Tuesday 06 June 2023 12:46 PM IST : By സ്വന്തം ലേഖകൻ

അസി. കലക്ടറുടെ കാറിന്റെ കണ്ണാടി ഇടിച്ചു തകർത്തു; സ്വകാര്യ ബസ് ഡ്രൈവറും ഉടമയും പാഠം പഠിച്ചു ‘കഥാരൂപത്തിൽ’!

private-bus-ekm

അസിസ്റ്റന്റ് കലക്ടർ ഹർഷിൽ ആർ. മീണയുടെ കാറിന്റെ കണ്ണാടി ഇടിച്ചു തകർത്ത സ്വകാര്യ ബസിന്റെ ഡ്രൈവർക്കും ഉടമയ്ക്കും ശിക്ഷ ലഭിച്ചതു വായനയുടെ രൂപത്തിൽ. മോട്ടർ വാഹനനിയമം കഥാരൂപത്തിൽ അവതരിപ്പിക്കുന്ന ‘കഥയിലെ കാര്യം’ വായിച്ചു തീർത്ത ശേഷമാണ് ഇരുവരും ആർടി ഓഫിസിൽ നിന്നു മടങ്ങിയത്.

കഴിഞ്ഞ ദിവസം രാവിലെ 8.30ന് ഇടപ്പള്ളിയിലാണ് അസിസ്റ്റന്റ് കലക്ടറുടെ കാറിൽ വരാപ്പുഴ ഭാഗത്തുനിന്നു വന്ന ബസ് ഇടിച്ചത്. കാർ റോഡുവക്കിൽ പാർക്ക് ചെയ്ത സമയത്താണ് അപകടം. ബസ് ഹോൺ മുഴക്കിയപ്പോൾ അസിസ്റ്റന്റ് കലക്ടറുടെ ഡ്രൈവർ കാർ ഒതുക്കിയിട്ടെങ്കിലും ബസ് മറികടക്കുന്നതിനിടെ കാറിന്റെ വലതു വശത്തെ കണ്ണാടിയിൽ ഇടിക്കുകയായിരുന്നു. പരാതിയില്ലെന്ന് അസിസ്റ്റന്റ് കലക്ടറുടെ ഡ്രൈവർ അറിയിച്ചെങ്കിലും ബസ് ഡ്രൈവറെയും ഉടമയെയും ആർടിഒ ജി. അനന്തകൃഷ്ണൻ ഓഫിസിലേക്കു വിളിപ്പിച്ചു.

മോട്ടർ വാഹന നിയമങ്ങളെ അടിസ്ഥാനമാക്കി റിട്ട. ജോയിന്റ് ആർടിഒ ജി. ആദർശ്കുമാർ കഥാ രൂപത്തിൽ എഴുതിയ ‘കഥയിലെ കാര്യം’ പുസ്തകമാണു വായിക്കാൻ നൽകിയത്. വായന പൂർത്തിയാക്കിയ ഡ്രൈവറെയും ഉടമയെയും താക്കീതു നൽകി വിട്ടയച്ചു.

Tags:
  • Spotlight