Wednesday 21 December 2022 04:59 PM IST : By സ്വന്തം ലേഖകൻ

അധ്യാപിക... അഴകിന്റെ വേദിയിൽ അവൾ റാണി! മിസിസ് വേൾഡ് 2022 കിരീടം ചൂടിയ സർഗം: അഭിമാന നേട്ടം

sargam-kaushal

വിശ്വസൗന്ദര്യ മത്സര വേദിയിൽ വീണ്ടും ഇന്ത്യൻ തിളക്കം.2022ലെ മിസിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി ഇന്ത്യക്കാരി സർഗം കൗശൽ. യുഎസിലെ ലാസ് വേഗസിൽ 63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് സർഗം കൗശൽ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2001ൽ അദിതി ഗൗത്രികാർ ആണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചത്. മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനവും മിസിസ് കാനഡ മൂന്നാം സ്ഥാനവും നേടി. 21 വർഷത്തിനുശേഷമാണ് മിസിസ് വേൾഡ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്.

"നീണ്ട കാത്തിരിപ്പിന് വിരാമം, 21 വർഷത്തിന് ശേഷം ഞങ്ങൾക്ക് കിരീടം തിരികെ ലഭിച്ചു!" മിസിസ് ഇന്ത്യ മത്സരാര്‍ഥി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കിരീടമണിഞ്ഞതിന് ശേഷം കൗശൽ പൊട്ടിക്കരഞ്ഞു.

ജൂണിൽ നടന്ന മിസിസ് ഇന്ത്യ മത്സര വേദിയിൽ മിന്നും ജയം നേടിയാണ് സർഗം ലോക സൗന്ദര്യ മത്സര വേദിയിലേക്കെത്തുന്നത്. ജമ്മു കശ്മീർ സ്വദേശിയായ സർഗം അധ്യാപികയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള സര്‍ഗം വിശാഖ പട്ടണത്തെ സ്വകാര്യ സ്കൂളിലാണ് ജോലി ചെയ്യുന്നത്. നേവി ഓഫീസർ ആദി കൗശലാണ് സർഗത്തിന്റെ ഭർത്താവ്. 2018ലാണ് ഇരുവരും വിവാഹിതരാകുന്നത്.

രണ്ടാം തവണയാണ് മിസിസ് വേൾഡിൽ ഇന്ത്യ വിജയിയാവുന്നത്. വിവാഹിതരായ സ്ത്രീകള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന സൗന്ദര്യ മത്സരമാണ് മിസിസ് വേള്‍ഡ്. 1984ലാണ് ആദ്യമത്സരം സംഘടിപ്പിക്കുന്നത്. മിസിസ് വുമൺ ഓഫ് ദ വേൾഡ് എന്നായിരുന്നു മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. 1988ലാണ് മിസിസ് വേള്‍ഡ് എന്നാക്കി മാറ്റുന്നത്. 80ലധികം രാജ്യങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ തവണ കിരീടമണിഞ്ഞിട്ടുള്ളത്. 2001ലാണ് ഇന്ത്യ ആദ്യമായി വിജയി ആകുന്നത്. ഡോ അദിതി ഗോവിത്രികറായിരുന്നു അന്ന് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.