Saturday 21 January 2023 02:16 PM IST : By സ്വന്തം ലേഖകൻ

അരലക്ഷം രൂപ സൂക്ഷിച്ചത് മാലിന്യത്തിൽ, അറിയാതെ ഭാര്യ ഹരിത കർമസേനയ്ക്കു കൈമാറി; ഒടുവിൽ..

kudumbasree

ഹരിതകർമസേനാ അംഗങ്ങൾ കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം വീട്ടുടമസ്ഥൻ കടലാസിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന അരലക്ഷം രൂപയും. ഉടമസ്ഥൻ വിവരമറിയിച്ച് ഹരിത കർമ സേനാ അംഗങ്ങൾ മാലിന്യം അരിച്ചു പെറുക്കിയപ്പോൾ അതാ കിടക്കുന്നു പണംവീടു പണിക്കായി പഞ്ചായത്തിൽ നിന്ന് ധനസഹായമായി കിട്ടിയ തുക അടച്ചുറപ്പില്ലാത്ത വീടിനകത്തു സൂക്ഷിക്കാൻ ഭയന്നാണ് നീലേശ്വരം മലപ്പച്ചേരി മാനാക്കോട്ടെ ചരലിൽ രാജീവൻ  വീടിന്റെ മൂലയിലെ പ്ലാസ്റ്റിക് മാലിന്യത്തിൽ തിരുകി വെച്ചത്.

ഇക്കാര്യമറിയാതെ രാജീവന്റെ ഭാര്യ ഈ മാലിന്യച്ചാക്ക് ഹരിത കർമസേനയ്ക്കു കൈമാറുകയായിരുന്നു.മടിക്കൈ പഞ്ചായത്ത് ആറാം വാർഡ് മലപ്പച്ചേരിയിലെ ഹരിതകർമസേന അംഗങ്ങളായ മലപ്പച്ചേരി കോതോട്ടെ എം.വി.നാരായണന്റെ ഭാര്യ സി.സുശീല (52), മലപ്പച്ചേരി പനക്കൂൽ വീട്ടിൽ പി.നാരായണന്റെ ഭാര്യ പി.വി.ഭവാനി (60) എന്നിവരാണ് വീട്ടിലെത്തി മാലിന്യം കൊണ്ടുപോയത്.

ഇരുവരും ശേഖരിച്ച മാലിന്യങ്ങൾ തൊട്ടടുത്ത മരത്തണലിലേക്കു മാറ്റിയ ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങിയിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് രാജീവൻ സുശീലയുടെ ഫോണിലേക്ക് വിളിക്കുന്നത്. വീടുപണിക്കായി സൂക്ഷിച്ച പണം വീട്ടിൽ നിന്നു നൽകിയ പ്ലാസ്റ്റിക്കിനൊപ്പം പെട്ടതായി രാജീവൻ പറഞ്ഞു.

സുശീലയും ഭവാനിയും മാലിന്യങ്ങൾ അരിച്ചു പെറുക്കിയപ്പോൾ പണം കണ്ടെത്തി. നാട്ടുകാരുടെ സാന്നിധ്യത്തിൽ ഇരുവരും ചേർന്ന് തുക രാജീവനു കൈമാറുകയും ചെയ്തു.മന്ത്രി എം.ബി.രാജേഷ്, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, വൈസ് പ്രസിഡന്റ് വി.പ്രകാശൻ തുടങ്ങിയവർ ഇരുവരെയും അനുമോദിച്ചു.

More