Friday 02 February 2024 01:58 PM IST : By സ്വന്തം ലേഖകൻ

ജിപിഎസ് 'പണി' കൊടുത്തു; ലൊക്കേഷന്‍ സെറ്റ് ചെയ്ത് വാഹനമോടിച്ച യുവതി തൂക്കുപാലത്തില്‍ കുടുങ്ങി

istockphoto-1308110029-612x612

ജിപിഎസ് നോക്കി വാഹനമോടിച്ച യുവതി തൂക്കുപാലത്തില്‍ കുടുങ്ങി. തായ്ലന്‍ഡിലാണ് ജിപിഎസിനെ ആശ്രയിച്ച് യാത്ര ചെയ്ത യുവതിയുടെ കാര്‍ പാലത്തിന് കുറുകേ കുടുങ്ങിയത്. നാട്ടുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ യുവതിയെയും കാറിനെയും സുരക്ഷിതമായി താഴെയെത്തിച്ചു. 

തായ്ലന്‍ഡില്‍ കഴിഞ്ഞ മാസം 28 നാണ്  ജിപിഎസ് യുവതിക്ക് 'പണി' കൊടുത്തത്. മറ്റൊരു ജില്ലയില്‍ താമസിക്കുന്ന സുഹൃത്തിനെ കാണാന്‍ തന്‍റെ കാറില്‍ പുറപ്പെട്ട യുവതി വഴി പരിചയമില്ലാതിരുന്നതുകൊണ്ട് ജിപിഎസിനെ ആശ്രയിക്കുകയായിരുന്നു. സുഹൃത്ത് അയച്ചുകൊടുത്ത ലൊക്കേഷന്‍ ജിപിഎസില്‍ സെറ്റ് ചെയ്ത ശേഷമായിരുന്നു യാത്ര. 

എന്നാല്‍ യാത്രാമധ്യേ വാഹനം കുടുങ്ങിയപ്പോഴാണ് താന്‍ ചെന്ന് പെട്ടിരിക്കുന്നത് തൂക്കുപാലത്തിലാണെന്ന് യുവതി തിരിച്ചറിയുന്നത്. കാല്‍നടയാത്രക്കാര്‍‍ക്ക് മാത്രം പ്രവേശനമുള്ള 120 മീറ്റര്‍ നീളമുള്ള പാലത്തിലാണ് യുവതി കുടുങ്ങിയത്. പാലത്തിലൂടെ 15 മീറ്റര്‍ യാത്ര ചെയ്ത ശേഷമാണ് വാഹനത്തിന്റെ വീല്‍ പാലത്തില്‍ നിന്ന് തെന്നിമാറി കുടുങ്ങിയത്.  

താന്‍ ജിപിഎസില്‍ മാത്രം ശ്രദ്ധിച്ച് വാഹനം ഓടിക്കുവായിരുന്നെന്നും ചുറ്റുമുള്ളതൊന്നും ശ്രദ്ധിച്ചില്ലെന്നുമാണ് അപകടശേഷം യുവതി പ്രതികരിച്ചത്. പാലം ഉറപ്പുള്ളതാണെന്നും മറ്റ് വാഹനയാത്രക്കാര്‍ ഉപയോഗിക്കുന്നതാണെന്നും കരുതി. എന്നാല്‍ അബദ്ധം മനസിലായപ്പോള്‍ കാര്‍ നദിയില്‍ വീഴുമോ എന്നോര്‍ത്ത് ഭയന്നുവെന്നും യുവതി പറഞ്ഞു. 

ജിപിഎസിനെ ആശ്രയിച്ച് കുഴപ്പത്തിലാകുന്ന സംഭവങ്ങള്‍ ഇന്ത്യയിലും വര്‍ധിച്ചു വരികയാണ്. അടുത്തിടെ തമിഴ്നാട്ടിലും ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ച ഡ്രൈവര്‍ പടിക്കെട്ടില്‍ കുടുങ്ങിയിരുന്നു. 

Tags:
  • Spotlight