Tuesday 09 May 2023 05:19 PM IST : By സ്വന്തം ലേഖകൻ

ഒന്നാം സമ്മാനം 5 സെന്റ് ഭൂമി, രണ്ടാം സമ്മാനം കറവപ്പശു: കണ്ണീരൊപ്പുന്ന സമ്മാനങ്ങൾ: ഈ നന്മക്കൂട്ടിന് നൽകാം സല്യൂട്ട്

Kannangai-Drama-team കണ്ണങ്കൈ നാടകവേദി വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ

സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി.

നറുക്കെടുപ്പിൽ സമ്മാനമായി എന്തു കൊടുക്കണം? പതിവുപോലെ, ഫ്രിജും ടിവിയും ബൈക്കുമൊന്നും വേണ്ട. ജീവിക്കാൻ അത്യാവശ്യമുള്ള എന്തെങ്കിലും നൽകാം. അങ്ങനെ ചർച്ച ചെയ്ത് അവർ വ്യത്യസ്തമായ ആ സമ്മാനങ്ങളിലേക്കെത്തി. അഞ്ചുസെന്റ് ഭൂമിയും അഞ്ചു തെങ്ങിൻ തൈകളും മൺവെട്ടിയും പച്ചക്കറി വിത്തുകളും. രണ്ടാം സമ്മാനം ഒരു കറവപ്പശു.

ഇങ്ങനെ സാധാരണക്കാരന്റെ നിത്യജീവിതത്തിലെ ആകുലതകളിൽ കൈത്താങ്ങാകുന്ന സമ്മാനങ്ങൾ നൽകുന്നത് കാസർകോട് ചെറുവത്തൂർ കണ്ണങ്കൈ നാടകവേദി വനിതാ കൂട്ടായ്മയാണ്.

‌‘‘എല്ലാ വർഷവും നാടകോത്സവം നടത്താറുണ്ട്. അതിന്റെ ഭാഗമായി സമ്മാന പദ്ധതികളും സംഘടിപ്പിക്കും. വീടില്ലാത്ത വിധവയായ ബിന്ദു എന്ന സ്ത്രീക്കാണ് ഇത്തവണ ഒന്നാം സമ്മാനം. ചെറുവത്തൂർ ഗവൺമെന്റ് ആശുപത്രിയിലെ താൽകാലിക ജീവനക്കാരിയാണ്.

അർഹതപ്പെട്ട കൈകളിലാണ് എത്തിച്ചേർന്നതെന്നറിഞ്ഞപ്പോൾ ഞങ്ങൾ അ‍ഞ്ച് എന്നത് ആറു സെന്റാക്കി. ഇതുപോലെയാണ് ഓരോ പ്രവർത്തനങ്ങളും.’’ വനിതാ കൂട്ടായ്മയുടെ പ്രസിഡന്റ് സീമ കൃഷ്ണൻ വിശേഷങ്ങൾ പങ്കുവച്ചു.

‘‘30 വർഷമായി കണ്ണങ്കൈ നാടകവേദിയുണ്ട്. അതിന്റെ പ്രവർത്തകരായിരുന്നു ഞങ്ങളെല്ലാം. നാടകമടക്കമുള്ള കലാപ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന തുക കാരുണ്യ പ്രവർത്തനങ്ങൾക്കു ചെലവഴിക്കും. കാസർകോട് ജില്ലയിലുള്ളവരെയാണു കൂടുതലും പരിഗണിക്കുന്നത്. എട്ടു വർഷം മുൻപേയാണു സ്ത്രീകൾക്കും കൂട്ടായ്മ വേണമെന്നു ആഗ്രഹം തോന്നുന്നത്. ഞങ്ങളുടേതായ നിലയിൽ പലർക്കും കൈത്താങ്ങാവണം എന്നു ചിന്തിച്ചു. അങ്ങനെ കണ്ണങ്കൈ നാടകവേദി വനിതാ കൂട്ടായ്മ പിറന്നു.

അരങ്ങത്തേക്ക്

രണ്ടു നാടകങ്ങൾ ഞങ്ങൾ പഠിച്ച് അരങ്ങിൽ അവതരിപ്പിച്ചു. അതുപോലെ പുരുഷന്മാരുടെ കുത്തകയായിരുന്ന പൂരക്കളിയും അവതരിപ്പിക്കാറുണ്ട്. പിന്നെ, പ്രസവരക്ഷാ മരുന്നുകൾ ഉ ണ്ടാക്കി വിൽപന നടത്തും. ഇതിൽ നിന്നെല്ലാം കിട്ടിയ ആറുലക്ഷത്തോളം രൂപ നിർധനർക്ക് ന ൽകുകയാണ് ഉണ്ടായത്.

എഴുപതു വയസ്സുള്ള, കേൾവിക്കുറവുള്ള ചേച്ചിവരെയുണ്ട് ഞങ്ങളുടെ കൂട്ടത്തിൽ. കഠിന പരിശ്രമം ചെയ്താണ് ചേച്ചി ഡയലോഗുകൾ പഠിച്ചെടുക്കുന്നത്.

കണ്ണങ്കൈ കുഞ്ഞിരാമേട്ടന്റെ വീടിനു മുറ്റത്തു വൈകിട്ടാണു പരിശീലനം. ചക്കയും നാടൻകോഴിയും കൂടി അരപ്പൊക്കെയിട്ട് ഒരു കറിയുണ്ടാക്കും. കൂടെ കഴിക്കാൻ കഞ്ഞിയോ ചോറോ തയാറാക്കും. എല്ലാവരും ഒപ്പമിരുന്ന് അതു കഴിക്കുമ്പോൾ തന്നെ എന്തു സന്തോഷമാണെന്നോ? കൂടുതൽ സ്ത്രീകളും വീട്ടിൽ തന്നെ ഒ തുങ്ങിപ്പോയവരാണ്. അടുക്കളയിൽ നിന്ന് അ രങ്ങത്തിറങ്ങുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം ഒന്നു വേറെ തന്നെയാണ്. ’’