Monday 18 March 2024 12:50 PM IST : By സ്വന്തം ലേഖകൻ

ചൂടുകാലം... എസി വാങ്ങാൻ മത്സരിച്ച് മലയാളി: സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പണികിട്ടും: 10 കാര്യങ്ങൾ ഓർക്കാം

kseb-ac-12

ഉഷ്ണകാലമാണ്; പലരും എയര്‍ കണ്ടീഷണർ വാങ്ങാൻ കാശിറക്കുന്ന കാലം. ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ ചില മുന്നറിയിപ്പുകൾ നൽകുകയാണ് കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ്. സാധാരണ കണ്ടുവരുന്ന ഒരു ടണ്‍ എയര്‍ കണ്ടീഷണര്‍ 12 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറ്‌ യൂണിറ്റ്‌ വൈദ്യുതി ചെലവാകും എന്ന ആമുഖത്തോടെയാണ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. വൈദ്യുതി ഉപയോഗം കാര്യക്ഷമമാക്കാൻ വാങ്ങുന്ന സമയത്ത് എസിയുടെ സ്റ്റാർ റേറ്റിങ്ങ് പരിഗണിക്കുക, ഫില്‍റ്റര്‍ എല്ലാ മാസവും വൃത്തിയാക്കുക തുടങ്ങിയ ഒരുകൂട്ടം നിർദ്ദേശങ്ങളും ഫെയ്സ്ബുക്ക് കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം:

ഉഷ്ണകാലമാണ്; പലരും എയര്‍ കണ്ടീഷണർ വാങ്ങാൻ തയ്യാറാവുന്ന കാലം. എസി വാങ്ങുമ്പോൾ നല്ല ശ്രദ്ധ വേണം.

സാധാരണ കണ്ടുവരുന്ന ഒരു ടണ്‍ എയര്‍ കണ്ടീഷണര്‍ 12 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറ്‌ യൂണിറ്റ്‌ വൈദ്യുതി ചെലവാകും.

എയര്‍ കണ്ടീഷണറുകളില്‍ വൈദ്യുതി ലാഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെളള നിറത്തിലുളള പെയിന്റ്‌ ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ്‌ നിര്‍മ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട്‌ കുറയ്ക്കാന്‍ സഹായിക്കും.

2. ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച്‌ അനുയോജ്യമായവ തന്നെ തിരഞ്ഞെടുക്കുക.

3. വാങ്ങുന്ന സമയത്ത്‌ ബി.ഇ.ഇ സ്റ്റാര്‍ ലേബല്‍ ശ്രദ്ധിക്കുക. 5 സ്റ്റാര്‍ ആണ്‌ ഏറ്റവും ഊർജ്ജ കാര്യക്ഷമത കൂടിയത്‌.

4. എയര്‍ കണ്ടീഷണറുകള്‍ ഘടിപ്പിച്ച മുറികളിലേക്ക്‌ ജനലുകള്‍ വാതിലുകള്‍, മറ്റു ദ്വാരങ്ങള്‍ എന്നിവയില്‍ക്കൂടി വായു അകത്തേക്കു കടക്കുന്നില്ലേന്ന്‌ ഉറപ്പുവരുത്തുക.

5. ഫിലമെന്റ്‌ ബള്‍ബ്‌ പോലുള്ള ചൂട്‌ പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ മുറിയില്‍ നിന്ന്‌ ഒഴിവാക്കുക.

6. എയര്‍ കണ്ടീഷണറിന്റെ ടെംപറേച്ചര്‍ സെറ്റിംഗ്‌ 22 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാല്‍ 25 ഡിഗ്രി സെല്‍ഷ്യസില്‍ തെർമോസ്റ്റാറ്റ്‌ സെറ്റ്‌ ചെയ്യുന്നതാണ്‌ ഉത്തമം.

7. എയര്‍കണ്ടീഷണറിന്റെ ഫില്‍ട്ടര്‍ എല്ലാ മാസവും വൃത്തിയാക്കുക.

8. എയര്‍ കണ്ടീഷണറിന്റെ കണ്ടെന്‍സര്‍ യൂണിറ്റ്‌ കഴിയുന്നതും വീടിന്റെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ഘടിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. കേരളത്തിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ്. വൈകുന്നേരത്തെ വെയിലിന്റെ ചൂട് ഏറ്റവുമധികം ഉണ്ടാവുക തെക്കു പടിഞ്ഞാറ് ഭാഗത്തായിരിക്കുമല്ലോ...

കണ്ടൻസർ ഇരിക്കുന്ന ഭാഗം ചൂടുള്ളതായാൽ സ്വാഭാവികമായും ഊർജ്ജനഷ്ടം കൂടും.

9. എയര്‍ കണ്ടീഷണറിന്റെ കണ്ടെന്‍സറിന്‌ ചുറ്റും ആവശ്യത്തിന്‌ വായു സഞ്ചാരം ഉറപ്പു വരുത്തുക.

10. കുറഞ്ഞ ചൂട്‌, അനുഭവപ്പെടുന്ന കാലാവസ്ഥയില്‍ കഴിവതും സീലിംഗ്‌ ഫാന്‍, ടേബിള്‍ ഫാന്‍ മുതലായവ ഉപയോഗിക്കുക.