Monday 14 November 2022 04:55 PM IST

മുഖക്കുരു ഇടയ്ക്കിടെ അലട്ടുന്നുണ്ടോ? പേരയിലയും പച്ചമഞ്ഞളും കൊണ്ടൊരു ഫെയ്സ്പായ്ക് തയാറാക്കാം

Ammu Joas

Sub Editor

guava-leaves-face-pack

മുടി കൊഴിയുന്നല്ലോ എന്നു പറഞ്ഞാൽ തൊടിയിൽ നിന്നു കറിവേപ്പില പറിച്ചെടുത്ത് എണ്ണ കാച്ചി തരും മുത്തശ്ശിമാർ. മുഖത്ത് പാടുകൾ കണ്ടാൽ തുളസിനീര് പുരട്ടിയാൽ മതിയെന്ന് ചോദിക്കാതെ തന്നെ പറയും. മുറ്റത്ത് ഇല വിരിച്ച, ഈ മരുന്നുകൂട്ടുകൾ മതി ഇപ്പോഴും സൗന്ദര്യം പരിപാലിക്കാൻ. മുഖകാന്തിയും മുടിയുടെ ആരോഗ്യവും വർധിപ്പിക്കാൻ സഹായിക്കുന്ന പൊടിക്കൈകൾ പരിചയപ്പെടാം. 

ആര്യവേപ്പില

മുഖകാന്തിക്ക്

∙ ആര്യവേപ്പില അരച്ചതിൽ തേൻ ചേർത്ത് മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകുക. ചർമത്തിന് തെളിച്ചം കിട്ടും.

∙ എട്ട് ആര്യവേപ്പില അരച്ചതില്‍ അരക്കപ്പ് പഴുത്ത പപ്പായ ഉടച്ചതു ചേർത്തു മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖകാന്തി കൂടും.

∙ ത്രീ ഇൻ വൺ ഫെയ്സ് പാക്കാണിത്. ഒ രു വലിയ സ്പൂൺ വീതം ആര്യവേപ്പില അരച്ചതും ചെറുപയർപൊടിയും ഒരു ചെറിയ സ്പൂൺ തൈരു ചേർത്ത് യോജിപ്പിക്കുക. മൃതകോശങ്ങൾ അകറ്റുന്ന ഫെയ്സ് സ്ക്രബിന്റെ ഗുണവും പാടുകളും മുഖക്കുരുവും അകറ്റുന്ന ഫെയ്സ് പാക്കിന്റെ ഗുണവും ചർമം മൃദുലമാക്കുന്ന മോയിസ്ചറൈസറിന്റെ ഗുണവും ഇതു തരും.

മുടിയഴകിന്

∙ ആര്യവേപ്പില ഉണങ്ങിപ്പൊടിച്ചതിൽ വെളിച്ചെണ്ണ ചേർത്ത് ഹെയർപാക്ക് തയാറാക്കി ആഴ്ചയിലൊരിക്കൽ തലയിൽ പുരട്ടൂ. മുടി തഴച്ചു വളരും.

പേരയില

മുഖകാന്തിക്ക് 

∙ പൊട്ടാസ്യവും ആന്റി ഓക്സിഡന്റ്സും നിറഞ്ഞ പേരയില ചർമത്തിനും മുടിക്കും ഒരുപോലെ നല്ലതാണ്. പേരയുടെ തളിരിലകൾ അരച്ചെടുത്ത് മുഖത്തണിഞ്ഞ് പൂർണമായി ഉണങ്ങും മുൻപ് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീതം ഒരു മാസം ചെയ്താൽ ചർമത്തിന്റെ നിറം മാറ്റം പോലുള്ള പ്രശ്നങ്ങൾ മാറും.

∙ മുഖക്കുരു ഇടയ്ക്കിടെ അലട്ടുന്നുണ്ടോ? പേരയുടെ തളിരിലയും ആര്യവേപ്പിലയും സമമെടുത്ത് ഒരു ചെറിയ കഷണം പച്ചമഞ്ഞൾ ചേർത്ത് അരയ്ക്കുക. മുഖക്കുരുവും മുഖത്തെ പാടുകളും മാറാൻ വളരെ നല്ലതാണ് ഈ പാക്ക്.

മുടിയഴകിന്

∙ ഒരു പിടി പേരയില വെള്ളത്തിലിട്ട് തിളപ്പിക്കുക. തി ള വന്നശേഷം മൂടി വച്ച് 10 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. ചൂടാറിയശേഷം ഇല അരിച്ചു മാറ്റി, വെള്ളം തലയിൽ പുരട്ടാം. ഒരു സ്പ്രേ ബോട്ടിലിലാക്കി മുടിയിലേക്ക് സ്പ്രേ ചെയ്താലും മതി.

∙ പേരയുടെ 15 തളിരിലയും അഞ്ചു ചുവന്നുള്ളിയും അരച്ച് അരിച്ചെടുത്ത് വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടാം. താരനകലും, മുടി വളരും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. വർഷ മോഹൻ, ദുർഗ ആയുർവേദിക്സ്, തിരുവല്ല

Tags:
  • Glam Up
  • Beauty Tips