Saturday 06 April 2024 11:11 AM IST : By സ്വന്തം ലേഖകൻ

‘അറസ്റ്റ് ചെയ്യുമോ? പേടിച്ച് രാധ വന്നില്ല’: ഈ പാവങ്ങളുടെ കൂരയിൽ തന്നെ വേണമായിരുന്നോ ബോംബ് നിർമാണം?

panoor-blast സ്വപ്നമായിരുന്നു, തകർത്തുകളഞ്ഞല്ലോ! .. ലോട്ടറി തൊഴിലാളി തൊണ്ടുപാലൻ മനോഹരൻ സ്ഫോടനം നടന്ന തന്റെ വീട്ടിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ പൊലീസ് കെട്ടിയ റിബണിനിപ്പുറം ദുഃഖിതനായി നിൽക്കുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ പണിയുന്ന മനോഹരന്റെ വീടിനു മുകളിൽ വച്ചാണ് അനുമതിയില്ലാതെ ബോംബ് നിർമാണം നടത്തിയത്. ചിത്രം: മനോരമ

പൊലീസ് വലിച്ചുകെട്ടിയ നീല റിബണിനപ്പുറം കടന്നാലേ വീടിന് എന്തുപറ്റിയെന്ന് അറിയാൻ പറ്റൂ. അനുമതി ചോദിച്ച് രാവിലെ പതിനൊന്നു മുതൽ പൊരിവെയിലിൽ ഈ വഴിയിൽ കാത്തുനിൽക്കുകയാണ് തൊണ്ടുപാലൻ മനോഹരൻ. ആറുപത്തിയൊന്നു വയസ്സുണ്ട് കാൽനടയായി ലോട്ടറി വിൽക്കുന്ന ഈ തൊഴിലാളിക്ക്. ജീവിതസായാഹ്നത്തിലെങ്കിലും അടച്ചുറപ്പുള്ളൊരു വീട്ടിൽ കിടന്നുറങ്ങണമന്ന ആഗ്രഹമാണ് കഴിഞ്ഞ രാത്രിയിൽ വീടിന്റെ ടെറസിൽ നിന്നു പൊട്ടിയ ബോംബ് ഉലച്ചുകളഞ്ഞത്.

ഭാര്യ രാധയ്ക്ക് കുടുംബസ്വത്തായി ലഭിച്ച ഭൂമിയിൽ കുന്നോത്തുപറമ്പ് പഞ്ചായത്ത് വഴി ലൈഫ് പദ്ധതിയിൽ അനുവദിച്ച തുക ഉപയോഗിച്ചാണ് വീട് നിർമാണം തുടങ്ങിയത്. മൂന്നു ഗഡുക്കളായി ഇതുവരെ 1,40,000 രൂപയേ കിട്ടിയുള്ളൂ. അതുകൊണ്ട് ചുമരുവരെ കെട്ടി നിർത്തി. എൽഐസിയിൽ നിക്ഷേപമായുണ്ടായിരുന്ന തുക കാലാവധിയെത്തും മുൻപേ പിൻവലിച്ചാണ് കോൺക്രീറ്റ് ചെയ്തത്. വാതിലും ജനലും പിടിപ്പിക്കാനോ നിലം ശരിയാക്കാനോ കയ്യിൽ പണമില്ല. ഏക മകന്റെ ചികിത്സയ്ക്കും വേണം മാസം രണ്ടായിരം രൂപയിലധികം.

അടുത്ത ഗഡു കിട്ടാത്തതിനാൽ പണി തീർത്ത് താമസം തുടങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടെ നിന്നു രണ്ടു കിലോമീറ്ററോളം അകലെ ഭാര്യാസഹോദരന്റെ വീട്ടിലാണ് തൽക്കാലം താമസിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറുവരെ മനോഹരൻ ഇവിടെയുണ്ടായിരുന്നു. കശുവണ്ടി പെറുക്കി ബക്കറ്റിൽ വച്ചു മടങ്ങുമ്പോൾ, വിനീഷിനെ കണ്ടിരുന്നു. 500 രൂപ നൽകി 13 ലോട്ടറി ടിക്കറ്റുകൾ വിനീഷ് എടുക്കുകയും ചെയ്തു.

ഇന്നലെ രാവിലെ പത്തുമണിയോടെ ലോട്ടറി വാങ്ങാൻ കൂത്തുപറമ്പിലെ ഏജൻസിയിൽ എത്തിയപ്പോഴായിരുന്നു സുഹൃത്തുക്കളിലൊരാൾ വിളിച്ച് വീട്ടിൽ എന്തോ സംഭവിച്ചുവെന്നു പറഞ്ഞത്. ഉടൻ ഇങ്ങോട്ടു പോന്നു. പതിനൊന്നു മണിയോടെ ഇവിടെയെത്തി. നിറയെ പൊലീസുകാരായിരുന്നു. അങ്ങോട്ടു കടത്തിവിട്ടില്ല. വീടിന് എന്തെങ്കിലും പറ്റിയോ എന്നറിയില്ല. ഒരു കുപ്പി വെള്ളം മാത്രമാണ് കയ്യിലുള്ളത്. വൈകിട്ടുവരെ ഭക്ഷണം കഴിച്ചിട്ടില്ല. കഴിക്കാൻ തോന്നുന്നില്ല. വീട്ടിലും പരിസരത്തും പരിശോധനകൾ നടത്തി തിരിച്ചുവരുന്ന ഉദ്യോഗസ്ഥരിൽ പലരോടും വീടിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നു മനോഹരൻ ചോദിക്കുന്നുണ്ടായിരുന്നു. ഭാര്യ രാധ പേടിച്ചിട്ട് ഇങ്ങോട്ടു വന്നിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്യുമോ എന്നെല്ലാം ഇടയ്ക്കു മൊബൈലിൽ വിളിച്ചു ചോദിക്കുന്നുണ്ട്.

ഞെട്ടിത്തരിച്ച് നാട്

∙നാട്ടിൽ തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചിരിക്കെ, പാനൂരിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ (27) കൊല്ലപ്പെട്ടു. കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയുണ്ടായ സ്ഫോടനത്തിൽ പേർക്കു പരുക്കേറ്റു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണു പരുക്കേറ്റത്.