Monday 19 February 2024 04:54 PM IST : By സ്വന്തം ലേഖകൻ

പതിനൊന്നാം വയസിൽ വീട്ടുകാർ നേർന്ന വഴിപാടായി തുടക്കം; മുപ്പത്തിയെട്ടാം വർഷവും കുംഭക്കുടം ചുമക്കാൻ ഹസനാർ!

thrisshasanar566

മച്ചാട് മാമാങ്കത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ മണലിത്തറ ദേശത്തിന്റെ കുംഭക്കുടം എഴുന്നള്ളിപ്പിൽ കുടം ചുമക്കാൻ തുടർച്ചയായ മുപ്പത്തെട്ടാം വർഷവും ഹസനാർ ഉണ്ടാകും. മണലിത്തറ ദേശത്തിലെ മലാക്ക വിഭാഗത്തിനൊപ്പമാണു കുംഭക്കുടവുമായി ഹസനാർ തിരുവാണിക്കാവിലമ്മയെ വണങ്ങാൻ എത്തുക. മണലിത്തറ, പഴയന്നൂപ്പാടം എന്നിവയാണു മറ്റു 2 വിഭാഗങ്ങൾ. 

പതിനൊന്നാം വയസിൽ വീട്ടുകാർ നേർന്ന വഴിപാടായാണു ഹസനാർ ആദ്യമായി കുംഭക്കുടം എടുത്തത്. മാമാങ്കം കഴിഞ്ഞതിനു ശേഷം ഉണ്ടായ വലിയൊരു അപകടത്തിൽ നിന്ന് തന്റെ ജീവൻ തിരിച്ചു കിട്ടിയത് മച്ചാട്ടമ്മയുടെ അനുഗ്രഹം കൊണ്ടാണെന്ന വിശ്വാസം മനസ്സിൽ ഉറച്ചതോടെ പിന്നീടുള്ള എല്ലാ വർഷവും ഭഗവതിക്കു വേണ്ടി കുംഭക്കുടം ചുമക്കൽ ഭക്തിയോടെ സ്വയം ഏറ്റെടുക്കുകയായിരുന്നു ഹസനാർ. 

മാമാങ്കത്തിന്റെ പറ പുറപ്പാടു ദിവസം രാവിലെ തിരുവാണിക്കാവ് ക്ഷേത്രത്തിൽ എത്തി പ്രാർഥിച്ച് രുദ്രാക്ഷ മാല കഴുത്തിൽ അണിയും. അന്നുമുതൽ കുംഭക്കുടം എടുക്കുന്നതിനുള്ള വ്രതമാണ്. വൈകിട്ട് നടയ്ക്കൽ പറ വയ്ക്കുകയും ചെയ്യും. ഗുരുവായൂർ കോട്ടപ്പടി സ്വദേശി മോഹനനാണു വ്രതാനുഷ്ഠാനുങ്ങളും മറ്റും പഠിപ്പിച്ചു കൊടുത്ത ഗുരു. മാമാങ്ക ദിവസം ഉച്ചയ്ക്ക് 12ന് മണലിത്തറ ദേശത്തിന്റെ കുതിര എഴുന്നള്ളിപ്പ് മണലിത്തറ അയ്യപ്പൻകാവിൽ നിന്നു പുറപ്പെടുമ്പോൾ ദേശക്കുതിരകൾക്കും ദേശക്കാർക്കുമൊപ്പം കുംഭക്കുടം എഴുന്നള്ളിപ്പും ഉണ്ടാകും.

മണലിത്തറ വിഭാഗത്തിന്റെ കുംഭക്കുടവും അയ്യപ്പൻ കാവിൽ നിന്നാണു പുറപ്പെടുക. മലാക്ക ഭദ്രകാളി ക്ഷേത്രത്തിൽ നിന്നു മലാക്ക വിഭാഗത്തിന്റെയും പേരേമ്പാടം ക്ഷേത്രത്തിൽ നിന്ന് പഴയന്നൂപ്പാടം വിഭാഗത്തിന്റെയും കുംഭക്കുടം എഴുന്നള്ളിപ്പു തുടങ്ങും. മലാക്ക, പഴയന്നൂപ്പാടം വിഭാഗങ്ങൾ മണലിത്തറ അയ്യപ്പൻകാവിലെത്തി സംഗമിച്ച് ദേശക്കുതിരകൾക്കൊപ്പം തിരുവാണിക്കാവിലേക്കു നീങ്ങും. 

നാഗസ്വരം, തകിൽ എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെ നൃത്തച്ചുവടുമായി കുംഭക്കുടം എഴുന്നള്ളിപ്പ് മച്ചാട് മാമാങ്കത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് സൂപ്പർവൈസറായ ഹസനാർ സ്വന്തം സമുദായത്തിൽ നിന്നുയർന്ന വിലക്കുകൾ ഗൗനിക്കാതെയാണു 37 വർഷവും കുംഭക്കുടം ചുമന്നത്. ഭാര്യ സൈനമോളും മക്കളായ തൻസീഹ്, തൗഫീഖ്, തൊയ്ബ് എന്നിവരും ഇപ്പോൾ ഹസനാർക്കു പിന്തുണയും സഹായവുമായി കൂടെയുണ്ട്.

Tags:
  • Spotlight