളിൽ അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്. മാത്രമല്ല ഒരു വർഷം നാൽപതിലേറെ സിനിമകളിൽ അഭിനയിച്ചതിന്റെ റെക്കോർഡും. ഇന്നേവരെ ആരും തിരുത്തിയിട്ടില്ല അത്. താൻ ആ റെക്കോർഡ് തിരുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുപോയെ ന്നു ജഗതി ശ്രീകുമാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

സൗഹൃദങ്ങളായിരുന്നു സോമന്റെ ദൗർബല്യം. സുഹൃത്തുക്കൾക്കു സോമനെയും സോമന് സുഹൃത്തുക്കളെയും അത്രയ്ക്കും ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ഇപ്പോഴും ആ സ്നേഹവും സൗഹൃദവും അവർ സൂക്ഷിക്കുന്നത്. ‘‘പലരും വിളിക്കാറുണ്ട്. ചിലർ ഈ വഴി പോകുമ്പോൾ കയറും. ഞങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നവരാണു കൂടുതലും.’’ സുജാത പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ജൂൺ 10–23 ലക്കത്തിൽ

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ഹരികൃഷ്ണൻ