Thursday 06 April 2023 11:34 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് ഇനി നടക്കാൻ കഴിയുമോ?’; രോഗം ബാധിച്ചിട്ട് 17 വർഷം, ആദർശിന്റെ ചോദ്യത്തിനു മുന്നില്‍ കണ്ണീരോടെ പിതാവ്, നമുക്ക് കൈകോര്‍ക്കാം

trivandrum-adarsh.jpg.image.845.440

‘എനിക്ക് ഇനി നടക്കാൻ കഴിയുമോ?’- സെറിബ്രൽ പാൾസി രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട ഏക മകന്റെ വർഷങ്ങളായി മുഴങ്ങുന്ന ചോദ്യത്തിനു മറുപടി പറയാതെ പകച്ച് നിൽക്കുകയാണ് പിതാവ്. അർധ സൈനികനായ പാറശാല സ്വദേശി രാജേന്ദ്രന്റെ ഏക മകൻ ആദർശ് (21)ന് രോഗം ബാധിച്ചിട്ട് പതിനേഴു വർഷം കഴിഞ്ഞു. പനിയുടെ അകമ്പടിയോടെ എത്തിയ രോഗം ആദ്യം കാലിന്റെ ചലന ശേഷിയെ പിടികൂടി. വർഷങ്ങൾ നീണ്ട ചികിത്സകളെ തുടർന്ന് എഴുന്നേറ്റ് ഇരിക്കാൻ ആരംഭിച്ചപ്പോൾ അപസ്മാരം ബാധിച്ചു. ചികിത്സകൾക്ക് മാത്രം ഇതുവരെ 65 ലക്ഷം രൂപ ചെലവിട്ടു കഴിഞ്ഞു.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാൽ എണീറ്റു നടക്കാൻ കഴിയും എന്ന് ഡോക്ടർമാർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ഒന്നും പറയാൻ രക്ഷിതാക്കൾക്ക് കഴിയുന്നില്ല. മാതാവിനെ കൊണ്ട് പരിചരിക്കാൻ കഴിയാതായതോടെ നാലു വർ‌ഷം മുൻപ് പിതാവ് ജോലി രാജിവച്ച് നാട്ടിലെത്തി. ചികിത്സയ്ക്കു വാങ്ങിയ ലക്ഷങ്ങളുടെ കട ബാധ്യത മൂലം നിലവിൽ മരുന്ന് പോലും മുടങ്ങുന്ന സ്ഥിതി ആണ്.

തിരിച്ചടവ് മുടങ്ങിയതോടെ കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടി തുക ലഭിക്കാൻ ഈടായി നൽകിയ പത്ത് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. തുടർചികിത്സയ്ക്കു മാത്രം മുപ്പത് ലക്ഷത്തോളം രൂപ വേണ്ടി വരും. ആദർശിനെ ഇനി ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സുമനസ്സുകൾ‍ സഹായിക്കും എന്ന പ്രതീക്ഷയിൽ ആണ് കു‍ടുംബം. സഹായങ്ങൾ നൽകാൻ എസ്ബിഐ പാറശാല ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 67295348612, ഐഎഫ്എസ്‌സി കോഡ് എസ്ബിഐഎൻ 0070037. ഗൂഗിൾ പേ നമ്പർ 8129609450, വിവരങ്ങൾക്ക് 9995179065. 

Tags:
  • Spotlight