Saturday 30 December 2023 02:56 PM IST

ശരിക്കും വിശക്കുന്നുണ്ടോ? അനാരോഗ്യകരമായ ‘സ്ട്രെസ് ഈറ്റിങ്’ തിരിച്ചറിയാനും നേരിടാനുമുള്ള മാർഗങ്ങൾ അറിയാം

Rakhy Raz

Sub Editor

stress-eating

അമിതവണ്ണത്തിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്ന ‘സ്ട്രെസ് ഈറ്റിങ് ’ തിരിച്ചറിയാനും നേരിടാനുമുള്ള മാർഗങ്ങൾ അറിയാം...

വീട്ടിൽ നിന്നു പ്രഭാതഭക്ഷണവും കഴിച്ചു ഓഫിസിലെത്തിയതേയുള്ളൂ. രാവിലെത്തെ മീറ്റിങ് കഴിഞ്ഞതോടെ ഉള്ള സമാധാനം പോയി. ജോലിയിൽ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല. ഒരു മൂഡ് ചേഞ്ച് വേണം. എന്താണു വഴിയെന്നു ആലോചിച്ചു തുടങ്ങിയപ്പോഴേ വിശപ്പിന്റെ വിളി വന്നു. നേരെ ഓഫിസിനു പുറത്തെ കഫേയിലേക്ക്.

ഓഫിസ് അന്തരീക്ഷത്തിൽ നിന്നു മാറി നിന്നിട്ടു തിരിച്ചു കയറുമ്പോൾ ഫ്രഷ് ആകുമെന്നൊരു തോന്നൽ. മനസ്സു വലിഞ്ഞു മുറുകുമ്പോൾ കഴിക്കാൻ നല്ലതു ബർഗറാണെന്ന് ഇതുവരെ ഒരു സിനിമയിൽ പോലും പറഞ്ഞു കേട്ടിട്ടില്ല. പക്ഷേ, സ്വയം അണിഞ്ഞൊരുങ്ങിയ പരിഹാരമായി ബർഗർ ഇതാ, മുന്നിൽ. ഒപ്പമൊരു ഫിൽറ്റർ കോഫി.   

പിരിമുറുക്കം അയയ്ക്കാനുള്ള ലഹരിയായി ഭക്ഷണം മാറിയെന്നു വേണമെങ്കിൽ പറയാം. അതേ മെനു തന്നെ വൺസ് മോർ പറഞ്ഞു. തിരികെ സീറ്റിലെത്തുമ്പോൾ ചെറിയ മയക്കം തോന്നി. അതിനിടയിൽ ആലോചിച്ചു. ശരിക്കും വിശന്നിട്ടാണോ ഇപ്പോൾ കഴിക്കാൻ പോയത്?

ശരീരഭാരം കാലുകൾക്കു താങ്ങാനാകാത്ത വിധം വർധിക്കുന്നു. ഇനി കൃത്യസമയത്തു മാത്രമേ ഭക്ഷണം കഴിക്കൂ എന്നു ദൃഢപ്രതിജ്ഞ എടുത്തത് ഇന്നലെയാണ്. ആ ഞാൻ തന്നെയാണല്ലോ ഇന്നിതു ചെയ്തത്. ‘ഛെ’ എന്ന ആത്മനിന്ദാ സ്വരം അൽപം ഉറക്കെയായി പോയി. ‘ എന്താ പ്രശ്നം’ എന്നു ചോദിച്ച സഹപ്രവർത്തകയോടു കാര്യം പറഞ്ഞു. ‘യഥാർഥ പ്രശ്നത്തിനു പരിഹാരം കാണുകയല്ലേ വേണ്ടത്. പക്ഷേ, അതു നടക്കുന്നില്ല. അമിതഭാരം, ജീവിതശൈലി രോഗങ്ങൾ അങ്ങനെ പുതിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. പിന്നെ, ഇത് നിങ്ങളൊരാൾ മാത്രം അനുഭവിക്കുന്ന പ്രശ്നമാണെന്നു കരുതേണ്ട. നമ്മുടെ സമൂഹത്തിൽ പൊണ്ണത്തടി ആരോഗ്യപ്രശ്നമായി മാറിയതിനു പിന്നിലെ പ്രധാന കാരണമാണ് ‘സ്ട്രെസ് ഈറ്റിങ് അഥവാ ഇമോഷനൽ ഈറ്റീങ് ഹാബിറ്റ്’. അതാണു പ്രശ്നമെന്നു മനസ്സിലാക്കി സ്വയം നിയന്ത്രിക്കാൻ നോക്കൂ.

സാധിച്ചെങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാനും മടി കാണിക്കരുത്.’’ സുഹൃത്ത് പറഞ്ഞതു പുഞ്ചിരിയോടെ കേട്ടു. അടുത്ത ദിവസം തന്നെ അവധിയെടുത്തു. പ്രശ്നം എങ്ങനെ ശാസ്ത്രീയമായി പരിഹരിക്കാമെന്നു മനസ്സിലാക്കണമല്ലോ. നേരെ സൈക്കോളജിസ്റ്റിനെ പോയി കണ്ടു. ചോദ്യങ്ങൾക്ക് അദ്ദേഹം പറഞ്ഞു തന്ന മറുപടികളാണു നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഇതൊരു രോഗമാണോ ?

വൈകാരിക ആഹരണം അഥവാ സ്ട്രെസ് ഈറ്റിങ് രോഗമല്ല. സമ്മർദത്തിനടിപ്പെട്ട് ആഹാരം കഴിക്കുന്ന അവസ്ഥയ്ക്കു ജീവിതത്തിൽ ഒരിക്കലെങ്കിലും മിക്കവരും അടിപ്പെട്ടിട്ടുണ്ടാകും. ഇതു ശീലമായാൽ ശ്രദ്ധിക്കണം.

എപ്പോൾ ടെൻഷൻ വന്നാലും ഭക്ഷണം കഴിച്ചാൽ റിലാക്സേഷൻ തോന്നുന്ന അവസ്ഥ ഉണ്ടെങ്കിൽ പരിഹാരം തേടണം. പ്രത്യേകിച്ചു ഭക്ഷണം കഴിച്ച് അരമണിക്കൂറിനുള്ളിൽ വീണ്ടും കഴിക്കാനുള്ള പ്രേരണ ഉണ്ടാകുന്നുവെങ്കിൽ അത് വിശപ്പല്ല, ചികിത്സ തേടേണ്ട പ്രശ്നമാണെന്നു മനസ്സിലാക്കണം.  ഇമോഷനൽ ഈറ്റിങ് ശീലം അമിതവണ്ണത്തിലേക്കും  മറ്റു ശാരീരിക–മാനസിക പ്രശ്നങ്ങളിലേക്കും വഴിവയ്ക്കാം എന്നതിനാൽ ആവശ്യമെങ്കിൽ ചികിത്സ സ്വീകരിക്കണം. ഇമോഷനൽ ഈറ്റിങ് സ്വന്തമായി ശ്രമിച്ചിട്ടും മാറ്റാനാകുന്നില്ലെങ്കിൽ മനഃശാസ്ത്ര വിദഗ്ധരെ കാണാം. അതിലേക്കു നയിക്കുന്ന കാരണം കണ്ടെത്തി പരിഹരിക്കാം. ജോലിയിലുള്ള  സമ്മർദം, സാമ്പത്തിക പ്രശ്നങ്ങൾ, ബന്ധങ്ങളിലെ സംഘർഷങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ സ്ട്രെസ് ഈറ്റിങ്ങിനു കാരണമാകാം.

അമിതവണ്ണം കുറയ്ക്കാനോ ആരോഗ്യകാരണങ്ങളാലോ ഭക്ഷണനിയന്ത്രണം ചെയ്യുന്നവർ, അതു പലവട്ടം ചെയ്തവർ എന്നീ വിഭാഗക്കാർക്ക് ഈ സ്വഭാവം വന്നുചേരാൻ എളുപ്പമാണ്.

കാരണങ്ങൾ പലതും മാനസികമാണ്. സമാധാനം, സ്നേഹം, പരിഗണന തുടങ്ങിയ തണലുകൾ നഷ്ടപ്പെടുന്നത് സ്ട്രെസ് ഈറ്റിങ്ങിലേക്ക് ഒരാളെ നയിക്കാം. സ്വയം സ്നേഹിക്കലാണ് സ്ട്രെസ് ഈറ്റിങ്ങിൽ നിന്നും പുറത്തു കടക്കാനുള്ള ആദ്യപടി.  

സ്വയം സ്നേഹിക്കുന്നത് എങ്ങനെ?

സ്വയം സ്നേഹിക്കാനുള്ള കഴിവു നമ്മുടെ മനസ്സിനുണ്ട്. പലപ്പോഴും അതു തിരിച്ചറിയുന്നില്ല എന്നേയുള്ളൂ. തലച്ചോറിലെ ‘റിവാർഡ് സെന്റർ’ അഥവാ സന്തോഷത്തിന്റെ കേന്ദ്രത്തെ ഉദ്ദീപിപ്പിക്കാൻ നൃത്തം, വ്യായാമം, ലൈംഗികബന്ധം എന്നിവയ്ക്കു കഴിയും.  

കാലറി കൂടിയ ആഹാരം, ചൂതാട്ടം, ഷോപ്പിങ്, ലഹരി വസ്തുക്കൾ ഇവയും തലച്ചോറിൽ ഉദ്ദീപനമുണ്ടാക്കും. പക്ഷേ, സന്തോഷത്തിന്റെ മൂല്യത്തേക്കാൾ പതിന്മടങ്ങ് സൈഡ് ഇഫക്ട് ഉണ്ടാക്കുന്നവയാണു തെറ്റായ ഉദ്ദീപന മാർഗങ്ങൾ. തലച്ചോറിലെ ‘റിവാർഡ് സെന്റർ’ ഉദ്ദീപിപ്പിക്കപ്പെടുമ്പോൾ മസ്തിഷ്കത്തിൽ ഹാപ്പി ഹോർമോൺ എ ന്നു വിളിപ്പേരുള്ള ഡോപമിൻ ഉത്പാദിപ്പിക്കപ്പെടും. മനസ്സിന്റെ സന്തോഷം, വൈകാരിക മനോഭാവം എന്നിവ നിർണയിക്കുന്നതിൽ ഡോപമിൻ വലിയ പങ്കുവഹിക്കുന്നു. ഉത്കണ്ഠ, വിഷാദം, മടുപ്പ്, ക്ഷീണം, പിരിമുറുക്കം, ഏകാന്തത എന്നിവ ഡോപമിന്റെ അളവു കുറയ്ക്കും.  

സദാ സന്തോഷമായിരിക്കാനാണു മനസ്സ് ആഗ്രഹിക്കുന്നത്. അതിനു തീരെ സാധിക്കാത്ത സാഹചര്യത്തിൽ സന്തോഷത്തെ ‘പിടിച്ചുകൊണ്ടുവരാൻ’ തലച്ചോർ പല വഴികൾ നോക്കിത്തുടങ്ങും. മനസ്സിനു സന്തോഷം പകരുന്നതി ൽ നേടാൻ ഏറ്റവും എളുപ്പം ഭക്ഷണം ആണ്. അപ്പോൾ വിശപ്പ് എന്ന സന്ദേശം തലച്ചോർ പുറപ്പെടുവിക്കും. പിന്നെ, അതിനുവേണ്ടിയുള്ള കളമൊരുക്കലാണ്.

പിരിമുറുക്കം ഉണ്ടാകുമ്പോൾ കോർട്ടിസോൾ ഹോർമോൺ ഉൽപാദനം കൂടും. അതു വിശക്കുന്നു എന്ന തോന്നലായി മാറും. ആ പ്രശ്നം ഭക്ഷണത്തിലൂടെ പരിഹരിക്കപ്പെടുമ്പോൾ ഡോപമിൻ അളവു കൂടും.

അങ്ങനെ സന്തോഷം നിർമിക്കപ്പെടും. ആ കുമിളയ്ക്കുള്ളിൽ ഇരിക്കുമ്പോൾ വളരെ റിലാക്സ്ഡ് ആയി തോന്നാം. പക്ഷേ, അതിന്റെ ബാക്കി ശിക്ഷ അനുഭവിക്കുന്നതു ശരീരമാണ്. കോർട്ടിസോളിന്റെ കള്ളക്കളിയിൽ പെട്ടു  ഭക്ഷണത്തിൽ ആശ്വാസം കണ്ടെത്തുന്നവർക്കു മെല്ലെ ഇ തു ശീലമാകും. മാനസികസമ്മർദം വന്നാൽ അമിതമായി ഭക്ഷണം കഴിക്കുക എന്ന ശീലത്തിന് അവർ അടിമപ്പെടും.   

എങ്ങനെ തുടങ്ങും നിയന്ത്രണം ?

പറയുന്നതുപോലെ എളുപ്പമല്ല വൈകാരിക ആഹരണ ത്വര നിയന്ത്രിക്കുക എന്നത്. ശാരീരികമായുണ്ടാകുന്ന വിശപ്പും മാനസികമായി തോന്നുന്ന വിശപ്പും തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. അതു സാധ്യമായാൽ ആ ഹാരം ശ്രദ്ധയോടെ കഴിക്കുകയാണ് അടുത്തപടി.

ഭക്ഷണം കഴിക്കുന്ന സമയം ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ എത്ര സമയം മുൻപാണു നമ്മൾ കഴിച്ചത് എന്ന് ഓർക്കുക. ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിയും മുൻപു വീണ്ടും കഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ അതു തീർച്ചയായും ശാരീരിക വിശപ്പ് അല്ല എന്നുറപ്പിക്കാം. വയർ ഇരയ്ക്കുക, വിശപ്പിനൊപ്പം മന്ദത അനുഭവപ്പെടുക,  വിശപ്പിനൊപ്പം ക്ഷീണം തോന്നുക, വിശപ്പു കൊണ്ടു കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാതെ വരിക എന്നിവ അനുഭവപ്പെട്ടാൽ ശാരീരിക വിശപ്പാണ് എന്നുറപ്പിക്കാം. വിശക്കുന്നു എന്ന തോന്നൽ മാത്രമാണെങ്കിൽ സ്ട്രെസ് ആ ണെന്ന് അനുമാനിക്കാം.

ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിൽ പതിഞ്ഞു. സ്വന്തം ശരീരത്തിനു ‘സ്വയം പാര’യാകുന്ന സ്ട്രസ് ഈറ്റിങ് നിയന്ത്രിക്കാനുള്ള തന്ത്രങ്ങളാണ് ഇനി അറിയേണ്ടത്. കാരണം ഈ യുദ്ധത്തിൽ എതിരാളികളില്ല. പോരാട്ടം അവനവനോടു തന്നെയാണ്.

തന്ത്രങ്ങൾ എന്തെല്ലാം?

സ്വന്തം സ്ട്രസ് ഈറ്റിങ്ങിന്റെ സ്വഭാവം മനസ്സിലാക്കിക്കഴിഞ്ഞാൽ പരിഹാര നടപടികൾ തുടങ്ങാം. തുടക്കത്തിൽ തന്നെ വലിയ ഫലം പ്രതീക്ഷിക്കരുത്. ക്ഷമയോടെ ലക്ഷ്യബോധത്തോടെ മുന്നോട്ടു നീങ്ങിയാൽ ഉറപ്പായും സ്ട്രെസ് ഈറ്റിങ് എന്ന ശീലത്തെ പടികടത്താം.

∙ കാലറി കുറഞ്ഞ ഭക്ഷണം– കാലറി കൂടിയ ഭക്ഷണമാണ് സ്ട്രസ് ഈറ്റിങ് സ്വഭാവമുള്ളവർ കൂടുതലായും  ഇഷ്ടപ്പെടുന്നത്. ആദ്യം ഭക്ഷണ ശീലത്തിൽ ചില ചിട്ടകൾ നിർബന്ധമായും നടപ്പാക്കുക. കാലറി കൂടിയ ഭക്ഷണം കഴിക്കില്ലെന്നു തീരുമാനിക്കുക. സമയം തെറ്റി വരുന്ന വിശപ്പിനെ നേരിടാൻ സാലഡും പഴങ്ങളും മതി. വെള്ളം കുടിക്കുക. ഉണക്കമുന്തിരി പോലുള്ളവ ചവച്ചരച്ചു കഴിക്കുക.   

സാധാരണ കഴിക്കുന്ന സമയങ്ങളിൽ മാംസ്യം അഥവാ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കുക. അതു ദീർഘനേരം വയർ നിറഞ്ഞ അനുഭവം നൽകും.

∙ ശ്രദ്ധ തിരിച്ചു വിടുക – ആഹാരം കഴിക്കണം എന്നു തോന്നുമ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു കാര്യം ചെയ്യുക. പാട്ടു കേൾക്കുകയോ വരയ്ക്കുകയോ ചെറിയ തോതിൽ വ്യായാമം ചെയ്യുകയോ ചെയ്യാം. മുറ്റത്തു പൂന്തോട്ടവും അടുക്കളത്തോട്ടവും തുടങ്ങാം. നൃത്തം, എയ്റോബിക്സ് പോലുള്ള കാര്യങ്ങൾ ചെയ്യുക, അരുമ മൃഗങ്ങളെ വളർത്തുക എന്നിവ ഏറെ സഹായകമാകും.

∙ ഫാറ്റി ഫൂഡ്സ് വീട്ടിൽ വേണ്ട–  വീട്ടിൽ വറുത്തതുംപൊരിച്ചതും മധുരമുള്ളതും അമിത കാലറിയുള്ളതുമായ ഭക്ഷണവിഭവങ്ങൾ വാങ്ങി സൂക്ഷിക്കരുത്. കണ്ടൻസ്ഡ് മിൽക്, ബേക്കറി പലഹാരങ്ങൾ, മധുരപാനീയങ്ങൾ ഇവ സ്ട്രെസ് ഈറ്റിങ് ശീലമുള്ളവരുടെ വില്ലന്മാരാണ്.

∙ സമ്മർദ സാഹചര്യങ്ങളെ ഒഴിവാക്കുക–  സമ്മർദം ആ രും ആഗ്രഹിക്കുന്നില്ല. പക്ഷേ, സാമൂഹിക ജീവിതത്തിൽ അത് ഒഴിവാക്കാനും കഴിയില്ല. ഏതു സാഹചര്യമാണ് നിങ്ങളെ പിരിമുറുക്കത്തിലേക്കു നയിക്കുന്നതെന്നു സ്വയം തിരിച്ചറിയുക. അതിനെ നേരിടാൻ പഠിക്കുകയോ ഒഴിവാക്കാൻ ശ്രമിക്കുകയോ ചെയ്യുക.  

നിർബന്ധമായും ചെയ്യേണ്ടവ ?

∙ പ്രവർത്തന നിരതരായിരിക്കുക–  ആക്ടീവായിരിക്കുക ആണ് ഇമോഷനൽ ഈറ്റിങ് അടക്കം മാനസിക പിരിമുറുക്കം മൂലമുള്ള പ്രശ്നങ്ങളെ നേരിടാനുള്ള പ്രധാന വഴി.  വിരസത സ്ട്രസ് ഈറ്റിങ്ങിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഒന്നും ചെയ്യാനില്ല എന്ന തോന്നലിൽ നിന്നാണു വിരസത ഉണ്ടാകുന്നത്. വീട്ടിലാണെങ്കി ൽ ജനാലയിലെ പൊടി തുടയ്ക്കുകയോ, അലമാര അടുക്കി വയ്ക്കുകയോ, പോലുള്ള ജോലികൾ ചെയ്യാം. ഓഫിസിലെങ്കിൽ നട കയറിയിറങ്ങാം. ചെറിയ സ്ട്രെച്ച് വ്യായാമങ്ങൾ ചെയ്യാം. സദാ ആക്ടീവായിരിക്കുക.

∙ മനോനിറവ് പരിശീലിക്കുക– നമ്മളിലേക്ക്, നമ്മൾ ആയിരിക്കുന്ന നിമിഷത്തിലേക്കു മാത്രം മനസ്സിനെ കേന്ദ്രീകരിച്ചു ധ്യാനിക്കുകയാണ് മൈൻഡ്ഫുൾനെസ്. നിത്യവും 20 മിനിറ്റെങ്കിലും യോഗയ്ക്കായി മാറ്റി വയ്ക്കുന്നതു ഗുണകരമാണ്.     

∙ ആവശ്യത്തിനു ഭക്ഷണം കഴിക്കുക–  മാനസിക പിരിമുറുക്കം മൂലം അമിതമായി ഭക്ഷണം കഴിക്കുന്നതു പോലെ തന്നെ അപകടകരമാണ് ഭക്ഷണം പാടെ ഒഴിവാക്കുന്നതും. ആവശ്യമായ അളവിൽ കൃത്യമായ ഭക്ഷണം കഴിക്കുക തന്നെ വേണം.

ചിട്ടയോടെയുള്ള ഭക്ഷണവും മതിയായ വ്യായാമവും ശരീരത്തിനു മാത്രമല്ല മനസ്സിനും നവോന്മേഷം പകരും. ആ സാഹചര്യത്തിൽ തലച്ചോർ തെറ്റായ സിഗ്‌നലുകളുടെ കുറുക്കുവഴി തേടില്ല. ഇപ്പോൾ വിടർന്ന പൂവ് പോലെ മനസ്സിൽ സദാ പ്രസന്നത നിറഞ്ഞു നിൽക്കും.

വേണം, ഇമോഷനൽ ഡയറി

‘ഇമോഷനൽ ഡയറി’ ഉണ്ടാക്കുക എന്നതു വളരെ ഫലപ്രദമായ മാർഗമാണ്. നമ്മുടെ വൈകാരിക സ്വഭാവത്തെ കൃത്യമായി മനസ്സിലാക്കാൻ ഇതു സഹായിക്കും.

വിശക്കുന്നു എന്നു തോന്നുന്ന സമയത്തിനു മുപുണ്ടായ സംഭവങ്ങൾ അപ്പോഴുണ്ടായ മാനസിക നില എന്നിവ ശ്രദ്ധിക്കുക. അവ കുറിച്ചു വയ്ക്കുക. ഒരേ അവസ്ഥ തുടരെ വരുന്നുണ്ടോ എന്നു മനസ്സിലാക്കുക. ഭക്ഷണം കഴിക്കാൻ തോന്നിയ സമയം കഴിച്ച ഭക്ഷണം എന്തായിരുന്നു എന്നും എഴുതാം.

ആ വിവരങ്ങളിൽ നിന്നു നേരിടുന്ന പ്രശ്നത്തിന്റെ പാറ്റേൺ മനസ്സിലാകും. ഏതൊക്കെ സാഹചര്യങ്ങളാണു മനസ്സിനെ സമ്മർദത്തിലാക്കുന്നതെന്നു തിരിച്ചറിയുക. അതു നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യണം.

ഡോ. ബവിജ് ബാലൻ

കൺസൽന്റ് സൈക്യാട്രിസ്റ്റ്

ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Health Tips
  • Glam Up