Monday 27 March 2023 03:40 PM IST : By സ്വന്തം ലേഖകൻ

‘കറുവാപ്പട്ട പൊടിച്ച് തേൻ ചേർത്തു പുരട്ടാം’; മുഖവും മുടിയും തിളങ്ങാന്‍ തേന്‍ കൊണ്ടുള്ള കിടിലന്‍ പായ്ക്കുകള്‍

honeymmm78999

അടുക്കളയില്‍ നല്ല ശുദ്ധമായ തേനുണ്ടോ? എങ്കിലിനി എല്ലാവിധ സൗന്ദര്യപ്രശ്നങ്ങളോടും ഗുഡ്ബൈ പറയാം. മുടിക്കും മുഖത്തിനും ഒരുപോലെയിണങ്ങുന്നതാണ് തേന്‍ കൊണ്ടുള്ള പായ്ക്കുകള്‍. ഏറ്റവും ഫലപ്രദമായ ചില പായ്ക്കുകള്‍ പരിചയപ്പെടാം...

1. രണ്ട് സ്പൂൺ തൈര്, ഒരൽപം നാരങ്ങാനീര്, അഞ്ചുതുള്ളി തേൻ ഇത്രയും എടുത്ത് യോജിപ്പിച്ച ശേഷം ആ മിശ്രിതം തലമുടിയിലും ശിരോചർമത്തിലും നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ തല കഴുകിയാൽ പട്ടുപോലെ മൃദുലമായ മുടി സ്വന്തമാക്കാം.

2. ഏതാനും തുള്ളി തേനും ഒലിവ് ഓയിലുമെടുത്ത് നന്നായി യോജിപ്പിച്ച് ആ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും തേച്ചു പിടിപ്പിക്കുക. മിശ്രിതം നന്നായി മുടിയിൽ പിടിക്കുന്നതുവരെ മസാജ് ചെയ്യുക. അൽപസമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുടി കഴുകുക. മുടിയുടെ തിളക്കത്തിനു ഈ പായ്ക് വളരെ നല്ലതാണ്.       

3. ഒരു സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീര് ഇത്രയുമെടുക്കുക. ഇത് ഒരു പാത്രത്തിൽ മിക്സ് ചെയ്ത ശേഷം അടുപ്പിൽ വച്ച് കൊഴുത്തു വരുന്നതുവരെ ചൂടാക്കുക. ചൂടാറിയ ശേഷം ഈ മിശ്രിതമെടുത്ത് രോമവളർച്ചയുള്ള ഭാഗത്തു പുരട്ടുക. പിന്നെ വൃത്തിയുള്ള ഉണങ്ങിയ കോട്ടൺ തുണി ഉപയോഗിച്ച് രോമവളർച്ചയുള്ളതിന്റെ എതിർദിശയിൽ വലിക്കുക. മുഖത്തെ രോമം വൃത്തിയായി നീക്കം ചെയ്യാൻ ഈ രീതി പിന്തുടരാവുന്നതാണ്.

4. കറുവാപ്പട്ട പൊടിച്ച് അതിൽ തേൻ ചേർത്ത് പുരട്ടിയാൽ മുഖത്തെ കറുത്തപാടുകൾ നീങ്ങി മുഖം സുന്ദരമാകും. നല്ല ഫലം കിട്ടാൻ രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് ഈ മിശ്രിതം മുഖത്തു പുരട്ടി രാവിലെ ഉണർന്നാലുടൻ വൃത്തിയാക്കിയാൽ മതിയാകും. ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാനും ശ്രദ്ധിക്കണം.

Tags:
  • Glam Up
  • Beauty Tips