Friday 15 December 2023 03:52 PM IST : By സ്വന്തം ലേഖകൻ

‘പൊണ്ണത്തടിയുള്ളവര്‍ക്ക് ഫാറ്റി ലിവര്‍? ഇത് കരളിന്റെ മാത്രം കാര്യമാണ്!’; ഫാറ്റി ലിവര്‍ രോഗം, തെറ്റിദ്ധാരണകള്‍ അകറ്റാം

fatty-liver66899

അമിതമായ തോതില്‍ കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമായ കരള്‍ രക്തത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നതടക്കം പല പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. ഇതിനാല്‍തന്നെ കരളിന്‍റെ ആരോഗ്യസംരക്ഷണം സുപ്രധനമായ കാര്യമാണ്. 

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ അഥവാ ആല്‍ക്കഹോളിക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് എന്നിങ്ങനെ രണ്ട് തരത്തില്‍ ഫാറ്റി ലിവറുണ്ട്. പേര് സൂചിപ്പിക്കുന്നതു പോലെതന്നെ പൊതുവേ മദ്യപാനികളില്‍ കണ്ടു വരുന്നതാണ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. മദ്യപിക്കാത്തവരില്‍ കാണപ്പെടുന്ന ഫാറ്റി ലിവര്‍ രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. ഈ രോഗവുമായി ബന്ധപ്പെട്ട് പലര്‍ക്കും പൊതുവേ ഉള്ള ചില തെറ്റിദ്ധാരണകള്‍ ഇനി പറയുന്നവയാണ്. 

1. ഫാറ്റി ലിവര്‍ അപൂര്‍വമായി വരുന്ന രോഗമാണ്

മദ്യപാനികള്‍ക്ക് മാത്രം വരുന്ന അത്ര അപൂര്‍വമായ രോഗമല്ല ഫാറ്റി ലിവര്‍. യഥാര്‍ഥത്തില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പിടിപെടുന്ന സ്ത്രീകളും യുവാക്കളും അടക്കമുള്ളവരുടെ സംഖ്യ വര്‍ധിച്ചു വരുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഗ്രാമീണരെ അപേക്ഷിച്ച് നഗരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കാണ് ഈ രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. കരള്‍ മാറ്റി വയ്ക്കലിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഫാറ്റി ലിവറിനുള്ളത്. കുട്ടികളിലും ഫാറ്റി ലിവര്‍ വര്‍ധിക്കുന്നതായുള്ള കണക്കുകള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്.

2. പൊണ്ണത്തടിയുള്ളവര്‍ക്ക് ഫാറ്റി ലിവര്‍ വരാം

ഇതും ഒരു തെറ്റിദ്ധാരണയാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ബാധിതരില്‍ 34 ശതമാനം പേര്‍ക്ക് മാത്രമേ പൊണ്ണത്തടിയുള്ളതായി കണ്ടെത്തിയിട്ടുള്ളൂ. ശേഷിക്കുന്നവര്‍ സാധാരണ ഭാരമുള്ളവരാണ്. 

3. ഫാറ്റി ലിവര്‍ കരളിന്റെ മാത്രം കാര്യമാണ്

രോഗം കരളിനെ ബാധിക്കുന്നതാണെങ്കിലും ഫാറ്റി ലിവര്‍ പ്രമേഹം, അമിത രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൃദ്രോഗം, വൃക്കരോഗം എന്നിങ്ങനെ പലതുമായും ബന്ധപ്പെട്ടിരിക്കുന്നു. കുടലിലെ പ്രശ്നങ്ങള്‍, ഓസ്റ്റിയോപോറോസിസ്, സോറിയാസിസ്, സ്ലീപ് അപ്നിയ, പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം പോലുള്ള ഹോര്‍മോണല്‍ പ്രശ്നങ്ങള്‍ എന്നിവയുമായും ഫാറ്റി ലിവറിന് ബന്ധമുണ്ട്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ബാധിച്ച രോഗികളില്‍ 93 ശതമാനത്തിനും മറ്റെന്തെങ്കിലും ചയാപചയ പ്രശ്നം കൂടിയുണ്ടായിരിക്കും.    

4. വയര്‍വേദനയും കണ്ണിലെ മഞ്ഞ നിറവും മാത്രമാണ് ലക്ഷണങ്ങള്‍

ക്രമേണയാണ് ഫാറ്റി ലിവര്‍ രോഗം പുരോഗമിക്കുന്നത്. പല രോഗികള്‍ക്കും ആദ്യം കാര്യമായ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് വരില്ല. ചിലര്‍ക്ക് തലകറക്കം, മനംമറിച്ചില്‍, വയറിന്റെ വലതു ഭാഗത്തു വേദന എന്നിവ അനുഭവപ്പെടാം. എല്ലാ ഫാറ്റി ലിവര്‍ കേസുകളും ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് കൊണ്ട് മാത്രം കണ്ടെത്താനായെന്ന് വരില്ല. ചിലപ്പോള്‍ അള്‍ട്രാസൗണ്ട് പരിശോധന, ലിവര്‍ ബയോപ്സി, ഹെപാറ്റിക് ഇലാസ്റ്റോഗ്രാഫി പോലുള്ള പരിശോധനകള്‍ വേണ്ടി വന്നേക്കാം. 

5. ഭാരം കുറയ്ക്കുന്നതാണ് മികച്ച ചികിത്സ

ശരീരഭാരത്തിന്റെ ഏഴ് മുതല്‍ 10 ശതമാനം വരെ കുറയ്ക്കുന്നത് വഴി കരളിലെ കൊഴുപ്പ് ക്രമേണ കുറഞ്ഞ് വരുമെന്നത് ശരിയാണ്. പക്ഷേ, ഭാരം കുറയ്ക്കുന്നത് മാത്രമല്ല ഫാറ്റി ലിവറിനുള്ള ചികിത്സ. ശസ്ത്രക്രിയ, മരുന്നുകള്‍, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവ ഫാറ്റിലിവര്‍ രോഗത്തിന് നിര്‍ദ്ദേശിക്കപ്പെടുന്നു. അനാരോഗ്യകരമായ ആഹാരവിഭവങ്ങള്‍ ഒഴിവാക്കുന്നതും നിത്യവും വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും ചികിത്സയുടെ ഭാഗമാണ്. 

6. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറുകാര്‍ക്ക് മദ്യപാനമാകാം

മദ്യപാനം മൂലമുണ്ടാകുന്നത് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമായിരിക്കാം. എന്നാല്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗികളോടും മദ്യപാനം പൂര്‍ണമായോ ഏറെക്കുറെയോ ഒഴിവാക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഏത് തരം ഫാറ്റി ലിവര്‍ ആണെങ്കിലും മറ്റ് കരള്‍ രോഗങ്ങളാണെങ്കിലും മദ്യപാനം ആശാസ്യമല്ല. 

മദ്യപാനത്തിനു പുറമേ പുകവലിയും ഉപേക്ഷിക്കാന്‍ രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്. പച്ചക്കറികള്‍, സാല്‍മണ്‍, വാള്‍നട്ട്, ഒലീവ് ഓയില്‍, ഗ്രീന്‍ ടീ, ഓട്സ്, ടോഫു എന്നിവയെല്ലാം അടങ്ങിയ സന്തുലിതമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം എന്നിവയും ഫാറ്റിലിവര്‍ അകറ്റി നിര്‍ത്താന്‍ നിര്‍ദ്ദേശിക്കപ്പെടുന്നു.

Tags:
  • Health Tips
  • Glam Up