Thursday 06 April 2023 12:05 PM IST : By സ്വന്തം ലേഖകൻ

‘നാട്ടിലെത്തണം, സ്വസ്ഥമായി ഒന്നുറങ്ങണം’: എല്ലാം ഒരുക്കി പോകാൻ കാത്തിരുന്നു, ഒടുവിൽ മരണത്തിന്റെ വിസ: കുറിപ്പ്

asharaf-thamarassey-apr-6

സ്വപ്നങ്ങൾ ബാക്കിയാക്കി ഒരു പ്രവാസി കൂടി മരണത്തിന്റെ ലോകത്തേക്ക് മറയുകയാണ്. സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് പ്രവാസ ലോകത്തിനൊന്നാകെ വേദന പടർത്തുന്ന വാർത്ത പങ്കുവച്ചത്.

‘ഒരുപാട് കാലം മണലാരുണ്യത്തിൽ ചോര നീരാക്കിയ പാവം മനുഷ്യൻ. ഏതാനും വർഷമായി വിസയില്ലാതെയായിരുന്നു അദ്ദേഹം കഴിഞ്ഞു പോയത്‌. ജീവിത പ്രതിസന്ധികളാൽ ആടിയുലഞ്ഞ കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞു പോയിരുന്നത്. പ്രശ്നങ്ങളെല്ലാം പരിഹരിക്കണം, നാട്ടിലെത്തണം സ്വസ്ഥമായി മനസ്സറിഞ്ഞു ഒന്നുറങ്ങണം എന്ന ആഗ്രഹത്തോടെയാണ് ഔട്ട് പാസിൽ നാട്ടിൽ പോകാൻ തീരുമാനിച്ചത്.വീട്ടിലേക്കുള്ള ഏതാനും സാധനങ്ങളും സ്വരുക്കൂട്ടി പെട്ടിയും കെട്ടി യാത്രക്ക് ഒരുങ്ങി നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മരണം ഇദ്ദേഹത്തെ തേടിവരുന്നത്. ’– അഷ്റഫ് താമരശ്ശേരി കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്നലെ മരണപ്പെട്ടവരിൽ ഒരു

പ്രവാസിയുണ്ടായിരുന്നു. ഒരുപാട് കാലം മണലാരുണ്യത്തിൽ ചോര നീരാക്കിയ പാവം മനുഷ്യൻ. ഏതാനും വർഷമായി വിസയില്ലാതെയായിരുന്നു അദ്ദേഹം കഴിഞ്ഞു പോയത്‌. ജീവിത പ്രതിസന്ധികളാൽ ആടിയുലഞ്ഞ കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞു പോയിരുന്നത്. പ്രശ്നങ്ങളെല്ലാം പരിഹരിക്കണം, നാട്ടിലെത്തണം സ്വസ്ഥമായി മനസ്സറിഞ്ഞു ഒന്നുറങ്ങണം എന്ന ആഗ്രഹത്തോടെയാണ് ഔട്ട് പാസിൽ നാട്ടിൽ പോകാൻ തീരുമാനിച്ചത്. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി. വീട്ടിലേക്കുള്ള ഏതാനും സാധനങ്ങളും സ്വരുക്കൂട്ടി പെട്ടിയും കെട്ടി യാത്രക്ക് ഒരുങ്ങി നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മരണം ഇദ്ദേഹത്തെ തേടിവരുന്നത്. നാട്ടിലേക്കു ഔട്ട് പാസിൽ യാത്ര ചെയ്യാനിരിക്കെ ജീവിതത്തിൽ നിന്ന് തന്നെ യാത്രയായി. വളരേ സങ്കടകരമായ സംഗതി. അത്തറ് മണക്കുന്ന പെട്ടിയുമായി വരുന്ന പ്രിയപ്പെട്ടവരെ പ്രതീക്ഷിച്ചിരിക്കുന്ന വീട്ടുകാർക്ക് മുന്നിലേക്ക് പെട്ടിയിലായി ചെല്ലുന്ന അവസ്ഥ ആർക്കാണ് സഹിക്കാൻ കഴിയുക. ജീവിതം കരക്ക് കയറ്റാനാണ് ഓരോ പ്രവാസിയും കടൽ കടക്കുന്നത്. ഇതിനിടയിൽ സ്വയം ജീവിക്കാന്‍ മറന്നുപോയവരാണ് പ്രവാസികളിൽ പലരും. എല്ലാവർക്കും നല്ലത് മാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ. അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.