Tuesday 16 January 2024 11:23 AM IST : By സ്വന്തം ലേഖകൻ

പെണ്‍കുഞ്ഞിനെ ആഗ്രഹിച്ചു, മൂന്നാമതും ആണ്‍കുഞ്ഞു പിറന്നു; 12 ദിവസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്! ദാരുണം

istockphoto-1365970471-612x612

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ബേത്തുല്‍ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. പെണ്‍കുട്ടി ജനിക്കാത്തതില്‍ നിരാശനായ പിതാവ് 12 ദിവസം മാത്രം പ്രായമുളള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവും കേസിലെ പ്രതിയുമായ അനിലിനെ പൊലീസ് അറസ്റ്റു ചെയ്തു. 

ബജ്ജര്‍വാദ് ഗ്രാമത്തില്‍ തിങ്കളാഴ്ച്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനിലിന് 2 ആണ്‍കുട്ടികളാണുളളത്. മൂന്നാമത് ജനിച്ചിക്കുന്നത് പെണ്‍കുഞ്ഞാകണമെന്നായിരുന്നു അനിലിന്റെ ആഗ്രഹം. എന്നാല്‍ വീണ്ടും ആണ്‍കുഞ്ഞ് തന്നെ പിറന്നപ്പോള്‍ അനില്‍ നിരാശനായി. തുടര്‍ന്ന് ഭാര്യയോടും ജനിച്ച കുഞ്ഞിനോടും അനിലിന് ദേഷ്യമായി. ഈ നിരാശയും ദേഷ്യവും വൈരാഗ്യവുമാണ് അനിലിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. 

സംഭവദിവസം മദ്യപിച്ചെത്തിയ അനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നാരോപിച്ച് ഭാര്യയെ മാരകമായി മര്‍ദ്ദിക്കുകയും കുഞ്ഞിനെ തട്ടിപ്പറിക്കുകയും ചെയ്തു. ഉപദ്രവം ഭയന്ന് വീട്ടില്‍ നിന്നും ഓടിപ്പോയ ഭാര്യ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ജീവനറ്റ് കിടക്കുന്ന കുഞ്ഞിനെയാണ്. കുഞ്ഞിന്‍റെ കഴുത്തില്‍ ഞെരിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ അനിലിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെണ്‍കുഞ്ഞിനെ അതിയായി ആഗ്രഹിച്ചിട്ട് ലഭിക്കാത്തതിന്റെ നിരാശയിലാണ് താന്‍ ഇളയ മകനെ കൊലപ്പെടുത്തിയതെന്ന് അനില്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. 

Tags:
  • Spotlight