Monday 19 February 2024 04:26 PM IST : By സ്വന്തം ലേഖകൻ

‘എന്റെ കുട്ടിയെ വിട്ടുതരണം, കൈകൂപ്പി യാചിക്കുകയാണ്’, പൊട്ടിക്കരഞ്ഞു അമ്മ; തട്ടിക്കൊണ്ടുപോയ സ്ഥലം തന്ത്രപ്രധാന സുരക്ഷാ മേഖല

pettah-family

മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം കിടന്നുറങ്ങിയ രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് നഗരമധ്യത്തിലെ അതീവ സുരക്ഷാമേഖലയിൽനിന്ന്. ബ്രഹ്മോസ് കേന്ദ്രം കഴിഞ്ഞ് ഓൾ സെയിന്റ്സ് കോളജ് എത്തുന്നതിനു തൊട്ടുമുൻപാണ് കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലം. മുൻപിൽ പേട്ട– ശംഖുമുഖം റോഡ്. ബ്രഹ്മോസും വിമാനത്താവളവും തൊട്ടടുത്തുള്ളതിനാൽ തന്ത്രപ്രധാന സുരക്ഷാ മേഖലയാണെങ്കിലും, ക്രിമിനൽ സംഘങ്ങളുടെ ഇഷ്ട സ്ഥലം കൂടിയാണ് ഇവിടം.

ഓൾ സെയിന്റ്സ് കോളജിനു മുന്നിൽനിന്ന് കഴക്കൂട്ടത്തേക്കും കൊല്ലത്തേക്കും പേട്ട ജംക്‌ഷനിൽനിന്നു കന്യാകുമാരി ഭാഗത്തേക്കും പോകാം. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന കുറ്റിക്കാടുകളുള്ള മൈതാനത്തിനു പുറകിൽ റെയിൽവേ ട്രാക്കും ചതുപ്പുമാണ്. ഏതു ഭാഗത്തേക്കും കുട്ടിയെ കൊണ്ടുപോകാവുന്ന സ്ഥലമായതിനാൽ പൊലീസ് വിപുലമായ അന്വേഷണമാണു നടത്തുന്നത്. കച്ചവടത്തിനായി വരുന്ന നാടോടി കുടുംബങ്ങൾ ഇവിടെ താമസിക്കാറുണ്ട്. ഇതര സംസ്ഥാനക്കാർ കൂടുതലുള്ള പ്രദേശവുമാണ്. കേരളത്തിനു പുറത്തുനിന്ന് എത്തുന്ന ലോറികൾ സ്ഥിരമായി പാർക്കു ചെയ്യുന്ന സ്ഥലം കൂടിയാണ് ഇത്.

വെളിച്ചകുറവ് കാരണം രാത്രിയിൽ കാര്യമായ പരിശോധന നടത്താൻ‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. പിന്നീട് തൊട്ടടുത്ത ചതുപ്പിൽ ഉൾപ്പെടെ പരിശോധന നടത്തി. 10 മണിക്കു മുൻപായി കുട്ടികൾക്ക് ആഹാരം കൊടുത്തു എന്നാണ് മാതാപിതാക്കൾ പൊലീസിനു നൽകിയ മൊഴി. 10 മണിക്കുശേഷം കുടുംബം ഉറങ്ങാൻ കിടന്നു. കൊതുകുവലയ്ക്കുള്ളിലാണ് കുട്ടിയെ കിടത്തിയിരുന്നത്.

12 മണിക്കുശേഷം അമ്മ നോക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം മനസിലായത്. തൊട്ടടുത്ത് മൂന്ന് സഹോദരങ്ങൾ ഉറങ്ങുന്നുണ്ടായിരുന്നു. പിതാവ് റോഡിലേക്കിറങ്ങി തിരച്ചിൽ നടത്തി. തൊട്ടടുത്ത് രാത്രിയിൽ പ്രവർത്തിക്കുന്ന കടയിൽ എത്തി വിവരം പറഞ്ഞു. അവർ നിർദേശിച്ചത് അനുസരിച്ച് പേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

സംഭവം നടന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറിയാണ് പേട്ട സ്റ്റേഷൻ. ഉടൻതന്നെ പൊലീസ് നഗരത്തിലുടനീളം തിരച്ചിൽ ആരംഭിച്ചു. പേട്ട റെയിൽവേ സ്റ്റേഷൻ അടുത്തായതിനാൽ അവിടെയും പരിശോധന നടത്തി. കുട്ടിയെ ട്രെയിനിൽ കടത്തിക്കൊണ്ടുപോകാൻ സാധ്യതയുള്ളതിനാൽ റെയില്‍വേ പൊലീസിനും വിവരം കൈമാറി. സിസിടിവികൾ കേന്ദ്രീകരിച്ച് രാത്രിതന്നെ പരിശോധന നടത്തി. കുട്ടിയെ കാണാതായ സമയം കൃത്യമായി അറിയാത്തതിനാൽ ഏറെ നേരത്തെ ദൃശ്യങ്ങൾ പരിശോധിക്കേണ്ടി വരുന്നുണ്ട്. ജില്ലാ അതിർത്തികളിലും പരിശോധന കർശനമാക്കി.

പേട്ട ജംക്‌ഷനിൽനിന്നും വിമാനത്താവളം കഴിഞ്ഞ് ബ്രഹ്മോസ് ചുറ്റുമതിലിനും അപ്പുറത്താണ് കുടുംബം താമസിക്കുന്നത്. വിമാനത്താവളം ഉള്ളതിനാൽ എപ്പോഴും വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയാണ് ഇത്. അതേസമയം തന്നെ ക്രിമിനൽ സംഘങ്ങളുടെ താവളവും. മയക്കുമരുന്നു സംഘങ്ങളും സജീവം. മഞ്ഞ സ്കൂട്ടർ സ്ഥലത്ത് എത്തി അനുജത്തിയെ കൊണ്ടുപോയെന്നാണ് കുട്ടിയുടെ സഹോദരൻ പൊലീസിനോടു പറഞ്ഞത്. മൊഴിയിലെ അവ്യക്തത അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന ഇതരസംസ്ഥാനക്കാരായ കുടുംബം ഒരു മാസം മുൻപാണ് ഹൈദരാബാദിൽനിന്ന് തലസ്ഥാനത്തെത്തിയത്. കറുപ്പിൽ പുള്ളികളുള്ള വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നത്. വെട്ടുകാട്–ചാക്ക വാർഡുകളുടെ അതിർത്തിയിലാണ് സ്ഥലം. മയക്കുമരുന്നു സംഘങ്ങൾ സ്ഥലത്ത് സജീവമാണെന്ന് ജനപ്രതിനിധികളും പറയുന്നു. റെയിൽവേയുടെ സ്ഥലമായതിനാൽ കാടുവെട്ടി വൃത്തിയാക്കാൻ കഴിയാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.

കുട്ടിയെ കാണാതായ നടുക്കത്തിലാണ് മാതാപിതാക്കള്‍. ‘എന്റെ കുട്ടിയെ വിട്ടുതരണം, കൈകൂപ്പി യാചിക്കുകയാണ്’ – പേട്ട പൊലീസ് സ്റ്റേഷനിൽ മാധ്യമങ്ങളെ കാണുമ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് മാതാവ് മാധ്യമങ്ങളോടു പറഞ്ഞു.

Tags:
  • Spotlight