Wednesday 22 November 2023 12:16 PM IST : By സ്വന്തം ലേഖകൻ

‘മുഖത്തെ കരിവാളിപ്പ് നീക്കാൻ പഴുത്ത പപ്പായ ബെസ്റ്റാണ്’; പുരുഷ സൗന്ദര്യത്തിനു വേണം സപെഷല്‍ കെയര്‍

mens-care667

പുരുഷന്മാര്‍ മുഖത്ത് ഒരു ഫെയ്സ് പായ്ക് ഇടുന്നതോ കണ്ണിനു മുകളിൽ വെള്ളരിക്ക പായ്ക് ഇടുന്നതൊ വലിയ നാണക്കേട് ഒന്നുമല്ല. അനിയത്തി ഉണ്ടാക്കുന്ന ഫെയ്സ് പായ്ക്കിനു വേണ്ടി അടി കൂടേണ്ട, സ്വന്തമായി അൽപം ഉണ്ടാക്കി മുഖത്തിടൂ. അല്ലെങ്കിൽ തന്നെ സ്വന്തം സൗന്ദര്യത്തിൽ സ്വയം ശ്രദ്ധിച്ചാലല്ലേ മറ്റുള്ളവർ നമ്മളെ ശ്രദ്ധിക്കൂ.

∙ ചൂടുള്ള വെള്ളത്തിൽ മുഖം ആവി പിടിക്കുക. അതിനു ശേഷം അൽപം ഓട്സ് പൊടിച്ച്, അതിൽ നന്നായി പഴുത്ത വാഴപ്പഴം ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. വൈറ്റ്ഹെഡ്സും ബ്ലാക്ക്ഹെഡ്സും നീക്കാൻ ഇത് സഹായിക്കും.

∙ തേനിൽ അൽപം പഞ്ചസാര ചേർക്കുക. പഞ്ചസാര അലിയുന്നതിനു മുൻപായി മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖത്തെ കരിവാളിപ്പ്  മാറും.

∙ അരിച്ചെടുത്ത തക്കാളിജ്യൂസിൽ അൽപം റവ ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം.

∙ മുഖത്തെ കരിവാളിപ്പ് നീക്കാൻ പഴുത്ത പപ്പായ മുഖത്തും കയ്യിലും തേച്ച്, 20 മിനിറ്റിനു ശേഷം കഴുകിക്കളയുക.

∙ പഴവർഗങ്ങൾ ശരീരത്തിനു പുറമെ തേക്കുന്നതിലും മികച്ച റിസല്‍റ്റ് കിട്ടുന്നത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോഴാണ്. പ പ്പായ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, തക്കാളി, മുന്തിരി എന്നിങ്ങനെ പഴവർഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനൊപ്പം സൗന്ദര്യവും നിലനിർത്താൻ സഹായിക്കും.

കെയർലെസ് ഷേവിങ് വേണ്ട

ഷേവിങ് ക്രീം ഉപയോഗിക്കാതെ ഒരിക്കലും ഷേവ് ചെയ്യരുത്. വെള്ളം മാത്രം ഉപയോഗിച്ച് ഷേവ് ചെയ്യുമ്പോൾ മുഖത്ത് റാഷസ് ഉണ്ടാകുന്നു. ഷേവിങ് ക്രീം കൈ കൊണ്ട്  മുഖത്ത് പുരട്ടരുത്.  ബ്രഷ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് 10 സെക്കൻഡിനു ശേഷമേ ഷേവ് ചെയ്യാവൂ. രോമങ്ങൾ കുറച്ചു  കൂടി സോഫ്റ്റാകും. ഒരേ ഷേവിങ് റേസർ നിരവധി തവണ ഉപയോഗിക്കരുത്. ഷേവിങ്ങിനു ശേ ഷം റേസർ കഴുകി അതേപടി വെള്ളത്തോടെ വച്ചാൽ റേസറിൽ തുരുമ്പ് പിടിക്കാം. ഷേവ് ചെയ്തു കഴിയുമ്പോൾ റേസർ വൃത്തിയായി കഴുകുക. ഇനി ഉണങ്ങിയ  ടവൽകൊണ്ട് തുടയ്ക്കുക. എന്നിട്ട് വെയിൽ വീഴുന്നിടത്ത് വച്ച് ഉണക്കണം.

ഷേവിങ്ങിനു ശേഷം ഇളംചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ഷേവിങ് ക്രീമിന്റെ അംശം പോകാൻ ഇത് സഹായിക്കും. മുഖമൊന്നു തുടച്ച തിനു ശേഷം  ആഫ്റ്റർ ഷേവ് ലോഷൻ, അല്ലെങ്കിൽ നീര് പിഴിഞ്ഞു കളഞ്ഞ നാരങ്ങയുടെ തോട് മുഖത്ത് തേക്കുക. വീണ്ടും ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. താടി  നീട്ടിവളർത്തുമ്പോഴും വേണം ശ്രദ്ധ. താടി കഴുകാൻ സോപ്പും ഫെയ്സ് വാഷും ഉപയോഗിക്കരുത്. താടി വീണ്ടും ഡ്രൈ ആകാൻ ഇത് കാരണമാകും. താടിയുടെ സംരക്ഷണത്തിനായി ബിയേഡ് ഓയിൽ, ബിയേഡ് ക്രീം, ബിയേഡ് ജെൽ, ബിയേഡ് ഷാംപൂ  ഇവയെല്ലാം ഉണ്ടെന്ന് മറക്കേണ്ട.

Tags:
  • Glam Up
  • Beauty Tips