Friday 22 March 2024 10:01 AM IST : By സ്വന്തം ലേഖകൻ

'കോലിഞ്ചിയുടെ പണിയാണ്, വൈകിട്ട് എത്തും': യാത്ര പറഞ്ഞു പോയ പൊന്നുമോൻ: കണ്ണീർക്കടലായി നാട്, ദിലീപിന് യാത്രാമൊഴി

dileep തേക്കുതോട് ഏഴാംതലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച മകൻ ദിലീപിന്റെ മൃതദേഹത്തിനരികെ വിലപിക്കുന്ന മാതാവ് ശാരദ. ചിത്രം: അരുൺ ജോൺ ∙ മനോരമ

'കോലിഞ്ചിയുടെ പണിയാണ്. വൈകിട്ട് എത്തും', എന്നു പറഞ്ഞ് രാവിലെ വീട്ടിൽ നിന്നിറങ്ങിയ മകൻ ദിലീപിന്റെ ചേതനയറ്റ കണ്ണുകളിലേക്ക് നോക്കി ഉള്ളിലെ വിങ്ങൽ അടക്കാൻ മാതാവ് ശാരദ പാടുപെട്ടു.  തേക്കുതോട് ഏഴാംതല പുളിഞ്ചാൽ വനത്തിലെ മുക്കല്ല് ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ദിലീപിന്റെ മൃതദേഹം സംസ്കരിച്ചു. ബുധനാഴ്ച വൈകിട്ടാണ് തേക്കുതോട് ഏഴാംതല പുളിഞ്ചാൽ വനത്തിെ മുക്കല്ല് ഭാഗത്ത് കല്ലാറ്റിൽ ഉടക്കുവല ഉപയോഗിച്ച് മീൻ പിടിക്കാൻ പോയ ദിലീപിനെ കാട്ടാന ചവിട്ടിക്കൊന്നത്. സഹായിയായ ഇടയിലെപറമ്പിൽ ഓമനക്കുട്ടൻ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആനയെ കണ്ട് ഓടുന്നതിനിടയിൽ വീണ് പരുക്കേറ്റ ഓമനക്കുട്ടൻ ഇന്നലെ കോന്നി മെഡിക്കൽ കോളജിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസം സംഭവത്തിനുശേഷം രാത്രിയിലും കല്ലാറിന്റെ ഇരുകരകളിലുമായി വനത്തിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. ഒട്ടേറെ തവണ വനപാലകർ പടക്കം പൊട്ടിച്ച് കാട്ടാനയെ അകറ്റിയ ശേഷമാണ് മൃതദേഹത്തിന് അടുത്ത് എത്താനായത്. ഇക്കാരണത്താൽ രാത്രി തന്നെ ദിലീപിന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ പകലും സംഭവ സ്ഥലത്തിന് സമീപം കല്ലാറിന് മറുകരയിൽ കാട്ടാനക്കൂട്ടം ഉണ്ടായിരുന്നു. 

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷം മൃതദേഹം വീട്ടിൽ എത്തിച്ചു. ആന്റോ ആന്റണി എംപി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, പഞ്ചായത്ത് അംഗങ്ങളായ വി.വി.സത്യൻ, കെ.ജെ.ജയിംസ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു മാത്യു, റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ, വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി.രതീഷ് എന്നിവർ പങ്കെടുത്തു. വനംവകുപ്പിന്റെ അടിയന്തര ധനസഹായമായി 25,000 രൂപ റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ ദിലീപിന്റെ മാതാവ് ശാരദയ്ക്ക് കൈമാറി.

"ജീവൻ തിരിച്ചുകിട്ടിയത് മരത്തിന്റെ മറവിലേക്കു മാറിയതിനാൽ"; കാട്ടാനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട ഓമനക്കുട്ടൻ പറയുന്നു

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ പുളിഞ്ചാൽ വനത്തിലെ മുക്കല്ല് ഭാഗത്ത് ദിലീപീന് ഒപ്പം മീൻപിടിക്കാൻ പോയതാണ്. കല്ലാറിന് കുറുകെ ഉടക്ക് വല വലിച്ചുകെട്ടിയ ശേഷം വല ഉയരാതിരിക്കാനായി ചെറിയ കല്ലുകൾ വയ്ക്കുമ്പോഴാണ് പെട്ടെന്ന് മറുകരയിലെ വനത്തിൽ നിന്ന് 2 ആനകൾ ഓടിയടുക്കുന്നത്. ഇതു കണ്ട് ദിലീപ് കരയിലേക്ക് ഓടിയെങ്കിലും രക്ഷപ്പെടാനായില്ല. ഞാൻ ഓടിമാറുമ്പോൾ കല്ലിൽ വീണെങ്കിലും അവിടെ നിന്ന് പാറയ്ക്ക് മറഞ്ഞ് കരയിലെ വലിയ മരത്തിന്റെ മറവിലേക്ക് മാറിയതിനാൽ രക്ഷപ്പെട്ടു. കുറെ കഴിഞ്ഞ് നോക്കുമ്പോൾ ദിലീപ് വീണു കിടക്കുന്നതും ആനകൾ ദിലീപിന്റെ ദേഹത്തേക്ക് മണൽ ചവിട്ടിത്തെറിപ്പിക്കുന്നതും കണ്ടു. ആനകൾ മറുകരയിലേക്ക് പോയ ശേഷം ഞാൻ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് ടോർച്ച് തെളിച്ച് വനത്തിലൂടെ ജനവാസ മേഖലയിൽ എത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.