Monday 18 December 2023 03:16 PM IST : By സ്വന്തം ലേഖകൻ

പച്ചകർപ്പൂരം ചേർത്ത് തിളപ്പിച്ച വെളിച്ചെണ്ണ ബെസ്റ്റാണ്; താരന്റെ അസ്വസ്ഥതകളോട് ഗുഡ്ബൈ പറയാം, നാടന്‍ ടിപ്സ്

dandruff54578scalp

മുടികൊഴിച്ചിലും തലയോട്ടിയിലെ വിട്ടുമാറാത്ത ചൊറിച്ചിലും ശിരോചർമം അടർന്നു പോകുന്നതുമായ അവസ്ഥയ്ക്ക് പ്രധാന കാരണം താരനാണ്. ശിരസ്സിനെ മാത്രമല്ല പുരികങ്ങളെയും കൺപോളകളെയുമൊക്കെ താരൻ ബാധിക്കുകയും ചെയ്യും. താരനെ ഇല്ലാതാക്കാന്‍ പ്രകൃതിദത്തമായ നിരവധി മാർഗങ്ങളുണ്ട്. താരൻ വളരെ രൂക്ഷമാകുന്ന അവസ്ഥയിൽ ചികിത്സ തേടേണ്ടതും അനിവാര്യമാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തല ചെമ്പരത്തിത്താളി തേച്ച് കഴുകുന്നതു താരനെ പ്രതിരോധിക്കും. തലയും തലമുടിയും എപ്പോഴും ശുദ്ധമായി സൂക്ഷിക്കുക. ഇക്കാര്യങ്ങൾ താരനെ ഒരു പരിധി വരെ തടയും. 

∙ കീഴാർനെല്ലി ചതച്ച് താളിയാക്കി കുളിക്കുന്നതിനു മുൻപ് ദിവസവും ഉപയോഗിക്കുക. സ്ഥിരമായി ഇതു ചെയ്യുകയാണെങ്കിൽ താരൻ പൂർണമായും ഇല്ലാതാകുമെന്നു മാത്രമല്ല മുടി തഴച്ചു വളരുകയും ചെയ്യും.

∙ ചെറുനാരങ്ങ, ചീവക്കായ്, വിട്ടിത്താളി ഇവ സമാസമം ചേർത്ത് കുഴമ്പു രൂപത്തിലാക്കി തലയോട്ടിയിൽ തേയ്ക്കുക. പത്തു മിനിറ്റ് കഴിഞ്ഞ് കുളിക്കുക.

∙ തെറ്റിപ്പൂവ്, വെറ്റില, തുളസിയില എന്നിവ ചതച്ചെടുത്ത ചാറ് വെളിച്ചെണ്ണയിൽ ചേർത്ത് തലയിൽ പുരട്ടിയശേഷം കുളിക്കുക. ഫലം ഉണ്ടാകും.

∙ കടുക് അരച്ച് വെളിച്ചെണ്ണ ചേർത്ത് കുഴമ്പുരൂപത്തിലാക്കി തലയിൽ തേച്ചുകുളിക്കുന്നതും നല്ലതാണ്.

∙ മുട്ടയുടെ മഞ്ഞക്കരു തലയിൽ തേച്ച് പിടിപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാമ്പുവോ, ബാത്ത് സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകികളയുക.

∙ വെളിച്ചെണ്ണയിൽ പച്ചകർപ്പൂരം ചേർത്ത് കാച്ചി തിളപ്പിച്ച എണ്ണ തലയിൽ തേച്ച് കുളിക്കുക.

∙ രാമച്ചം, നെല്ലിക്ക എന്നിവ ചേർത്ത വെള്ളം തിളപ്പിച്ചാറ്റിയശേഷം ആ വെള്ളത്തിൽ തല വൃത്തിയായി കഴുകുക. ഇതു കുറച്ചു ദിവസങ്ങളിൽ നിത്യവും ആവർത്തിക്കുക. താരന് ശമനമുണ്ടാകും.

Tags:
  • Glam Up
  • Beauty Tips