Thursday 08 June 2023 11:16 AM IST : By റീജ ബിജു

ആദ്യം നിറങ്ങൾ മാഞ്ഞു തുടങ്ങി, പിറ്റേദിവസം കണ്ണിൽ മുഴുവൻ ഇരുട്ടായി; സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട് പ്രവീണ!

praveena-crisis

ജേണലിസം വിദ്യാർഥിനി പ്രവീണയുടെ കൺമുന്നിൽ നിന്നു നിറങ്ങൾ മായാൻ തുടങ്ങിയത് ഒരു ഞായറാഴ്ചയായിരുന്നു. കാഴ്ച ക്രമേണ മങ്ങിവന്നു. പിറ്റേദിവസം കണ്ണിൽ മുഴുവൻ ഇരുട്ടായി. അന്നു മാഞ്ഞ നിറങ്ങൾ പിന്നീടൊരിക്കലും തിരിച്ചുകിട്ടിയില്ല. ചികിത്സയിലിരിക്കേ സംസാരശേഷിയും ചലനശേഷിയും നഷ്ടമായി. ഒപ്റ്റിക് നെർവുകളെ ബാധിക്കുന്നതാണെങ്കിലും രോഗത്തെപ്പറ്റി കൃത്യമായ നിഗമനത്തിലെത്താൻ സാധിക്കാത്തതു ചികിത്സയെ ബാധിക്കുന്നു.

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്, എറണാകുളം ആസ്റ്റർ മെഡിസിറ്റി, തിരുവനന്തപുരം ശ്രീചിത്ര എന്നിവിടങ്ങളിൽ ചികിത്സിച്ചു. ന്യൂറോ മൈലിറ്റി ഒപ്റ്റിക്ക എന്ന രോഗമാണെന്ന നിഗമനത്തിലാണു ചികിത്സ നൽകിവരുന്നത്. ചികിത്സാച്ചെലവ് താങ്ങാനും ഈ കുടുംബത്തിനു ത്രാണിയില്ല. 

വീട്ടിലെത്തിയെങ്കിലും കട്ടിലിൽ നിന്ന് എഴുന്നേൽക്കാനാവാത്ത നിലയിലാണ്. ഭക്ഷണം കൊടുക്കുന്നതു ട്യൂബിലൂടെയാണ്. ഓർമയും നഷ്ടമായിത്തുടങ്ങി. അമ്മ ലളിതയും പ്രവീണയുടെ സഹോദരിയും പ്ലസ്ടുവിനു പഠിക്കുന്ന സഹോദരനും ഒപ്പമുണ്ട്. മരപ്പണിക്കാരനാണ് അച്ഛൻ മുരളീധരൻ. മിടുക്കിയായി പഠിക്കുമായിരുന്നു പ്രവീണ.

പത്താം ക്ലാസിലും പ്ലസ്ടുവിനും ഉയർന്ന മാർക്കോടെയാണു പാസായത്. വഴുക്കുംപാറ എസ്എൻ കോളജിൽ ഡിഗ്രിക്കു ശേഷം ചിയ്യാരം ചേതന കോളജിൽ ജേണലിസം പഠിക്കുമ്പോഴാണു രോഗം വില്ലനായത്. മകളെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാനാകണേ എന്നാണ് ഈ കുടുംബത്തിന്റെ പ്രാർഥന.

വിലാസം: ‍ടി.ആർ.മുരളീധരൻ, തറയിൽ (വീട്), ആശാരിക്കാട് പി.ഒ, ചേരുംകുഴി, തൃശൂർ. അക്കൗണ്ട്: മുരളീധരൻ.ടി.ആർ, അക്കൗണ്ട് നമ്പർ: 67156587311, ഐഎഫ്എസ് കോഡ് : SBIN0070253, ഗൂഗിൾ പേ നമ്പർ: 9744152486.

Tags:
  • Spotlight