Friday 08 December 2023 03:48 PM IST : By സ്വന്തം ലേഖകൻ

‘പ്രായത്തെ എതിരിടാൻ വെളിച്ചെണ്ണയും കരിക്കിൻ വെള്ളവും...’; ചുളിവില്ലാത്ത ചർമത്തിന് നാടന്‍ ടിപ്സ്

coconut-oil-and-water

ചുളിവില്ലാത്ത ചർമം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാം. ചർമത്തെ വലിയ പോറലുകളില്ലാതെ സൂക്ഷിക്കാൻ ഭക്ഷണത്തിലെ ചില ഘടകങ്ങൾക്കു സാധിക്കും. അപ്പോൾ, ഇവ ധാരാളമടങ്ങുന്ന ഭക്ഷണം ശീലമാക്കിയാലോ. ചർമത്തെയും മുടിയെയും കാക്കുന്ന ഭക്ഷണങ്ങള്‍ അറിയാം. 

തേങ്ങ

തേങ്ങയിൽ നിന്നു ലഭിക്കുന്ന എല്ലാം പ്രായത്തെ എതിരിടാൻ മിടുക്കരാണ്. വെളിച്ചെണ്ണയായാലും കരിക്കിൻ വെള്ളമായാലും. വെളിച്ചെണ്ണ എന്ന പ്രകൃതിദത്ത മോയിസ്ചറൈസർ(ഈർപ്പം നൽകുന്ന ഘടകം) വിപണിയിലെ എല്ലാ ക്രീമുകൾക്കും പകരമായി ഉപയോഗിക്കാം. ഒട്ടും പാർശ്വഫലങ്ങളും ഇല്ല.

കടൽമീനുകൾ

കടൽമീനിന്റെ മാംസത്തിലടങ്ങിയിട്ടുള്ള ഒമേഗാ 3 ഫാറ്റി ആസിഡ് ചർമത്തിന്റെ ആരോഗ്യത്തിനു മികച്ചതാണ്. മത്തി, കൊഴുവ(നെയ്ത്തോലി) തുടങ്ങിയ മീനുകൾ ധാരാളം കഴിക്കുക.

നെല്ലിക്ക

വർഷം മുഴുവൻ ലഭിക്കുന്ന ഫലമായ നെല്ലിക്ക മുടിക്കും ചർമത്തിനും ഔഷധം തന്നെ. മുഖത്തെ വരകളും പാടുകളും മറ്റും മാറ്റുന്നതിനും ചർമരോഗങ്ങൾ വരാതിരിക്കാനും നെല്ലിക്ക നന്ന്.

പച്ചക്കറികൾ

തക്കാളി, ബ്രൊക്കോളി, കാരറ്റ്, മധുരക്കിഴങ്ങ്, മാമ്പഴം തുടങ്ങിയവയിലെ ബീറ്റാകരോട്ടിൻ, വൈറ്റമിൻ എം ആയി രൂപാന്തരം പ്രാപിച്ചാണ് ശരീരത്തിൽ എത്തുക. ഇതു കേടുപാട് പറ്റിയ ചർമകോശങ്ങൾക്കു പകരം പുതിയവയ്ക്കു രൂപം കൊടുത്തുകൊണ്ടേയിരിക്കും.

Tags:
  • Glam Up
  • Beauty Tips