Tuesday 07 May 2024 11:43 AM IST : By സ്വന്തം ലേഖകൻ

പക്ഷികളുടെ രക്തം കുടിക്കും കൊതുകുകള്‍ പരത്തും വെസ്റ്റ് നൈൽ പനി; കേരളത്തില്‍ 10 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു, ശ്രദ്ധിക്കാം

west-nile-fever

കൊതുകുജന്യ രോഗങ്ങളിൽ കേരളത്തിന് ഏറെ പരിചയമില്ലാത്ത വെസ്റ്റ് നൈൽ പനി കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ കോഴിക്കോട് ജില്ലക്കാരാണ്. രണ്ടു പേർ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

രോഗലക്ഷണങ്ങൾ ഉള്ളവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വിആർഡിഎൽ) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈൽ ഫീവറാണെന്നു കണ്ടെത്തിയത്. പിന്നീട് സ്രവങ്ങൾ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നു വെസ്റ്റ്‌നൈൽ ഫീവറാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.

പക്ഷികളുടെ രക്തം കുടിക്കും കൊതുകുകള്‍

ഫ്ലാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന വെസ്റ്റ് നൈൽ വൈറസുകളാണ് ഈ അസുഖം വരുത്തുന്നത്. സാധാരണ ഈ വൈറസുകൾ പ്രകൃതിയിൽ നിലനിൽക്കുന്നത് പക്ഷികളിലും കൊതുകുകളിലുമാണ്. എന്നാൽ ഈ വൈറസുകൾ വിവിധ സസ്തനികളിൽ വെസ്റ്റ് നൈൽ പനിക്കു കാരണമാകുന്നു.

പക്ഷി വർഗങ്ങളുടെ രക്തം ഇഷ്ടപ്പെടുന്ന, രാത്രിയിൽ രക്തം തേടുന്ന തരം കൊതുകുകളാണ് ഈ അസുഖം പരത്തുക. ഇന്ത്യയിൽ ക്യൂലക്സ് വിഷ്ണുവൈ, ക്യൂലക്സ് പൈപിയൻസ് എന്നിവരാണ് പ്രാധാനപ്പെട്ട രോഗവാഹകർ. വൈറസ് വാഹകരായ പക്ഷികളെ ഈ കൊതുകുകൾ രക്തത്തിനായി കുത്തുമ്പോൾ, വൈറസ് കൊതുകുകളുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും, പിന്നീട്‌ മറ്റു സസ്തനികളിലേക്കു പകർത്താനും, മുട്ട വഴി അടുത്ത തലമുറയിലേക്ക് പ്രവേശിക്കാനും ഇടവരുന്നു. 

14 തരം കൊതുകുകളാണു പ്രധാനമായും അസുഖം പരത്തുക. ഈ അസുഖത്തിന്‌ പ്രതിരോധ മരുന്നോ, വെസ്റ്റ് നൈൽ വൈറസിനെതിരായ മരുന്നോ ലഭ്യമല്ല. അതുകൊണ്ടു തന്നെ രോഗപ്രതിരോധമാണ് അസുഖം വരാതിരിക്കാൻ ആവശ്യം.

ലക്ഷണങ്ങൾ

വൈറസ് ബാധയുള്ള കൊതുകു കടിയേറ്റാൽ 3 ദിവസം മുതൽ 2 ആഴ്ചയ്ക്കുള്ളിൽ സാധാരണഗതിയിൽ മനുഷ്യരിൽ രോഗം വരും. അണുബാധയേൽക്കുന്നവരിൽ 80 ശതമാനം ആളുകൾക്കും രോഗലക്ഷണം ഉണ്ടാകാറില്ല. 20 ശതമാനം ആളുകൾക്ക് വെസ്റ്റ് നൈൽ ബാധ പനിയായി അനുഭവപ്പെടും. പനി, തലവേദന, ക്ഷീണം, ശരീരവേദന, ഛർദ്ദി, ചിലരിൽ ശരീരത്തിലെ പാടുകൾ, ഓർമക്കുറവ് എന്നിവയാണു പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ ചിലർക്ക് ഇതു നാഡി വ്യൂഹത്തെ ബാധിക്കുകയും വെസ്റ്റ് നൈൽ എൻസെഫലൈറ്റിസ് ആവുകയും ചെയ്യുന്നു. മരണം സംഭവിക്കാൻ സാധ്യതയുള്ളതാണ് ഈ രോഗാവസ്ഥ.

പ്രതിരോധം എങ്ങനെല്ലാം

1. രാത്രി കൊതുകു വലയ്ക്കുള്ളിൽ ഉറങ്ങുക

2. ക്യൂലക്സ് കൊതുകുകളെ നശിപ്പിക്കുക

3. പരിസരം വൃത്തിയായി സൂക്ഷിക്കുക

4. ശരീരം മുഴുവൻ മറക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക

5. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിൽസ തേടുക

6. സ്വയം ചികിത്സ ഒഴിവാക്കുക

ചരിത്രം

ഉഗാഡയിലെ വെസ്റ്റ് നൈലിൽ 1937 ൽ ആണ് ആദ്യമായി ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതിനാലാണ് അങ്ങനെ പേര് ലഭിച്ചത്. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്‌തത് 1977–ൽ തമിഴ്നാട്ടിലെ വെല്ലൂരിലാണ്. കേരളത്തിൽ 2011 മേയ് മാസമാണ് വെസ്റ്റ് നൈൽ വൈറസ് സാനിധ്യം തിരിച്ചറിഞ്ഞത്. 1951ൽ ഇസ്രായേലിലും, 1999, 2010 വർഷങ്ങളിൽ അമേരിക്കയിലും വെസ്റ്റ് നൈൽ പനി ഭീതി പടർത്തിയിരുന്നു. ഗ്രീസ്, കാനഡ, റഷ്യ, റൊമാനിയ എന്നീ രാജ്യങ്ങളിലും യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലും ഈ പനി പടർന്ന് പിടിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ഇ.എം. അനീഷ്, എ.എൻ. അനൂപ് കുമാർ. (പകർച്ചവ്യാധി ഗവേഷകർ). സെന്റ് ജോസഫ്‌സ് കോളജ്, ഇരിങ്ങാലക്കുട

Tags:
  • Health Tips
  • Glam Up