Monday 29 January 2024 11:21 AM IST : By സ്വന്തം ലേഖകൻ

‘കഴിവ് മനസ്സിന്റേതാണ്, ശരീരത്തിന്റേതല്ല’; നെഞ്ചിനു താഴെ തളർന്ന കാരെൻ മുച്ചക്രസൈക്കിളിൽ താണ്ടിയത് 750 കിലോമീറ്റർ!

cycle

‘കഴിവ് മനസ്സിന്റേതാണ്, ശരീരത്തിന്റേതല്ല’ സൈക്കിളിൽ എഴുതിവച്ചത് ശരിയാണെന്ന് തെളിയിക്കുകയാണ് ബ്രിട്ടിഷുകാരി കാരെൻ ഡാർകെ(52). നെഞ്ചിനു താഴെ തളർന്ന കാരെൻ ഗോവയിൽ നിന്നു സൈക്കിളിൽ 12 ദിവസം കൊണ്ട് 750 ലധികം കിലോമീറ്റർ താണ്ടിയാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ ഹോപ് കമ്യൂണിറ്റി വില്ലേജിലെത്തിയത്. പ്രത്യേകം സജ്ജീകരിച്ച മുച്ചക്ര സൈക്കിളിൽ ശരീരം വച്ചുകെട്ടിയാണു കാരെൻ യാത്ര ചെയ്തത്. കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന സൈക്കിളിനു പിന്നിൽ ചക്രക്കസേരയും കെട്ടിയിരുന്നു. സുഹൃത്ത് ഗ്ലിൻ സ്റ്റാൻവർത് യാത്രയിലുടനീളം കാരെനിനെ അനുഗമിച്ചു. ജനുവരി 13നു ഗോവയിൽ നിന്നു തുടങ്ങിയ യാത്ര 24നു വൈകിട്ടാണ് ആലപ്പുഴയിലെത്തിയത്.

ജിയോളജിസ്റ്റ് ആയിരുന്ന കാരെൻ ഡാർകെ 1993ൽ മലയിൽ നിന്നു വീണതിനെ തുടർന്നാണു നെഞ്ചിനു താഴേക്കു ചലനശേഷി നഷ്ടപ്പെട്ടത്. എങ്കിലും കാരെൻ സൈക്ലിങ്, സ്കീയിങ്, സർഫിങ് തുടങ്ങിയ കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കിളിമഞ്ചാരോ പർവതം കീഴടക്കിയിട്ടുണ്ട്. 2012 ലണ്ടൻ പാരാലിംപിക്സിൽ സൈക്ലിങ്ങിൽ വെള്ളിയും റിയോ പാരാലിംപിക്സിൽ സ്വർണവും നേടി. ഹോപ്പിന്റെ ട്രസ്റ്റിമാരിൽ ഒരാളായ ബ്രിട്ടിഷ് പൗരൻ അലൻ വഴിയാണു കാരെൻ ഹോപ്പിനെക്കുറിച്ച് അറിഞ്ഞത്. സ്കോട്‌ലൻഡ് സ്വദേശിയായ ഗ്ലിൻ കാരെന്റെ യാത്രയെക്കുറിച്ച് അറിഞ്ഞ് ഒപ്പം ചേരുകയായിരുന്നു. ഗോവയിൽ നിന്നു വാങ്ങിയ സൈക്കിളിലായിരുന്നു ഗ്ലിന്നിന്റെ യാത്ര. യാത്ര പൂർത്തിയായതിനാൽ ഹോപ്പിലെ ശരൺ എം.ജോസിനു സൈക്കിൾ സമ്മാനിക്കുകയും ചെയ്തു. 

കഞ്ഞിക്കുഴി വനസ്വർഗം പള്ളിയുടെ സമീപത്തു നിന്നു സൈക്കിളിലെത്തിയ കുട്ടികളുടെ അകമ്പടിയോടെയാണു ഹോപ്പിലേക്കെത്തിയത്. സൈക്കിളിന് ഉയരം കുറവായതിനാൽ റോഡ് നിർമാണമാണു യാത്രയിൽ ബുദ്ധിമുട്ടിച്ചതെന്നു കാരെനും ഗ്ലിന്നും പറഞ്ഞു. യാത്രയ്ക്കിടെ കാരെനിന്റെ പുറത്തു പരുക്കേറ്റിരുന്നു. അനാഥരായ കുഞ്ഞുങ്ങൾക്കായി ബ്രിട്ടിഷ് പൗരൻ ജോൺ വിച്ച് ആലപ്പുഴ കഞ്ഞിക്കുഴിയിൽ തുടങ്ങിയതാണു ഹോപ് കമ്യൂണിറ്റി വില്ലേജ്. ഹോപ്പിന്റെ ധനസമാഹരണത്തിനായി ജോൺ വിച്ച് 1995ൽ ഹോപ്പിൽ നിന്നു ഗോവയിലേക്കു സൈക്കിളിൽ യാത്ര നടത്തിയിരുന്നു. ഇതേ പാതയിലൂടെയുള്ള മടക്കയാത്രയായി കാരെനിന്റേതെന്നു ഹോപ് കമ്യൂണിറ്റി വില്ലേജ് ഡയറക്ടർ ശാന്തിരാജ് കോളങ്ങാടൻ പറഞ്ഞു.

Tags:
  • Spotlight
  • Motivational Story
  • Inspirational Story