Tuesday 06 June 2023 04:41 PM IST

‘മുടി നൽകിയത് കാൻസർ രോഗികൾക്ക്, അത് ചെന്നത് സിനിമ സെറ്റിലും’: കരുണ മുതലാക്കി മാഫിയ: മുടി മുറിക്കുന്നത് ആർക്കുവേണ്ടി?: പരമ്പര

Binsha Muhammed

hair-donation-scam

മുടിത്തുമ്പു മുറിക്കുമ്പോഴും ഒന്നോ രണ്ടോ കൊഴിഞ്ഞു വീഴുമ്പോഴും പിടയ്ക്കുന്ന മനസുള്ളവരാണ് നമ്മൾ. കാരണം മുടിയെന്നത് ആണിനും പെണ്ണിനും ഹൃദയത്തോടു ചേർന്നു നിൽക്കുന്ന സ്റ്റൈൽ സ്റ്റേറ്റ്മെന്റാണ്. ഇഷ്ടപ്രകാരം നീട്ടിയും വളർത്തിയും കളര്‍ ചെയ്തും പൊന്നുപോലെ പരിപാലിക്കുന്ന മുടിയിഴകളുടെ കാര്യത്തിൽ ചിലപ്പോഴെങ്കിലും നമ്മൾ വിട്ടുവീഴ്ച ചെയ്യാറുണ്ട്. കാൻസറിന്റെ വേരുകള്‍ ഉള്ളിലാഴ്ന്നിറങ്ങിയപ്പോൾ അരുമയായി കാത്തുസൂക്ഷിച്ച തലമുടിയിഴകൾ നഷ്ടപ്പെട്ടു പോയവർക്കു വേണ്ടിയായിരിക്കും ആ വിട്ടുവീഴ്ച. കീമോ കിരണങ്ങളിൽ വെന്തുരുകി പോയവർക്കു വേണ്ടി മുന്നും പിന്നും നോക്കാതെ ഡൊണേറ്റ് ചെയ്യുന്നത് മഹാനന്മയാണെന്ന കാര്യത്തിലും സംശയമില്ല. അടുത്തിടെ കാൻസർ രോഗികൾക്കായി മുടി നീട്ടി വളർത്തിയ കുട്ടിയെ സ്കൂളിൽ നിന്നും പുറത്താക്കിയെന്ന വാർത്തയ്ക്കു കീഴിലും ഐക്യദാർഢ്യം പ്രകടമായത് ആ നന്മയുടെ പേരിലാണ്.  

കാൻസർ രോഗികൾക്കു വേണ്ടി മുടി കലക്റ്റ് ചെയ്യുന്നുവെന്ന് പരസ്യപ്പെടുത്തി മുടി കലക്റ്റ് ചെയ്യുന്ന ഫൗണ്ടേഷനുകളും സന്നദ്ധ സംഘടനകളും ഇടനിലക്കാരും ഇന്ന് ആവോളമുണ്ട്. പക്ഷേ ചോദ്യം അതല്ല, നിങ്ങൾ ചെയ്യുന്ന ത്യാഗം, പകുത്തു നൽകുന്ന മുടിയിഴകൾ അത്... കാൻസർ രോഗികളിലേക്ക് തന്നെയാണോ എത്തുന്നത്? ഒരു കാൻസർ രോഗിക്കുള്ള വിഗിന് എങ്കിലും ഉപകാരപ്പെടട്ടേ എന്ന് മനസിലുറപ്പിച്ച് നിങ്ങൾ കൊടുക്കുന്ന മുടി പിന്നെ എങ്ങോട്ടാണ് പോകുന്നത്. ‘വനിത ഓൺലൈൻ’ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കാൻസർ രോഗികളുടെ അവസ്ഥയും വേദനയും ചൂഷണം ചെയ്ത് മുഖത്തൊരു ചിരിയും ഫിറ്റ് ചെയ്ത് നമ്മളിൽ നിന്നും മുറിച്ചെടുത്തു കൊണ്ടു പോകുന്ന ആ മുടിയിഴകളുടെ യാത്ര എങ്ങോട്ട്? വനിത ഓൺലൈൻ അന്വേഷണ പരമ്പര തുടങ്ങുന്നു. ‘മുടി മുറിക്കുന്നത് ആർക്കു വേണ്ടി?’

രാജ്യത്തുടനീളം പുറത്തും വ്യാപിച്ചു കിടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹെയർ ഡൊണേഷൻ എൻജിഒയായ ‘ഹെയർ ഫോർ ഹോപ്പിന്റെ’ സ്ഥാപകയും കാൻസർ അതിജീവിതയുമായ പ്രേമി മാത്യു സംസാരിക്കുന്നു.

കച്ചവടമാക്കരുത്... അവരുടെ കണ്ണീരാണ്

കാൻസർ അതിജീവിതയാണ് ഞാൻ. അതുകൊണ്ടു തന്നെ ആ വേദന അനുഭവിക്കുന്നവരുടെ മാനസികാവസ്ഥയും ജീവിത പരിസരങ്ങളും എനിക്ക് നന്നായി അറിയാം. കീമോ കിരണങ്ങൾ കൊഴിയിച്ചു കളഞ്ഞ മുടിച്ചുരുളുകളെ നോക്കി നിസഹായരായി നിൽക്കുന്ന വേദനകൾ പലപ്പോഴും അടുത്തു നിന്നു കണ്ടിട്ടുണ്ട്. മുടിയുടെ വേരുകളെ വരെ കരിയിച്ചു കളഞ്ഞ കാൻസറിൽ പുളയുന്നവർക്ക് തന്റെ മുടി ദാനം ചെയ്ത ഒരു പത്തു വയസുകാരനാണ് എന്നെ ഇന്നത്തെ പ്രേമിയാക്കിയത്. ഇക്കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏകദേശം നാലായിരത്തോളം കാൻസർ രോഗികൾക്ക് ഞാൻ നേതൃത്വം നൽകുന്ന ഹെയർ ഫോർ ഹോപ്പിലൂടെ വിഗ് നിർമിച്ചു നൽകി സാന്ത്വനം പകരാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും ആ നന്മയുടെ പതാകവാഹകയാണ് ഞാനെന്നു പറയുന്നതിൽ അഭിമാനമേറെ. കാൻസർ രോഗികളുടെ വേദന ചൂഷണം ചെയ്യാൻ ഒരു വിഭാഗം രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്ന സത്യം വളരെ നേരത്തെ തന്നെ ‍ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അടുത്തറിഞ്ഞപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാൻ സാധിച്ചതും.– പ്രേമി പറഞ്ഞു തുടങ്ങുകയാണ്.

കാൻസർ ചികിത്സ രംഗത്തു പേരുകേട്ട പല ആശുപത്രികളുടേയും പേരിലാണ് ഈ തട്ടിപ്പ് യഥേഷ്ടം അരങ്ങേറുന്നത്. ‘കാൻസര്‍ രോഗിക്കായി മുടി സംഭാവന ചെയ്യാമോ?’ എന്ന് കേൾക്കുമ്പോൾ തന്നെ കേട്ടപാതി കേൾക്കാത്ത പാതി പലരും മനസറിഞ്ഞ് സംഭാവന ചെയ്യും. എന്നാൽ സംഭാവന ചെയ്യുന്ന ചെയ്യുന്ന മുടിയുടെ പോക്ക് അത്ര നേരായ പാതയിലൂടെയല്ല എന്നതാണ് സത്യം.

കാൻസർ ചികിത്സയ്ക്ക് പേരുകേട്ട ആശുപത്രികളിലേക്ക് കലക്ട് ചെയ്യുന്ന മുടികൾ നേരിട്ടെത്തിക്കുന്നതാണ് ഞങ്ങളുടെ രീതി. ഹെയർ ഫോർ ഹോപ്പിന്റെ വെബ്സൈറ്റ്, വിവിധങ്ങളായ ക്യാംപയിനുകൾ, ഇവന്റുകൾ എന്നിവ മുഖാന്തിരമാണ് ഹെയർ ഡൊണേഷനെക്കുറിച്ചുള്ള അവബോധം നൽകുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കാൻസർ ചികിത്സ രംഗത്തുള്ള ആശുപത്രികളിലെ മാനേജ്മെന്റുകളുടെ അറിവോടു കൂടിയായിരിക്കും കാൻസർ പേഷ്യന്റിനുള്ള മുടി കലക്ട് ചെയ്യുന്നത്. അവിടെ ഇടനിലക്കാർക്കോ ദല്ലാൾമാർക്കോ ഏജന്റുമാർക്കോ സ്ഥാനമില്ല.

നേരത്തെ കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രിയും ഞങ്ങളുമായി സഹകരിച്ച് വളരെ വിപുലമായ രീതിയിൽ ഒരു ക്യാംപയിൻ ആരംഭിച്ചിരുന്നു. അന്ന് അഞ്ച് പേരിൽ നിന്ന് കലക്ട് ചെയ്യുന്ന മുടി ഒരു വിഗ് എന്ന കണക്കിൽ പ്രോസസ് ചെയ്ത് അർഹരിലേക്ക് എത്തിച്ചിരുന്നു. മുടി ദാനം ചെയ്യാൻ സന്നദ്ധരായവരേയും അത് സ്വീകരിക്കുന്ന രോഗികളേയും ബന്ധിപ്പിക്കുന്ന ചാലകം കൂടിയാണ് ഹെയർ ഫോർ ഹോപ്പ് എന്ന് അഭിമാനത്തോടെ പറയട്ടെ.

പക്ഷേ ഞങ്ങളുടെ എൻജിഒയ്ക്കും ആശുപത്രിക്കും ഇടയിൽ വളരെ സുതാര്യമായി നടക്കുന്ന ഈ സംവിധാനത്തിനിടയിൽ ചില ‘അവതാരങ്ങൾ’ രംഗ പ്രവേശനം ചെയ്തതോടെയാണ് ഇതൊരു അഴിമതിയായി മാറിയത്.

hair-donation-2

സിനിമാക്കാരുടെ തലയിലേക്ക്

ഒരു അനുഭവം പറയാം. അടുത്തിടെ ഞങ്ങളുടെ എൻജിഒയിലൂടെ മുടി ഡൊണേറ്റ് ചെയ്യാൻ ഒരു പെൺകുട്ടി സന്നദ്ധയായെത്തി. പക്ഷേ പലവിധ സാഹചര്യങ്ങൾ കൊണ്ട് ഞങ്ങളുടെ കെയർഓഫിൽ ഹെയർ ഡൊണേറ്റ് ചെയ്യാൻ ആ കുട്ടിക്ക് കഴിയാതെ പോയി. ഈ സാഹചര്യത്തിലാണ് ചെന്നൈയിലെ ഒരു പ്രമുഖ ആശുപത്രിയുടെ ഏജന്റ് എന്ന വ്യാജേന ഒരാൾ ആ കുട്ടിയെ സമീപിക്കുന്നത്. കാൻസർ പേഷ്യന്റിനു വേണ്ടിയാണന്നും മുടി ദാനം ചെയ്യണമെന്നും അഭ്യർഥിച്ചു. ആ കുട്ടി വിശ്വാസപൂർവം ഏറെനാളായി പരിപാലിച്ചിരുന്ന മുടി അയാളെ വിശ്വസിച്ച് ഡൊണേറ്റ് ചെയ്തു. നടന്ന സംഭവം ആ കുട്ടി വിവരിക്കുമ്പോൾ തന്നെ എനിക്ക് എന്തോ പന്തികേട് തോന്നി. ആദ്യം ഈ പറഞ്ഞ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ കലക്ട് ചെയ്തുവെന്ന പറയുന്ന ഹെയറുകൾ അവിടെ എത്തിയിട്ടേയില്ല. എന്നാൽ ഞാൻ അന്വേഷണം അവസാനിപ്പിച്ചില്ല, അത് കലക്ട് ചെയ്ത വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ആ മുടിയിഴകൾ പോയ ‘വളഞ്ഞവഴി’ തെളിഞ്ഞത്. സിനിമാ മേഖലയിലെയും മോഡലിങ്ങ് രംഗത്തേയും മേക്കപ്പിനും വിഗ് നിർമാണത്തിനും വേണ്ടിയാണത്രേ ആ മുടികൾ എത്തിച്ചു നൽകിയത്.

hair-donation-4 കേശദാനം നടത്തിയ വിദ്യാർഥികൾക്കൊപ്പം ഹെയർ ഫോർ ഹോപ്പ് ഫൗണ്ടർ പ്രേമി മാത്യു

ഈ രംഗത്തെ വ്യാജൻമാരെ തട്ടിയിട്ടും നടക്കാൻ മേലാ എന്ന അവസ്ഥയാണ്. ഓരോ സംസ്ഥാനം കേന്ദ്രീകരിച്ചാണ് ഇവരുടെ വിളയാട്ടം. ഹെയർ ഡൊണേഷന്‍ ഫോർ ഒഡീഷ, ഹെയർ ഡൊണേഷൻ ഫോർ ഹൈദരാബാദ് എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ കാണാം. ഇതെല്ലാം ഹെയര്‍ ഫോർ ഹോപ്പിന്റെ സഹസ്ഥാപനങ്ങളാണെന്ന് തെറ്റിദ്ധരിച്ചു പോയവരുമുണ്ട്.

മനുഷ്യരുടെ സഹാനുഭൂതിയേയും കരുണയേയും കച്ചവടമാക്കുന്നത് വലിയൊരു സോഷ്യൽ ക്രൈം ആണെന്നതിൽ സംശയിക്കേ വേണ്ട. കാൻസർ രോഗികളുടെ വേദനയുടെ ആഴമറിഞ്ഞവർ ആരും ഈ അഴിമതിക്ക് കൂട്ടു നിൽക്കില്ല. ഇത്തരക്കാർക്കെതിരെ കർശനമായ നടപടി വേണം. ഈ ലോബിയെ പുറത്തു കൊണ്ടുവരണം.–പ്രേമി മാത്യു പറഞ്ഞു നിർത്തി.

ഹെയർ ഫോർ ഹോപ്പിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ചുവടെയുള്ള വെബ്സൈറ്റിൽ

https://protectyourmom.asia/