Wednesday 21 February 2024 05:00 PM IST : By സ്വന്തം ലേഖകൻ

യൂറോപ്പിലേക്കു കെയർ വീസയിൽ പോകാൻ 12 ലക്ഷം രൂപയാകുമെന്ന് ഏജൻസി, ആ മാർഗം വിശ്വസിക്കാമോ?

care-visa-1

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു

കെ.ഹരികൃഷ്ണൻ നമ്പൂതിരി, ഡയറക്ടർ & സിഇഒ, നോർക റൂട്ട്സ്

ഞാൻ നഴ്സിങ് ഡിപ്ലോമ പാസായിട്ടുണ്ട്. മൂന്നു വർഷം ആ ജോലി ചെയ്തെങ്കിലും കഴിഞ്ഞ 10 വർഷമായി ഖത്തറിൽ ഒരു കണ്‍സ്ട്രക്‌ഷൻ കമ്പനിയുടെ ലോജിസ്റ്റിക്സ് വിഭാഗത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്.

യൂറോപ്പിലേക്കു കെയർ വീസയിൽ പോകാൻ ഏജൻസികൾ വഴി അന്വേഷിച്ചപ്പോൾ 12 ലക്ഷം രൂപയാകുമെന്നു പറഞ്ഞു. അത്തരം മാർഗം ഗുണകരമാകുമോ ?

സാം ബാബു

കൊല്ലം

യൂറോപ്യൻ രാജ്യങ്ങൾ പലതും കെയർ വീസ ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന കാര്യം ആദ്യം മനസ്സിലാക്കുക. വിദേശ കുടിയേറ്റത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ക്വാളിറ്റി മൈഗ്രേഷൻ ആണ് പരിഗണിക്കേണ്ടത്. നഴ്സിങ് ഡിപ്ലോമ പാസായെങ്കിലും കഴിഞ്ഞ പത്തുവർഷമായി മറ്റൊരു മേഖലയിലാണു ജോലി ചെയ്യുന്നതെന്നു താങ്കൾ തന്നെ പറഞ്ഞല്ലോ.

നഴ്സിങ് കരിയറിലേക്കു തിരിച്ചു വരണമെങ്കിൽ ആദ്യം തന്നെ ആ തൊഴിൽ മേഖലയിലേക്കു തിരിച്ചു വരണം. ആ ജോലിയിൽ നിൽക്കെ വിദേശത്തേക്കു റജിസ്ട്രേഡ് ന ഴ്സായി പോകാൻ ശ്രമിക്കാം. പ്രവൃത്തി പരിചയവും ഭാഷായോഗ്യതയുമടക്കം മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു ശരിയായ മാർഗത്തിലൂടെ വിദേശത്തേക്കു പോയാൽ പിന്നീട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല.

കെയർ വീസയിൽ വിദേശത്ത് എത്തിക്കാമെന്നു പറഞ്ഞു പല ഏജൻസികളും രംഗത്തുണ്ട്. അങ്ങനെ വിദേശത്ത് എത്തിയ ശേഷം പ്രതീക്ഷിച്ച ശമ്പളമോ ജീവിതസൗകര്യങ്ങളോ ലഭിക്കാതെ കഷ്ടപ്പെടേണ്ടി വരുന്നവരുടെ നിര വധി കേസുകൾ നമ്മുടെ മുൻപിലുണ്ട്. മോഹനവാഗ്ദാനങ്ങളിൽ മയങ്ങി പണം നഷ്ടപ്പെട്ടു താങ്ങാവുന്നതിലും അധികം കടവുമായി നാട്ടിലേക്കു മടങ്ങിപ്പോന്നവരുണ്ട്.

നഴ്സിങ് പഠനം തിരഞ്ഞെടുക്കുന്നവർ പലരും വിദേ ശജോലിയും കുടിയേറ്റവും ലക്ഷ്യമായി മനസ്സിൽ സൂക്ഷിക്കുന്നവരാണ്. ഏതു രാജ്യത്തേക്ക് ആണോ കുടിയേറ്റത്തിനു ലക്ഷ്യമിടുന്നത്, അവിടുത്തെ ഭാഷ പ്രാഥമികമായി നഴ്സിങ് പഠനത്തിനൊപ്പം പരിശീലിക്കുന്നതു ഗുണകരമാണ്.

ഇത് നഴ്സിങ് കരിയറിനു മാത്രമല്ല, എല്ലാത്തരം പ്രഫഷനൽ കോഴ്സുകൾ ചെയ്യുന്ന വിദ്യാർഥികളും മനസ്സിൽ വയ്ക്കേണ്ട കാര്യമാണ്. ഉദാഹരണമായി ജർമനി പോലെയുള്ള രാജ്യങ്ങളിൽ പ്രഫഷനൽ യോഗ്യതയും പരിചയസമ്പത്തും പോലെ തന്നെ പ്രധാനമാണ് ജർമൻ ഭാഷയിലുള്ള പ്രാവീണ്യവും.

പഠന കാലത്ത് അതിനു കഴിഞ്ഞില്ല എന്നോർത്തു വിഷമം വേണ്ട. താങ്കളെ സംബന്ധിച്ച് നഴ്സിങ് ജോലിക്ക് ആ വശ്യമായ പ്രഫഷനൽ യോഗ്യത കയ്യിലുണ്ട്. വേണ്ടതു പ്രവൃത്തി പരിചയവും ഭാഷാപ്രാവീണ്യ പരീക്ഷയിലെ മികച്ച സ്കോറും മാത്രം. അൽപം കാത്തിരുന്നു പരിശ്രമിച്ചാൽ ബാധ്യതയൊന്നുമില്ലാതെ റജിസ്ട്രേഡ് നഴ്സായി നേരിട്ടുപോകാനുള്ള അവസരം മുന്നിലുണ്ട്. അതു പ്രയോജനപ്പെടുത്തുക. കുറുക്കുവഴികൾ തേടാതിരിക്കുക.

(വിദേശ കുടിയേറ്റം സംബന്ധിച്ച നിങ്ങളുെട സംശയങ്ങൾ വാട്സാപ് സന്ദേശമായി: 98953 99206 നമ്പരിലേക്ക് അയക്കുക.)