Tuesday 12 March 2024 02:57 PM IST : By സ്വന്തം ലേഖകൻ

‘ജഗനെ ജയിപ്പിക്കാന്‍ വോട്ട് ചെയ്യും’; പിന്നാലെ ട്രോളും സൈബര്‍ ആക്രമണവും! മനംനൊന്ത് യുവതി തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു

geethanjali-andra.jpg.image.845.440

ആന്ധ്രാപ്രദേശില്‍ സൈബറാക്രമണത്തില്‍ മനംനൊന്ത് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. തെനലി സ്വദേശി ഗോതി ഗീതാഞ്ജലി ദേവി (32) ആണ് മരിച്ചത്. വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാറിന്‍റെ പദ്ധതികളുടെ ഗുണഭോക്താവായ ഗീതാഞ്ജലി സര്‍ക്കാറിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു. തുടര്‍ന്ന് യുവതിക്കെതിരെ വന്ന നിരന്തരമായ ട്രോളിലും സൈബര്‍ ആക്രമണവും സങ്കടത്തിലായിരുന്നു ഗീതാഞ്ജലിയെന്ന് പൊലീസ് പറഞ്ഞു. ട്രോളും സൈബര്‍ ആക്രമണവും നിയന്ത്രിക്കാനാവാതെ തെനലി സ്റ്റേഷനിലെത്തിയ ഗീതാഞ്ജലി മാര്‍ച്ച് 7 ന് ജന്മഭൂമി എക്സ്പ്രസിന് മുന്നില്‍ ചാടുകയായിരുന്നു. ഗുണ്ടൂര്‍ ഗവ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് യുവതി മരണപ്പെട്ടത്. 

മാര്‍ച്ച് നാലിന് ആന്ധ്രാ പ്രദേശ് സര്‍ക്കാറിന്‍റെ ജഗനണ്ണ ഹൗസിങ് സ്കീം പ്രകാരം സ്ഥലം ലഭിച്ച വേദിയില്‍ ഗീതാഞ്ജലി സര്‍ക്കാര്‍ പദ്ധതികളെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു. "ഇന്ന് എന്‍റെ സ്വപ്നം സാക്ഷാത്കരിച്ചു. സ്വന്തം പേരില്‍ ഒരു ഭൂമി യാഥാര്‍ഥ്യമായി. ജഗന്‍ ഞങ്ങളുടെ ആഗ്രഹങ്ങള്‍ നേടി തന്നു. സ്ഥലത്തിന് ഞാന്‍ ഒരു പണവും ചെലവാക്കിയില്ല, ഒപ്പം അമ്മ വോദി വഴിയും വൈഎസ്ആര്‍ ചെയ്ത വഴിയും സാമ്പത്തിക സഹായം ലഭിച്ചു. ജഗനെ ജയിപ്പിക്കാന്‍ വോട്ട് ചെയ്യും" എന്നിങ്ങനെയായിരുന്നു ഗീതാഞ്ജലി പറഞ്ഞത്. 

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഈ വിഡിയോ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. പ്രതിപക്ഷം യുവതിയെ ലക്ഷ്യമിട്ട് ട്രോളും സൈബര്‍ ആക്രമണവും നടത്തുകയും ജഗനെ നല്ല വാക്ക് പറയാന്‍ ഗീതാഞ്ജലി പണം വാങ്ങിയെന്ന് ടിഡിപിയും ജനസേന പ്രവര്‍ത്തകര്‍ ആരോപിക്കുകയും ചെയ്തു. ഈ സങ്കടത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് വൈഎസ്ആര്‍ ആരോപിക്കുന്നത്. യുവതിയെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ച ഹാന്‍ഡിലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആന്ധ്രാപ്രദേശ് വനിത കമ്മീഷന്‍ വ്യക്തമാക്കി.

Tags:
  • Spotlight