കുടയത്തൂർ മലങ്കര ജലാശയത്തിൽ വീണുപോയ ഐ ഫോൺ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുങ്ങിയെടുത്തു. കുടയത്തൂർ കല്ലടപറമ്പിൽ ജെറാൾഡ് റിച്ചിന്റെ ഒരു ലക്ഷം രൂപ വിലയുള്ള ഐഫോണാണ് ഇന്നലെ ജലാശയത്തിൽ 3 മീറ്റർ താഴ്ചയിൽ നിന്നും അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം എത്തി മുങ്ങിയെടുത്തത്.
ബുധനാഴ്ച വൈകിട്ട് 5 മണിയോടെ വില്ലേജ് ഓഫിസ് കടവിൽ ചൂണ്ടയിടുന്നതിനിടെയാണു ഫോൺ വെള്ളത്തിൽ പോയത്. സുഹൃത്തുക്കളുമായി ചേർന്നു ഡാമിൽനിന്നു ഫോൺ എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇന്നലെ രാവിലെ തൊടുപുഴയിൽ നിന്നും സ്കൂബാ ടീമിന്റെ സഹായം തേടി. മൂന്നു മീറ്റർ താഴ്ചയിൽ നിന്നും തൊടുപുഴ സ്കൂബാ ടീം ഫോൺ കണ്ടെടുത്ത് ഉടമസ്ഥനെ ഏൽപിച്ചു.