Saturday 13 April 2024 10:22 AM IST : By സ്വന്തം ലേഖകൻ

മുപ്പത്തിനാലു കോടി രൂപ കണ്ടെത്തി, ഉടന്‍ കൈമാറും; സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം കാത്ത് നാട്

abdul-rahim-03.jpg.image.845.440

34 കോടി രൂപ കണ്ടെത്തിയതോടെ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങി. പണം സമാഹരിച്ച കാര്യം സൗദി കുടുംബത്തെ അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെയും, സൗദി എംബസിയുടെയും സംയുക്ത ഇടപെടലിലൂടെയാണ് 34 കോടി രൂപ സൗദി സ്പോൺസറുടെ കുടുംബത്തിന് കൈമാറുക.

സൗദി കോടതിയുടെ മേൽനോട്ടവും ഉണ്ടാകും. ഇന്നും നാളെയും ബാങ്ക് അവധിയായതിനാൽ തിങ്കളാഴ്ചയാകും നടപടിക്രമങ്ങളിലേക്ക് കടക്കുക. അതിനു മുന്നോടിയായി നീക്കങ്ങൾ ചർച്ച ചെയ്യാൻ നിയമസഹായ സമിതി ഇന്ന് ഫറോക്കിൽ യോഗം ചേരും. അതിനിടെ,  ധനസമാഹരണത്തിൽ നിർണായക പങ്കു വഹിച്ച ബോബി ചെമ്മണ്ണൂർ റഹീമിന്റെ വീട്ടിലെത്തി മാതാവിനെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചു.

സൗദി അറേബ്യയിലെ സ്പോൺസറുടെ മകന്റെ മരണമാണ് റഹീമിനെ ജയിലഴിക്കുള്ളിൽ ആക്കിയത്. ഭിന്നശേഷിക്കാരനായ സൗദി ബാലന്റെ ജീവൻ നിലനിർത്തിയിരുന്ന യന്ത്രം റഹീമിന്റെ കൈ തട്ടി തകരാറിലായി കുട്ടി മരിക്കുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. 2006 നവംബറിലാണ് റഹിം ആദ്യമായി സൗദി അറേബ്യയിലേക്ക് പോകുന്നത്. 26 വയസ്സായിരുന്നു. ഹൗസ് ഡ്രൈവർ ആയിട്ടായിരുന്നു ജോലി. സൗദി പൗരനായ സ്പോൺസറുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.

തലയ്ക്കു താഴെ ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാരൻ ആയ കുട്ടിയെ വാഹനത്തിൽ കൊണ്ടുപോയിരുന്നത് റഹീം ആയിരുന്നു. കുട്ടിക്ക് ഭക്ഷണവും വെള്ളവും അടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിലൂടെയാണ്. റഹീം കുട്ടിയെ ഇടക്ക് വീൽചെയറിലും പുറത്തുകൊണ്ടു പോകാറുണ്ടായിരുന്നു. ജോലിയിൽ പ്രവേശിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് റഹീമിന്റെ ജീവിതം മാറിമറിയുന്നത്. 

2006 ഡിസംബർ 24 ന് ആയിരുന്നു സംഭവം. കാറിൽ സഞ്ചരിക്കവേ സിഗ്നൽ തെറ്റിച്ച് പോകാൻ പറഞ്ഞ് വഴക്കിട്ട കുട്ടി അബ്ദുൽ റഹീമിനെ നേരെ തുപ്പി. ഇത് തടയുന്നതിനിടയിൽ കഴുത്തിലെ ജീവൻരക്ഷാ ഉപകരണത്തിൽ കൈ തട്ടുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. പിന്നാലെ ഉപകരണം കേടായി ബോധരഹിതനായ കുട്ടി മരിക്കുകയായിരുന്നു.

സംഭവം പൊലീസിൽ അറിയിച്ചതോടെ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സൗദി കോടതി മൂന്ന് തവണയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് സമയം നീട്ടി നൽകുകയായിരുന്നു. സ്പോൺസറുടെ കുടുംബം ഒരു ഘട്ടത്തിൽ പോലും റഹീമിന് മാപ്പു നൽകാൻ തയാറായിരുന്നില്ല. ഇതാണ് വധശിക്ഷയിലേക്ക് എത്താൻ കാരണം. ഒടുവിൽ ഒന്നരമാസം മുൻപാണ് ദിയാധനം നൽകിയാൽ മാപ്പ് നൽകാമെന്ന് സൗദി കുടുംബം അറിയിക്കുന്നത്. ഇതിനുശേഷമാണ് ട്രസ്റ്റ് രൂപീകരിച്ച ഗൾഫിലും നാട്ടിലുമായി മുൻപെങ്ങും കാണാത്ത വിധമുള്ള രക്ഷാദൗത്യം നടത്തിയത്.

Tags:
  • Spotlight