Friday 16 February 2024 04:52 PM IST

‘ഫൊട്ടോയ്ക്ക് പോസ് ചെയ്യാൻ പോലും മടിയായിരുന്നു, ആത്മവിശ്വാസം കൈമുതലാക്കി ആ വലിയ തീരുമാനം എടുത്തു’: അനുവിന്റെ വിജയഗാഥ

Delna Sathyaretna

Sub Editor

anu-elint

പത്തുപേരെ നോക്കി ധൈര്യത്തോടെ സംസാരിക്കാനുള്ള ആത്മവിശ്വാസം നേടിയ ശേഷമാണ് ആ വലിയ തീരുമാനങ്ങളെടുത്തത്.

സ്വന്തം ആശയം ബിസിനസ് ആക്കി വിജയിച്ച വനിതകൾ പറയുന്നതു കേൾക്കൂ...

‘‘കോടതി നടപടികൾക്കുള്ള സോഫ്റ്റ്‌വെയർ സേവനമാണ് ഞങ്ങൾ നൽകുന്നത്.’’ അനു ടി.എസ്. എലിന്റ് എഐ എന്ന ടെക് സ്റ്റാർട്ടപ് സംരംഭക

ഫൊട്ടോയ്ക്കു പോലും ആത്മവിശ്വാസത്തോടെ ചിരിക്കാൻ കഴിയാത്ത ആളായിരുന്നു ഞാൻ. സ്വയം സ്നേഹിക്കാനും നന്നായി വ്യായാമം ചെയ്യാനും ഇഷ്ടമുള്ള വസ്ത്രങ്ങളെല്ലാം ധരിക്കാനും തുടങ്ങിയപ്പോഴാണ് ആത്മവിശ്വാസം കൂടിയത്. പത്തുപേരെ നോക്കി ധൈര്യത്തോടെ സംസാരിക്കാനുള്ള ആത്മവിശ്വാസം നേടിയ ശേഷമാണ് ഞാൻ ജീവിതത്തിലെ തീരുമാനങ്ങളെടുത്തത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായിരുന്നു എലിന്റ്.’’ അനു പറയുന്നു.

ഏഷ്യൻ രാജ്യങ്ങളിലെയും മധ്യേഷ്യയിലെയും കോടതികളിലെ നടപടിക്രമങ്ങൾക്കുള്ള സോഫ്റ്റ്‌വെയർ സേവനമാണ് എലിന്റ് നൽകുന്നത്. ‘മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക’ എന്നാണ് എലിന്റിന്റെ അർഥം. ജുഡീഷ്യൽ സംവിധാനത്തിൽ ഉപയോഗിക്കാൻ സോഫ്റ്റ്‌വെയർ തയാറാക്കുമ്പോൾ എഐ അത്യാവശ്യമാണ്. ഓരോ കേസിന്റെയും ഗതിക്കനുസച്ചാണ് തീരുമാനങ്ങൾ വേണ്ടിവരുന്നത്. എഐ സഹായത്തോടെയേ അതു ചെയ്യാനാകൂ. എലിന്റ് എഐ‌യ്ക്കു രൂപം കൊടുത്തത് ആ പശ്ചാത്തലത്തിലാണ്.

സോഫ്റ്റ്‌വെയർ മാടി വിളിച്ചപ്പോൾ

‘‘ദുബായിൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗത്തിലെജോലി മതിയാക്കി ചെന്നൈയിലെ ആർട്ട്സ് ഇലസ്ട്രേറ്റർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാഗസിൻ സെയിൽസ് മേധാവിയായി ജോലി ചെയ്തു വരുമ്പോഴാണ് ആദ്യത്തെ ബിസിനസിലേക്കു വഴിതുറക്കുന്നത്. സോഫ്റ്റ്‌വെയർ വിൽപന മുൻപരിചയമുണ്ടായിരുന്ന മേഖലയാണ്. അങ്ങനെ ബിഗ്ഫോർമുല സൊല്യൂഷൻസ് എന്ന കമ്പനി തുടങ്ങി.’’

വിവിധ ആവശ്യക്കാർക്കായി സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് നൽകുന്ന ബിഗ് ഫോർമുല അഞ്ച് മുതൽ 10 കോടിയോളം വാർഷിക വരുമാനമുള്ള കമ്പനിയാണ്. ഒരു വർഷം മുൻപാണ് എലിന്റിന്റെ തുടക്കം. ജുഡീഷ്യൽ സംവിധാനം പൂർണമായും ഡിജിറ്റലൈസ്ഡ് അല്ലെന്നും ആ രീതിയിൽ മാറ്റം വരും എന്നുമുള്ള തോന്നലിൽ നിന്നാണ് ഈ സംരംഭത്തിന്റെ തുടക്കം. നിയമവിദഗ്ധരുടെ മികവുറ്റ ടീമും സാങ്കേതിക മികവുമാണ് ഞങ്ങളുടെ കരുത്ത്. ’’ കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എലിന്റിന്റെ അമരക്കാരി അനുവിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി.

മാറേണ്ട സാഹചര്യങ്ങൾ

‘സ്ത്രീകൾക്ക് സമൂഹം വേണ്ട പിന്തുണ നൽകിയാൽ അ വർക്ക് അദ്ഭുതങ്ങൾ പ്രവർത്തിക്കാനാകും. ചെറിയ കുട്ടികളുള്ള അമ്മമാർ ജോലിസ്ഥലത്തു പോകുമ്പോഴും അവരുടെ ചിന്തകളിൽ പകുതിയും വീടിനെക്കുറിച്ചാകും. ബുദ്ധിയുടെ പകുതി മാത്രമുപയോഗിച്ച് അവർക്കു നന്നായി പെർഫോം ചെയ്യാൻ കഴിയുന്നെങ്കില്‍ ഓരോ സ്ത്രീയുടേയും കഴിവ് എത്രത്തോളമുണ്ടാകുമെന്നത് അതിശയമല്ലേ.

മതിയായ സ്ഥലസൗകര്യത്തോടെ ഓഫിസൊരുക്കാ ൻ കഴിയുമ്പോൾ അവിടെ കുട്ടികളെ നോക്കാൻ കിൻഡർ ഗാർട്ടനുമുണ്ടാകും. അതു തൊഴിൽ സംസ്കാരത്തിന്റെ ഭാഗമായി മാറണമെന്നാണു മോഹം.’’

ഡെൽന സത്യരത്‌ന