Tuesday 02 April 2024 10:38 AM IST : By സ്വന്തം ലേഖകൻ

‘കിളി’യെ അവസാനമായി കാണാൻ നൂറുകണക്കിനു പേരെത്തി; പൊന്നോമനയുടെ വിയോഗവാർത്ത ഇനിയും അറിയാതെ പിതാവ്

amalu-mother-of-ami

കഴിഞ്ഞ 24നു ചേറ്റുകുഴി ബഥനിപ്പടിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അഞ്ചു വയസ്സുകാരി ആമി എൽസ എബിയുടെ (കിളി) സംസ്കാരം നടത്തി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആമിയുടെ പിതാവ് എബിയും എബിയുടെ മാതാപിതാക്കളായ ജോസഫ് വർക്കിയും മോളിയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. 

മൂവരും കിളിയുടെ വിയോഗവാർത്ത ഇനിയും അറിഞ്ഞിട്ടില്ല. ഇവർക്കൊപ്പം ചികിത്സയിലായിരുന്ന ആമിയുടെ അമ്മ അമലുവിനെയും ആമിയുടെ സഹോദരൻ എയ്ഡനെയും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ വീട്ടിലെത്തിച്ചിരുന്നു. കിളിയെ അവസാനമായി കാണാൻ നൂറുകണക്കിനു പേരെത്തി. ആമി പഠിച്ചിരുന്ന മാർ ഇവാനിയോസ് ബഥനി പബ്ലിക് സ്കൂളിൽ പൊതുദർശനം നടത്തി. പിന്നീടു കമ്പംമെട്ട് അച്ചക്കടയിൽ എത്തിച്ച മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നിനു കമ്പംമെട്ട് സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കരിച്ചു.

മലയാറ്റൂർ തീർഥാടനം കഴിഞ്ഞു മടങ്ങിയ അഞ്ചംഗകുടുംബം സഞ്ചരിച്ചിരുന്ന വാൻ കമ്പത്തു നിന്നു നെടുങ്കണ്ടത്തേക്കു വരുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആമിയുടെ പിതാവ് എബി (33), മാതാവ് അമലു (31), ആമിയുടെ ഇളയ സഹോദരൻ എയ്ഡൻ (2), എബിയുടെ പിതാവ് ജോസഫ് വർക്കി (63), മാതാവ് മോളി (58) എന്നിവർക്കു പരുക്കേറ്റിരുന്നു.

ഗുരുതരമായി പരുക്കേറ്റ എബി, എബിയുടെ പിതാവ് ജോസഫ് വർക്കി, മാതാവ് മോളി എന്നിവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എബിയുടെ ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പരുക്കേറ്റു. ജോസഫ് വർക്കിയുടെ വാരിയെല്ലിനു പൊട്ടലുണ്ട്. മോളി ഇപ്പോഴും ഐസിയുവിലാണ്. ചികിത്സച്ചെലവ് ഇപ്പോൾത്തന്നെ ലക്ഷങ്ങൾ കഴിഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിൽ പൗരസമിതി രൂപീകരിച്ചു സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ്.

Tags:
  • Spotlight