Thursday 04 May 2023 03:38 PM IST

കുഞ്ഞാവയ്ക്ക് ഫോർമുല മിൽക് നൽകുന്നത് നല്ലതോ?, ഇരട്ടക്കുഞ്ഞുങ്ങളെ എങ്ങനെ മുലയൂട്ടണം? അറിയേണ്ടതെല്ലാം

Chaithra Lakshmi

Sub Editor

breast-feeding-twins

പാലില്ലാഞ്ഞിട്ടാകും.’ കുഞ്ഞൊന്നു കരഞ്ഞാലുടൻ ആ വഴി വരുന്നവരെല്ലാം ‘പാലിനു പകരം എന്തെല്ലാം നൽകാം’ എന്ന ഉപദേശവുമായെത്തും. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇത്രയേറെ ചർച്ചകൾ നടന്നിട്ടും അമ്മമാരാകുന്ന ഭൂരിഭാഗം സ്ത്രീകളും ഈ അവസ്ഥ നേരിടുന്നുണ്ട്.

ജനിച്ച് ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകണമെന്നാണു ലോകാരോഗ്യസംഘടന നിർദേശിക്കുന്നത്. കുഞ്ഞാവയെ പാലൂട്ടുന്നതിനെക്കുറിച്ച് അമ്മമാരുടെ സംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടി അറിയാം.

എപ്പോഴാണ് മുലയൂട്ടൽ തുടങ്ങേണ്ടത് ?

കുഞ്ഞു ജനിച്ചശേഷം എത്രയും വേഗം, കഴിയുമെങ്കിൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ പാലൂട്ടിത്തുടങ്ങാം. സിസേറിയനാണെങ്കിൽ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമെങ്കി ൽ ഉടനെ മുലയൂട്ടാം.

പ്രസവശേഷം ആദ്യമുണ്ടാകുന്ന മുലപ്പാലായ കൊളസ്ട്രത്തിനു ‘ഗോൾഡ് ലിക്വിഡ്’ എന്നും പേരുണ്ട്. അളവു കുറവെങ്കിലും പോഷകപ്രദമാണു കൊളസ്ട്രം. രോഗപ്രതിരോധശക്തി, ദഹനശേഷി ഇവയ്ക്ക് ഇതു ഗുണകരമാണ്.

ആദ്യത്തെ രണ്ടു ദിവസം അഞ്ചു മില്ലി അളവിൽ മുലപ്പാൽ നൽകണം. ആദ്യമാസങ്ങളിൽ രണ്ടു മണിക്കൂർ ഇടവേളയിൽ മുലയൂട്ടുന്നതു കുഞ്ഞിന്റെ തൂക്കം കൂടാനും അമ്മയ്ക്കു മുലപ്പാലുണ്ടാകാനും നല്ലതാണ്. രാത്രിയിലും ഇതേ രീതിയിൽ മുലയൂട്ടുക. തുടർന്നുള്ള കാലയളവിൽ ആവശ്യത്തിനനുസരിച്ചു മതി. ആദ്യ ആറു മാസം രണ്ടു മുതൽ നാലു മണിക്കൂർ ഇടവേളയിലാണു മുലയൂട്ടേണ്ടത്.

ഉറങ്ങുന്ന കുഞ്ഞിനെ ഉണർത്തി പാലൂട്ടേണ്ടതുണ്ടോ ?

നാലു മണിക്കൂറിൽ കൂടുതൽ  കു‍ഞ്ഞ് ഉറങ്ങിയാൽ കുഞ്ഞിനെ കാലിേലാ ചെവിയിലോ തുണി കൊണ്ട് ഇക്കിളിയാക്കിയോ മറ്റോ ഉണർത്തി പാലൂട്ടാം. കുഞ്ഞിനു മതിയായ ഭാരമില്ലെന്നുണ്ടെങ്കിൽ നിർബന്ധമായും കൃത്യമായ ഇടവേളകളിൽ പാൽ നൽകണം.
മുലപ്പാൽ മതിയാകില്ല, വെള്ളം നൽകണമെന്നു മുതിർന്ന ചിലർ പറയുന്നു?

ആറു മാസം വരെ കുഞ്ഞിനു മുലപ്പാൽ മാത്രം നൽകുന്നതാണ് (എക്സ്ക്ലൂസീവ് ബ്രെസ്റ്റ് ഫീഡിങ്) ഉത്തമം. ഈ കാലയളവിൽ മുലപ്പാലല്ലാതെ മറ്റൊന്നും നവജാതശിശുവിന് നൽകേണ്ടതില്ല. ആറു മാസം കഴിയുമ്പോൾ കട്ടിയാഹാരം നൽകിത്തുടങ്ങാം. അപ്പോഴും കുഞ്ഞിന് ആവശ്യമുള്ളപ്പോൾ മുലപ്പാൽ നൽകണം. രണ്ടു വയസ്സ് വരെ ഈ രീതിയിൽ മറ്റു ഭക്ഷണങ്ങൾ നൽകുന്നത് കൂടാതെ മുലപ്പാലും നൽകാം.

അമ്മയ്ക്കു പനിയുളള സമയത്തു  മുലപ്പാലൂട്ടാമോ ?

ഓേരാ കുഞ്ഞിന്റെയും ആവശ്യമനുസരിച്ചാണ് ഓ രോ അമ്മയുടെയും മുലപ്പാലിലെ പോഷകങ്ങൾ. പനിയുള്ള അമ്മയുടെ മുലപ്പാലിലൂടെ  പ്രതിരോധശക്തിയേകുന്ന ആന്റിബോഡി കുഞ്ഞിനു കിട്ടും. ഇതിലൂടെ കുഞ്ഞിന് അസുഖം പിടിപെടുന്നതു പ്രതിരോധിക്കാനാകും. ഹാൻഡ്‌വാഷോ സോപ്പോ ഇട്ടു ൈകകൾ വൃത്തിയായി കഴുകിയതിനു ശേഷം മുലയൂട്ടാൻ ശ്രദ്ധിക്കണം.

നവജാതശിശുക്കൾക്കു മുലപ്പാൽ നിർബന്ധമായും നൽകണമെന്നു പറയുന്നതെന്തുകൊണ്ട് ?

ആദ്യ ആറു മാസം കുഞ്ഞിനു വേണ്ട പോഷകങ്ങളെല്ലാം മുലപ്പാലിൽ നിന്നു ലഭിക്കും. ഓേരാ കുഞ്ഞിനും ആവശ്യമായ പോഷകങ്ങളാണു മുലപ്പാലിൽ ഉ ണ്ടാകുക. കുട്ടിയുടെ ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും വേണ്ട എല്ലാ ഘടകങ്ങളും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. അമ്മയുടെ ശരീരത്തിൽ ഉള്ള പ്രതിരോധഘടകങ്ങൾ മുലപ്പാലിൽ ഉള്ളതിനാൽ കുഞ്ഞിനെ അസുഖങ്ങളിൽ നിന്നു സംരക്ഷിക്കുകയും െചയ്യുന്നു. പലതരം അണുബാധകൾ, അലർജി, വൈറൽ പനി ഇവയെ പ്രതിരോധിക്കും. മലബന്ധം, വയറിളക്കം, വയറിനുണ്ടാകുന്ന അസ്വസ്ഥത ഇവ തടയും. ആരോഗ്യകരമായ ഭാരം ലഭിക്കാനും സഹായിക്കും.

മുലപ്പാൽ നൽകുമ്പോൾ അമ്മയുെട ചർമത്തോടു കുഞ്ഞിനെ ചേർത്തു പിടിക്കുന്നത് കുഞ്ഞിന്റെ ശരീരോഷ്മാവ് നിലനിർത്താനും ഹൃദയമിടിപ്പ്, ശ്വാസത്തിന്റെ വേഗത എന്നിവ സാധാരണ ഗതിയിൽ നിലനിർത്താനും സഹായിക്കും.

മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞിന്റെ െഎക്യു നിലവാരം ഫോർമുല (നവജാതശിശുക്കൾക്കുള്ള പാൽപ്പൊടി) കുടിക്കുന്ന കുഞ്ഞുങ്ങളേക്കാൾ മികച്ചതാണെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്.

വൈറ്റമിൻ ഡി മാത്രമാണു മുലപ്പാലിൽ ഇല്ലാത്തത്. അ തുകൊണ്ട് നവജാതശിശുക്കൾക്കു േഡാക്ടറുടെ നിർദേശപ്രകാരം വൈറ്റമിൻ ഡി സിറപ്പ് നൽകണം. മുലയൂട്ടുന്നത് അമ്മമാർക്കും ഗുണകരമാണ്. ടൈപ് ടു പ്രമേഹം, സ്തനാർബുദം പോലെയുള്ള ചില തരം കാൻസർ തുടങ്ങിയവ പിടിപെടാനുള്ള സാധ്യത കുറയും. ഗർഭിണിയാകുന്നതിനു മുൻപുളള ശരീരഭാരത്തിലേക്കെത്താനും മുലയൂട്ടൽ സ്ത്രീകളെ സഹായിക്കും.

മാസം തികയാതെ പിറന്ന കുഞ്ഞുങ്ങൾക്കു മുലപ്പാൽ മാത്രം മതിയാകുമോ ?

മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകങ്ങളെല്ലാം മുലപ്പാലിൽ നിന്നു ലഭിക്കും. മുലയൂട്ടുമ്പോൾ തികട്ടി വരുന്ന പാൽ ശ്വാസകോശത്തിൽ പോകാതെ ശ്രദ്ധിക്കണം. മുലപ്പാൽ കൂടുതലാണെങ്കിൽ വിരലുകൾ കൊണ്ട് നിപ്പിളിൽ അമർത്തി അളവ് നിയന്ത്രിച്ച് കുറേശ്ശെയായി പാൽ നൽകുക. മുലയൂട്ടിക്കഴിഞ്ഞ് നന്നായി പുറത്തു തട്ടി ഗ്യാസ് കളയണം. തുടർന്ന് തലയും തോൾഭാഗവും ഉയർത്തി കിടത്തുക.

വേണ്ടത്ര പാൽ കിട്ടാത്തതുകൊണ്ടാണു കുഞ്ഞ് കരയുന്നത് എന്നു മുതിർന്ന കുടുംബാംഗങ്ങൾ പറയുന്നു

കുഞ്ഞു കരയുന്നതു പല കാരണങ്ങൾ കൊണ്ടാകാം. അതിൽ ഒരു ചെറിയ കാരണം മാത്രമാകാം വിശപ്പ്. കുഞ്ഞ് ദിനവും നാലു മുതൽ എട്ടു തവണ വരെ മലമൂത്ര വിസർജനം നടത്തുന്നുണ്ടെങ്കിൽ ആവശ്യത്തിനു പാൽ കുടിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. ആവശ്യത്തിനു ഭാരം കൂടുന്നുണ്ടെങ്കിലും മുലപ്പാൽ തികയുന്നുണ്ടെന്നാണ് അർഥം.

ജനിച്ച് 10 ദിവസത്തിനുള്ളിൽ നവജാതശിശുക്കളുടെ ശരീരഭാരം 10 ശതമാനം കുറയാറുണ്ട്. അടുത്ത 10 ദിവസത്തിനുള്ളിൽ ഈ ശരീരഭാരം പഴയപടിയാകും. പിന്നീട് 500 ഗ്രാമിനു 30 ഗ്രാമെന്ന കണക്കിൽ കുഞ്ഞിന്റെ ശരീരഭാരം ദിവസേന കൂടുകയാണു ചെയ്യുക. ഓേരാ മാസവും അര – ഒന്ന് ഇഞ്ച് ഉയരവും 600– 1000 ഗ്രാം ഭാരവും കൂടാം. ശരീരഭാരത്തിൽ വ്യത്യാസം കണ്ടാൽ പീഡിയാട്രീഷനോടു സംസാരിക്കുന്നതാണു നല്ലത്.

നവജാതശിശുവിനു സ്വർണം, തേൻ, വയമ്പ് ഇങ്ങനെയുള്ളവ നൽകാമോ ?

മുലപ്പാലല്ലാതെ ഒന്നും കുഞ്ഞിനു നൽകേണ്ടതില്ല. മാത്രമല്ല, തേനിലും മറ്റും അടങ്ങിയ ക്ലോസ്ട്രിഡിയം ബാക്ടീരിയ നവജാതശിശുവിനു ദോഷകരമാണ്.

ഫോർമുല മിൽക് നൽകുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമോ ?

ഡോക്ടറുടെ കുറിപ്പടി പ്രകാരം ആവശ്യമുള്ള സന്ദർഭങ്ങളിൽ ഫോർമുല മിൽക് നൽകാം. അമിതമായി നൽകിയാൽ മലബന്ധത്തിന് ഇടയാക്കാം. മുലപ്പാൽ നൽകാനുള്ള സാഹചര്യമുള്ളപ്പോൾ ഫോർമുല മിൽക് ഒഴിവാക്കുക.

ഉറങ്ങാനും ശാന്തമാകാനും വേണ്ടി കുഞ്ഞ് പാൽ കുടിക്കുന്നു. ഇതിൽ ശ്രദ്ധിക്കേണ്ടതുണ്ടോ ?

ഭൂരിഭാഗം കുഞ്ഞുങ്ങളും ഉറങ്ങാൻ വേണ്ടി പാൽ കുടിക്കുകയും ആദ്യത്തെ ഒരു വർഷം ഒന്നു മുതൽ മൂന്നു തവണ വരെ ഉണരുകയും പാൽ കുടിക്കുകയും െചയ്യാം. ഇതു സ്വാഭാവികമാണ്. എല്ലാ കുഞ്ഞുങ്ങളും ഇങ്ങനെ ചെയ്യണമെന്നില്ലെന്നു മാത്രം.

പാൽ തികട്ടി വരുന്നത് ഒഴിവാക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം ?

ഓേരാ തവണയും പാലൂട്ടിയതിനു ശേഷം അമ്മയുടെ േതാളിൽ കിടത്തി കുഞ്ഞിന്റെ പുറത്തു തട്ടി ഗ്യാസ് കളയണം. കുപ്പിപ്പാൽ കുടിക്കുമ്പോഴും ഇതേ രീതിയിൽ ഗ്യാസ് തട്ടിക്കളയണം. ഇതിനു ശേഷം മാത്രമേ കുഞ്ഞിനെ കിടത്താവൂ. അല്ലെങ്കിൽ പാൽ തികട്ടി വരാം.

പ്രസവാവധിക്കു ശേഷം േജാലിക്കു പോകുന്ന അ മ്മമാർ കുഞ്ഞുങ്ങൾക്കു മുലയൂട്ടാൻ എന്താണു ചെയ്യേണ്ടത് ?

ജോലിക്കു പോകും മുൻപ് ബ്രെസ്റ്റ് പംപ് ഉപയോഗിച്ചു പാൽ പിഴിഞ്ഞെടുക്കാം. ഈ പാൽ റഫ്രിജറേറ്ററിൽ വച്ചാൽ 24 മണിക്കൂർ കേടു കൂടാതെ സൂക്ഷിക്കാനാകും. ഇങ്ങനെ സൂക്ഷിക്കുന്ന മുലപ്പാൽ പുറത്തെടുത്തു സാധാരണ താപനിലയിലായതിനു ശേഷമേ കുഞ്ഞിനു നൽകാവൂ. ഈ പാൽ ചൂടാക്കരുത്. സാധാരണ താപനിലയിലാകുമ്പോൾ കപ്പിലോ സ്പൂണിലോ പാൽ നൽകാം. ഫ്രീസറിൽ മൂന്നു മുതൽ ആറു മാസം വരെ കേടു കൂടാതെ ഇരിക്കും.

മുലയൂട്ടുന്ന സമയത്ത് അമ്മമാരുടെ ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പതിവായി സമീകൃത ഭക്ഷണം കഴിക്കണം. മെർക്കുറിയുടെ അളവ് കൂടുതലടങ്ങിയ സ്രാവ്, ചൂര തുടങ്ങിയ മത്സ്യങ്ങൾ, കൃത്രിമനിറങ്ങളടങ്ങിയ ഭക്ഷണം ഇവ ഒഴിവാക്കുക. പ്രസവരക്ഷയുടെ ഭാഗമായി അമ്മമാർ കഴിക്കുന്ന ചില മരുന്നുകൾ മൂലം കുഞ്ഞിന് അസ്വസ്ഥതയനുഭവപ്പെടുകയും കരയുകയും ചെയ്യുന്നതായി കാണാറുണ്ട്. ഇങ്ങനെ കണ്ടാൽ അത്തരം മരുന്നുകൾ ഒഴിവാക്കുകയും പീഡിയാട്രീഷന്റെ ഉപദേശം തേടുകയും വേണം.

breast-feeding

ആറുമാസം കഴിയുമ്പോൾ കുഞ്ഞിന് എന്തെല്ലാം ഭക്ഷണം നൽകാം ?

ആദ്യഘട്ടത്തിൽ റാഗി പൊടിച്ചതു ശർക്കര ചേർത്തു കുറുക്കുരൂപത്തിൽ നൽകാം. അതു ദഹിക്കുന്നുണ്ടെങ്കിൽ രണ്ടാഴ്ച കഴിഞ്ഞ് പുതിയ ഭക്ഷണമായി ഏത്തക്കായ പൊടിച്ചത് തുടങ്ങിയവ നൽകാം. പച്ചക്കറികൾ വേവിച്ചുടച്ചതും നൽകാം. എളുപ്പം ദഹിക്കുന്ന ഭക്ഷണമാണു നൽകേണ്ടത്. ഒരു വയസ്സിനു ശേഷമേ പശുവിൻ പാൽ, മറ്റു മൃഗങ്ങളുടെ പാൽ ഇവ നൽകാവൂ.

മുലയൂട്ടൽ നിർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുലയൂട്ടൽ നിർത്തുന്നതു കുഞ്ഞിനും ചിലപ്പോൾ അമ്മമാർക്കും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കാം. ഘട്ടംഘട്ടമായി മുലയൂട്ടൽ നിർത്തുന്നതാണ് ഉത്തമം. കയ്പുള്ള വസ്തുക്കളും മറ്റും പുരട്ടി മുലയൂട്ടൽ നിർത്തുന്നത് ഒഴിവാക്കാം. ഇങ്ങനെ ചെയ്യുന്നത് കുഞ്ഞിന്റെ മനസ്സിൽ ആശങ്കയും പേടിയും നിറയുന്നതിനു കാരണമാകാം. പകരം മുലയൂട്ടാത്ത സമയത്തു സ്തനങ്ങൾ കാബേജ് ഇതൾ, മുല്ലപ്പൂവ് ഇവയിലേതെങ്കിലും കൊണ്ട് പൊതിഞ്ഞു െകട്ടി വയ്ക്കാം. തുടർച്ചയായി ചെയ്താൽ ഇവയിലെ ചില ഘടകങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ മുലപ്പാൽ വറ്റാൻ സഹായിക്കും.

അമ്മയ്ക്കു പാൽ കുറവാണെങ്കിൽ

0–15 ശതമാനം അമ്മമാരിൽ മാത്രമേ മതിയായ അളവിൽ മുലപ്പാൽ ഇല്ലാതാകുന്ന അവസ്ഥ കാണാറുള്ളൂ. പല കാരണങ്ങൾ കൊണ്ടാകാം ഇത്. ശരിയായ രീതിയിലല്ല മുലയൂട്ടുന്നതെങ്കിൽ മുലപ്പാൽ കുറയാനിടയുണ്ട്. കൃത്യമായ ഇടവേളകളിൽ മുലയൂട്ടാതിരിക്കുന്നതും പാൽ കുറയാനിടയാക്കും. ഓേരാ തവണ പാലൂട്ടുമ്പോഴും കുഞ്ഞിനു ശരിയായ രീതിയിൽ പാൽ കിട്ടുന്നതുണ്ടെന്ന് ഉറപ്പാക്കണം. ദിവസം എട്ടു തവണയെങ്കിലും പാലൂട്ടുക. ഓേരാ വശത്തു നിന്ന് 15 മിനിറ്റെങ്കിലും രണ്ടു തവണയായി പാലൂട്ടാം.

പാലൂട്ടുന്നതിനു മുൻപു സ്തനങ്ങളിൽ മൃദുവായി മസാജ് ചെയ്യുക. സമ്മർദം, പ്രസവാനന്തര വിഷാദം ഇവയുണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടാൻ മടിക്കരുത്. സമ്മർദം കുറയ്ക്കുന്നതിനു റിലാക്സേഷൻ ടെക്നിക് ശീലിക്കുക. പാലൂട്ടിയതിനു ശേഷം 20 മിനിറ്റെങ്കിലും ഇരുവരുടെയും ചർമം സ്പർശിക്കുന്ന വിധം കുഞ്ഞിനെ ചേർത്തുപിടിക്കുക. ദിവസവും സമീകൃതമായ ഭക്ഷണം കഴിക്കണം.

ഉറക്കമില്ലാതെ അസ്വസ്ഥതയോടെ പെരുമാറുക, ഒരുപാടു നേരം കരയുക, കുഞ്ഞിന്റെ ഭാരം കുറ യുക ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ആവശ്യത്തിനു പാൽ കിട്ടുന്നില്ലെന്നു സംശയിക്കാം. ചില കുഞ്ഞുങ്ങളിൽ നാവിൽ കെട്ട് ഉണ്ടെങ്കിൽ പാൽ കുടിക്കാൻ ബുദ്ധിമുട്ട് നേരിടും. സ്തനങ്ങളിൽ അണുബാധയുണ്ടായാൽ പാൽ കുറയാം. അണുബാധ അകറ്റാൻ ചികിത്സ തേടണം. ഇത്രയും കാര്യങ്ങൾ ചെയ്തു നോക്കിയ ശേഷമേ പാൽ വർധിക്കാൻ മറ്റു വഴികൾ തേടാവൂ.

covid-and-feeding

ഇരട്ടക്കുട്ടികളെ മുലയൂട്ടുമ്പോൾ

ഇരട്ടക്കുട്ടികളെ ഇരുഭാഗത്തുമായി ഒരേസമയം മുലയൂട്ടുന്നതാണ് ഉത്തമം. ഈ രീതിയിൽ കുഞ്ഞുങ്ങൾക്ക് ഒരേ പോലെ പാൽ ലഭിക്കുമെന്ന ഗുണമുണ്ട്. അത് എളുപ്പമല്ലെങ്കിൽ മാത്രം ഒരു കുഞ്ഞിനെ മുലയൂട്ടിയതിനു ശേഷം അടുത്ത ആളെ മുലയൂട്ടുക എന്ന രീതി പിന്തുടരുക.

വിവരങ്ങൾക്ക് കടപ്പാട്:. എൻ. സുബ്രഹ്മണ്യ അയ്യർ

കൺസൽറ്റന്റ്, ആർസിഎച്ച്, യുനിസെഫ്, ചെന്നൈ

ഡോ. രഞ്ജിത് പി.

ശിശുരോഗവിദഗ്ധൻ,

സാമൂഹികാരോഗ്യകേന്ദ്രം, പനമരം, വയനാട്

ഡോ. സൗമ്യ എൻ. എസ്

സർട്ടിഫൈഡ് ലാക്ടേഷൻ

കൺസൽറ്റന്റ്, സീനിയർ കൺസൽറ്റന്റ്,

ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി,

നൈൽ ഹോസ്പിറ്റൽ, തൃശൂർ