Monday 06 May 2024 11:44 AM IST : By സ്വന്തം ലേഖകൻ

കല്യാണ ട്രിപ്പിനായി അണിഞ്ഞൊരുങ്ങി ഹരിപ്പാടിന്റെ ‘മൊഞ്ചത്തി’; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആനവണ്ടി ആരാധകര്‍

ksrtc-wedding.jpg.image.845.440

കല്യാണ ഓട്ടത്തിന് പോയ ഹരിപ്പാടിന്റെ മൊഞ്ചത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഹരിപ്പാട് കെഎസ്ആര്‍ടിസിയുടെ അനൗദ്യോഗിക ഫാന്‍സ് പേജില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആനവണ്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കല്യാണ ട്രിപ്പിനായി അണിഞ്ഞൊരുങ്ങി ഹരിപ്പാടിന്റെ മൊഞ്ചത്തിയെന്ന് വിശേഷിപ്പിച്ചാണ് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ കല്യാണ ട്രിപ്പുകള്‍ക്ക് പ്രിയമേറുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. വിവാഹം എന്ന ബോര്‍ഡും വച്ചാണ് യാത്ര. ഇത്തരം ഒരു സംരംഭം ആരംഭിച്ചതിന് കെഎസ്ആര്‍ടിസിക്ക് ആശംസകളുമായി ധാരാളം പേരാണ് എത്തുന്നത്.

തൃക്കുന്നപ്പുഴ സ്വദേശിയായ ശ്യാം കുമാറിന്‍റെയും ചെറിയനാട് സ്വദേശിനിയായ അഖില കൃഷ്ണന്റെയും വിവാഹത്തിനൊരുങ്ങിയ ബസിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറും ശ്യാമിന്റെ സുഹൃത്തുമായ സജീഷ് ചെറിയാന്‍ മുഖേനയാണ് പ്രൈവറ്റ് ഹയര്‍ പ്രകാരം ബസ്സ് ബുക്ക് ചെയ്തത്. ചെറിയനാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

ഇന്നലെ അഞ്ച് കല്യാണ ട്രിപ്പുകളാണ് ഹരിപ്പാട് ഡിപ്പോയില്‍ നിന്നും നടന്നത്. അതില്‍ തന്നെ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടതാകട്ടെ RSA 220 ഓര്‍ഡിനറി ബസ്സാണ്. ഹരിപ്പാട് ഡിപ്പോയുടെ മൊഞ്ചത്തി എന്നാണ് ബസിനെ ആനവണ്ടി പ്രേമികള്‍ വിളിക്കുന്നത്. ഡ്രൈവര്‍ ഗിരി ഗോപിനാഥും ഭാര്യയും കണ്ടക്ടര്‍ കൂടിയായ താര ദാമോധരനുമാണ് ബസിനെ പൊന്നുപോലെ നോക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

ഹോളിഡേ ക്യാന്‍സലേഷന്‍ വരുന്ന ഓര്‍ഡിനറി ഉള്‍പ്പെടെയുളള ബസ്സുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കുറഞ്ഞ ഡീസല്‍ ചെലവില്‍ വലിയൊരു വരുമാനം എന്നതാണ് ഇത്തരം ട്രിപ്പുകളുടെ പ്രത്യേകത. എല്ലാ മാസങ്ങളിലും കല്യാണ ആവശ്യക്കാര്‍ കൂടുതല്‍ ആയി കെഎസ്ആര്‍ടിസി ബസ്സുകള്‍ ആവശ്യപ്പെടുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് പ്രകാരം ഏപ്രില്‍ 21 മുതല്‍ മെയ് 5 വരെ ആലപ്പുഴ ജില്ലയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ ഭാഗമായി 15 കല്യാണ ട്രിപ്പുകളാണ് നടന്നത്. ഹരിപ്പാട് ഡിപ്പോയില്‍ നിന്നുമായിരുന്നു ഏറ്റവും കൂടുതല്‍ ട്രിപ്പുകള്‍, 7 എണ്ണം. എടത്വ (4), കായംകുളം (3), ചേര്‍ത്തല (1) എന്നീ ഡിപ്പോകളില്‍ നിന്നും ട്രിപ്പുകള്‍ നടത്തിയിരുന്നു.

Tags:
  • Spotlight