Wednesday 17 April 2024 10:49 AM IST : By സ്വന്തം ലേഖകൻ

‘പഠനം തുടരാൻ അനുവദിക്കണം’: 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ജാമ്യാപേക്ഷയുമായി അനുപമ

anupama-8

മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്കായി കൊല്ലം അഡീഷനൽ സെഷൻസ് കോടതി-1ൽ ജാമ്യാപേക്ഷ നൽകി. ഇന്നലെയാണ് അഡ്വ. പ്രഭു വിജയകുമാർ മുഖേന ജാമ്യാപേക്ഷ നൽകിയത്. കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. 

വിദ്യാർഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്നാണ് ആവശ്യം.  മോചനദ്രവ്യം നേടാൻ കഴിഞ്ഞ നവംബർ 27ന് വൈകിട്ട് നാലരയോടെ  ഓയൂരിൽ നിന്നും ആറു വയസ്സുകാരിയെ കാറിൽ കടത്തി കൊണ്ടു പോയി തടങ്കലിൽ‌ പാർപ്പിച്ചെന്ന് ആരോപിച്ച് പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത ‍ കേസിൽ മൂവരും ജയിലിലാണ്. കുട്ടിയെ കൊല്ലത്തെ പൊതുസ്ഥലത്ത് ഉപേക്ഷിച്ച് കാറിൽ തമിഴ്നാട്ടിലേക്ക് കടന്ന പ്രതികളെ  ഡിസംബർ 2ന് അറസ്റ്റ് ചെയ്തു. കേസ് അന്വേഷണം നടത്തിയ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം നൽകി.