Monday 18 March 2024 09:18 AM IST : By സ്വന്തം ലേഖകൻ

നടി അരുന്ധതി നായരുടെ നിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു: സഹായ ഹസ്തംതേടി സുഹൃത്തുക്കളും

arundhathi-nair-1

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. 3 ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

സ്കൂട്ടറിൽ പോകുമ്പോ‍ൾ കോവളം ഭാഗത്താണ് അപകടമുണ്ടായത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാട്ടി സുഹൃത്തും നടിയുമായ ഗോപിക അനിൽ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിലൂടെ അഭ്യർഥന നടത്തിയിട്ടുണ്ട്.

‘‘എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ദിനംപ്രതിയുള്ള ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാവുകയാണ്. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. പക്ഷേ അത് ആശുപത്രിയിലെ നിലവിലെ ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.’’–ഗോപിക അനിൽ കുറിച്ചു.

അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്. അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ് പ്രവർത്തിക്കുന്നത്.

തമിഴ്–മലയാളം സിനിമകളിൽ സജീവമായ അരുന്ധതി നായർ വിജയ് ആന്റണിയുടെ ‘സൈത്താൻ’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. 2018ൽ പുറത്തിറങ്ങിയ ‘ഒറ്റയ്ക്കൊരു കാമുകൻ’ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘പോർകാസുകൾ’ ആണ് അവസാനമായി അഭിനയിച്ച ചിത്രം. അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.