Wednesday 27 March 2024 03:58 PM IST : By സ്വന്തം ലേഖകൻ

താരനു കാരണമാകുന്ന ഫംഗസുകളെ നശിപ്പിക്കും, മുടികൊഴിച്ചിലും അകാലനരയുമില്ല; തുളസിയില കൊണ്ടുള്ള പ്രയോജനങ്ങള്‍

hair-olrrrrrr

സംസ്കൃതത്തിൽ തുളസി എന്ന വാക്കിന് അതുല്യമായത് എന്നാണ് അർത്ഥം. പ്രകൃതിയിലെ അമൂല്യമായ ഔഷധങ്ങളിലൊന്നായാണു തുളസിയെ പരിഗണിക്കുന്നതും. എന്നാൽ ആരോഗ്യം മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും തുളസി അനുയോജ്യമാണ്. മുടിയുടെ സംരക്ഷണത്തിനായി തുളസി എങ്ങനെയെല്ലാം ഉപയോഗിക്കാമെന്നു നോക്കാം.

∙ മുടി വളരാൻ

സാധാരണ ഉപയോഗിക്കുന്ന എണ്ണയിൽ തുളസിയില ചേർത്ത് തലയിൽ തേച്ചുപിടിപ്പിക്കാം. തലയോട്ടിയിലെ കോശങ്ങളെ പുനരുജ്ജീവിപ്പിച്ച് മുടിയുടെ വളർച്ച ത്വരിതപ്പെടുത്താൻ ഇത് സഹായിക്കും. രക്തയോട്ടം വർധിപ്പിച്ചുകൊണ്ട് തല തണുപ്പിക്കാനും തുളസിക്ക് കഴിയും. 

∙ താരന് പ്രതിവിധി 

മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് താരൻ. താരനു കാരണമാകുന്ന ഫംഗസുകളെ നശിപ്പിച്ച് മുടിയുടെ തിളക്കവും മൃദുത്വവും കൂട്ടാൻ തുളസി സഹായിക്കുന്നു. ഇതിനായി എണ്ണയിൽ തുളസി ചേർത്തശേഷം ചൂടാക്കി മുടിയിൽ തേച്ചുപിടിപ്പിക്കാം. 

∙ അകാലനര തടയാം 

മുടിക്ക് നിറം നൽകുന്ന മൂലകങ്ങളുടെ ഉത്പാദനം കുറയുന്നതും വിറ്റാമിൻ B12ന്റെ അഭാവവുമാണ് അകാലനരയുടെ പ്രധാന കാരണങ്ങൾ.

തുളസി, നെല്ലിക്ക എന്നിവ കഷണങ്ങളാക്കി വെള്ളത്തിൽ കുതിർക്കാനിടുക. ഒരു രാത്രി ഇങ്ങനെ സൂക്ഷിച്ചശേഷം രാവിലെ തലയിൽ തേച്ചുകഴുകുക. അകാലനര പ്രതിരോധിക്കാൻ ഇത് സഹായിക്കും.

∙ മുടി കൊഴിച്ചിൽ

കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് തുലസിയിലയും നെല്ലിക്കാപ്പൊടിയും വെളിച്ചെണ്ണയിൽ ചേർത്ത് തലയിൽപുരട്ടാം. ഇതു പതിവായി ചെയ്യുന്നത് മുടികൊഴിച്ചിൽ പരിഹരിക്കും.

Tags:
  • Glam Up
  • Beauty Tips