Friday 01 March 2024 11:52 AM IST : By സ്വന്തം ലേഖകൻ

അനന്ത്–രാധിക വിവാഹ ആഘോഷങ്ങൾക്കു തുടക്കം: അനുഗ്രഹം തേടി അംബാനി കുടുംബത്തിന്റെ അന്നസേവ

anna-seva-1 അനന്ത് അംബാനിയും രാധിക മർച്ചന്റും അന്നസേവയ്ക്കിടെ

നാടും നഗരവും ഞെട്ടുന്നൊരു വിവാഹ ആഘോഷത്തന്റെ അണിയറയിലാണ് അംബാനി കുടുംബം. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും പ്രശസ്ത വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹം പടിവാതിൽക്കലെത്തി നിൽക്കുകയാണ്.

ജൂലൈ 12ന് മുംബൈയിൽ വച്ച് ആഘോഷപൂർവം വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. വിവാഹത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ അംബാനി കുടുംബം നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ വിവാഹ ചടങ്ങുകളുടെ ഭാഗമായി അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു. തങ്ങളുടെ ദീർഘകാല പാരമ്പര്യത്തിന് അനുസൃതമായി ഗ്രാമവാസികളിൽ നിന്ന് അനുഗ്രഹം തേടിയാണ് അന്ന സേവ നടത്തുന്നത്. റിലയൻസിന്റെ ജാംനഗർ ടൗൺഷിപ്പിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് അന്നസേവയിൽ പങ്കെടുക്കുന്നത്.

51,000 പ്രദേശവാസികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്. ജാംനഗറിലും പരിസരത്തുമുള്ള ഗ്രാമങ്ങളിൽ അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് തുടരും.

anna-seva-2

ഇന്നലെ ജാംനഗറിലെ റിലയൻസ് ടൗൺഷിപ്പിന് സമീപമുള്ള ജോഗ്വാദ് ഗ്രാമത്തിൽ മുകേഷ് അംബാനി, അനന്ത് അംബാനി, രാധിക മർച്ചന്റ്, വീരേൻ മർച്ചന്റ്, ഷൈല മർച്ചന്റ് എന്നിവർ വ്യക്തിപരമായി ഗുജറാത്തി പരമ്പരാഗത അത്താഴ വിഭവങ്ങൾ വിളമ്പി. അത്താഴത്തിന് ശേഷം, പങ്കെടുക്കുന്നവർക്കായി പ്രശസ്ത ഗുജറാത്തി ഗായകൻ കീർത്തിദൻ ഗാധ്വിയുടെ പരമ്പരാഗത നാടോടി സംഗീത വിരുന്നും ഉണ്ട്.

വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങുകള്‍ മാര്‍ച്ച് ആദ്യം ജാംനഗറില്‍ വെച്ച് നടക്കും. ഈ ചടങ്ങിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രശസ്തരായ നിരവധിപേർ എത്തും. റിലയൻസ് ടൗൺഷിപ്പിലും വിവിധ വിഐപി ഗസ്റ്റ് ഹൗസുകളിലും നടക്കുന്ന ആഘോഷങ്ങളിൽ 1,200-ലധികം അതിഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി കലാകാരന്മാർ അണിനിരക്കും.

anna-seva-3

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബ്ലാക്ക്റോക്ക് സിഇഒ ലാരി ഫിങ്ക്, ബ്ലാക്സ്റ്റോണ്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ഷെവര്‍സ്മന്‍, ഡിസ്നി സിഇഒ ബോബ് ഇഗര്‍, ഇവാങ്ക ട്രംപ്, മോര്‍ഗന്‍ സ്റ്റാന്‍ലി സിഇഒ ടെഡ് പിക്, ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രിയാന്‍ തോമസ് മോയ്നിഹാന്‍, അഡ്നോക് സിഇഒ സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബര്‍, ഇഎല്‍ റോത് ചൈല്‍ഡ് ചെയര്‍മാന്‍ ലിന്‍ ഫോറസ്റ്റര്‍ ഡി റോത് ചൈല്‍ഡ്, ബൂട്ടാനിലെ രാജാവും രാജ്ഞിയും, ടെക് നിക്ഷേപകന്‍ യുറി മില്‍നര്‍, അഡോബ് സിഇഒ ഷാന്തനു നാരായണ്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര പ്രമുഖരാകും ആനന്ദ് - രാധിക വിവാഹ ചടങ്ങില്‍ പങ്കെടുക്കുക എന്നാണ് വിവരം.

2022 ഡിസംബറിൽ രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും മോതിര കൈമാറ്റം നടന്നിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ അംബാനിയുടെ വസതിയായ ആന്റീലിയയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.