Wednesday 13 March 2024 03:24 PM IST : By സ്വന്തം ലേഖകൻ

‘പ്രമേഹ ഗുളിക കഴിച്ചാൽ വൃക്ക തകരാറിലാകും’: വീട്ടു ചികിത്സ ഉപദേശിച്ച് സുഹൃത്ത്’: വീട്ടമ്മയ്ക്ക് സംഭവിച്ചത്: അകറ്റാം തെറ്റിദ്ധാരണകൾ

diabetic-medicine

സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകള്‍ അകറ്റാം.  കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാര്‍-പ്രഫസര്‍, െമഡിസിന്‍, മെഡിക്കല്‍ േകാളജ്, ആലപ്പുഴ  

അറുപത്തി മൂന്നു വയസ്സുള്ള റിട്ടയേർഡ് അ ധ്യാപികയ്ക്ക് 24 വർഷമായി ഷുഗറുണ്ട്. ഇൻസുലിൻ എടുക്കാൻ സൗകര്യമില്ലാത്തതു കൊണ്ടു ഗുളികകളാണു കഴിക്കുന്നത്. ഷുഗർ നിയന്ത്രണത്തിലുമാണ്. അപ്പോഴാണു ഗുളിക ഇങ്ങനെ സ്ഥിരമായി കഴിച്ചാൽ കിഡ്നി തകരാറിലാകുമെന്ന ഉപദേശവുമായി മുൻകാല സഹപ്രവർത്തകയെത്തിയത്.

യൂട്യൂബില്‍ ഒരു ഡോക്ടര്‍ ഇതേക്കുറിച്ച് ഉദാഹരണങ്ങള്‍ സഹിതം പറഞ്ഞിട്ടുള്ളതും അവര്‍ എടുത്തു കാണിച്ചു. മരുന്നു നിര്‍ത്തിയ േശഷം ചില വീട്ടുചികിത്സകളിലൂടെ ഷുഗര്‍ കുറയ്ക്കാം എന്നായിരുന്നു ‘യു‌ട്യൂബ് േഡാക്ടറുെട’ ഉപദേശം.

കേട്ട പാതി ടീച്ചർ മരുന്നു നിർത്തി വീട്ടുചികിത്സയിലേക്കു തിരിഞ്ഞു. ആഴ്ചകൾക്കുള്ളിൽത്തന്നെ ഷുഗർ കണ്ടമാനം കൂടി. സംശയം തോന്നി പരിശോധിച്ചതുകൊണ്ടു കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായില്ല.

പ്രമേഹ മരുന്നുകൾ കൊണ്ടല്ല മറിച്ചു രക്തത്തിലെ ഷുഗർ നില നിയന്ത്രണ വിധേയമാകാതെ വരുമ്പോഴാണു കിഡ്നിയെ പ്രതികൂലമായി ബാധിക്കുന്നതും പലതരം േരാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സങ്കീർണതകൾ ഉണ്ടാകുന്നതും.

ഹൃദ്രോഗം, സ്ട്രോക്ക്, കാഴ്ചയെ ബാധിക്കുന്ന റെറ്റിനോപ്പതി, നാഡികളെ ബാധിക്കുന്ന ന്യൂറോപ്പതി തുടങ്ങിയവയാണു പ്രധാന സങ്കീർണതകൾ. പ്രമേഹ നിയന്ത്രണം മാത്രമാണ് ഇതു പ്രതിരോധിക്കാനുള്ള മാർഗം.

പ്രമേഹ ചികിത്സയിൽ വ്യായാമത്തിനും ഭക്ഷണക്രമീകരണത്തിനുമൊപ്പം പ്രാധാന്യമുള്ളതാണു മരുന്നുചികിത്സ. ഇൻസുലിൻ കുത്തിവയ്പ് എടുക്കാൻ അസൗകര്യമുള്ളവർക്ക് ഷുഗർ കുറയ്ക്കാന്‍ വായിലൂടെ കഴിക്കാവുന്ന പലതരം ഗുളികകളുണ്ട്. ഗ്ലിപ്റ്റിൻസ് പോലെ പുതിയതായി വിപണിയിലെത്തിയ മരുന്നുകൾക്കു പഴയ മരുന്നുകളുടെ പാർശ്വഫലങ്ങളായ ഷുഗർ അമിതമായി താഴുന്ന അവസ്ഥ (ഹൈപ്പോ ഗ്ലൈസീമിയ), ശരീരഭാരം കൂടുക തുട ങ്ങിയവയുമില്ല.

പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍

പണ്ടു മുതൽക്കേ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്രമേഹമരുന്നാണ് മെറ്റ്ഫോമിൻ. പൊണ്ണത്തടിയുള്ള പ്രമേഹരോഗികൾക്ക് ഏറ്റവും യോജിച്ച മരുന്നാണിത്. ഉദരസംബന്ധമായ പ്രശ്നങ്ങളാണു പ്രധാന പാർശ്വഫലം.

പാൻക്രിയാസിൽ നിന്ന് ഇൻസുലിൻ ഉൽപാദിപ്പിച്ചുകൊണ്ടാണു സൾഫൊണെൽ യുറിയ മരുന്നുകൾ പ്രവ ർത്തിക്കുന്നത്. ദിവസങ്ങളോളം നീണ്ടു നിന്നേക്കാവുന്ന ഹൈപ്പോഗ്ലൈസീമിയ ആണ് ഈ മരുന്നിന്‍റെ പ്രധാന പാർശ്വഫലം.

അക്കാർബോസ് പോലെയുള്ള മരുന്നുകൾ ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ചു കൊണ്ടാണു പ്രവർത്തിക്കുന്നത്. ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ് നില നിയന്ത്രിക്കാൻ ഇവ നല്ലതാണ്. പയോഗ്ലിറ്റസോൺ പോലെയുള്ള മരുന്നുകളും ഇതിനുപയോഗിക്കാം.

ഷുഗർ കുറയ്ക്കുന്നതു കൂടാതെ ഹൃദയാരോഗ്യ സംരക്ഷണത്തിനും കാർഡിയാക് ഫെയ്‌ലർ ഒഴിവാക്കാനും രക്തസമ്മർദം കുറയ്ക്കാനുമൊക്കെ ഏറ്റവും പുതുതായി വന്നിട്ടുള്ള പ്രമേഹമരുന്നുകളായ എസ്ജിഎല്‍ടി 2 ഇൻഹിബിറ്റേഴ്സ് സഹായിക്കും.

മൂത്രത്തിലൂടെ കൂടുതൽ ഗ്ലൂക്കോസ് പുറന്തള്ളിക്കൊണ്ടാണ് ഇവ പ്രവർത്തിക്കുന്നത്. ഈ മരുന്നു കഴിക്കുന്നവർ യൂറിനറി ഇൻഫക്‌ഷൻ ഒഴിവാക്കുന്നതിനു കൂടുതൽ വെള്ളം കുടിക്കുന്നതു നന്നായിരിക്കും.

ഗ്ലിമിപ്പറൈഡ് പോലെയുള്ള ഗുളികകൾ ഭക്ഷണത്തി നു മുൻപാണു കഴിക്കേണ്ടത്. മെറ്റ്ഫോമിൻ ഉദരപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ ഭക്ഷണത്തിനു ശേഷം കഴിക്കണം. അക്കാർബോസ് പോലുള്ള ഗുളികകൾ ഭക്ഷണത്തിനൊപ്പം കഴിക്കണം.

പ്രമേഹ ഗുളികകൾ കഴിക്കുന്നവർക്കു ഗുരുതരമായ രോഗാണുബാധ, മാരകമായ പരിക്കുകള്‍, സർജറി വേണ്ടി വരിക,ഗർഭധാരണം തുടങ്ങിയ സാഹചര്യങ്ങളിൽ ഇൻസുലിൻ കുത്തിവയ്പ് വേണ്ടി വരും.