Tuesday 16 May 2023 05:28 PM IST : By സ്വന്തം ലേഖകൻ

വലിയ ശബ്ദം കേട്ട് ഓടിയെത്തി; കാറും ടോറസും കൂട്ടിയിടിച്ച് അപകടം, പൊലിഞ്ഞത് രണ്ടു ജീവനുകള്‍! ഞെട്ടൽ മാറാതെ നാട്ടുകാർ

kannur-mattuuu എൻ.കെ. മുനവർ, പി.പി. അഫ്രീദ്

ഇതുവരെ കാര്യമായ അപകടമൊന്നുമുണ്ടാകാതിരുന്ന സ്ഥലത്തും വാഹനാപകടം കാർ യാത്രികരായ 2 യുവാക്കളുടെ ജീവനെടുത്തതിന്റെ ‍ഞെട്ടലിലാണു പച്ചിലക്കാട് പ്രദേശവാസികൾ. ഇന്നലെ രാവിലെ മാനന്തവാടി – കൽപറ്റ സംസ്ഥാന പാതയിൽ പച്ചിലക്കാട് ജംക്‌ഷൻ കഴിഞ്ഞ് കൽപറ്റ ഭാഗത്തേക്ക് വരികയായിരുന്ന കാറും പനമരം ഭാഗത്തേക്കുള്ള ടോറസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഉടൻ സ്ഥലത്തുണ്ടായിരുന്നവരും പ്രദേശവാസികളും ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കമ്പളക്കാട് നിന്ന് പൊലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാ സേന എത്തുന്നതിനു മുൻപു നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചു വാഹനത്തിലുണ്ടായിരുന്ന 3 പേരെയും പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചു. വലിയ ശബ്ദം കേട്ടാണു രക്ഷാപ്രവർത്തകർ ഓടിയെത്തിയത്. ശക്തിയായി കൂട്ടിയിടിയിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

വയനാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

മാനന്തവാടി–കൽപറ്റ സംസ്ഥാന പാതയിൽ കണിയാമ്പറ്റ പച്ചിലക്കാടിനു സമീപം കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചു 2 യുവാക്കൾ മരിച്ചു. കാർ യാത്രികരായ കണ്ണൂർ മാട്ടൂൽ സ്വദേശികൾ പി.പി.അഫ്രീദ് (24), എൻ.കെ.മുനവർ (25) എന്നിവരാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന പി.സി.പി. മുനവറിനു (25) പരുക്കേറ്റു. ഇന്നലെ രാവിലെ പത്തരയോടെ കൽപറ്റ ഭാഗത്തേക്കു പോവുകയായിരുന്ന കാറും പനമരം ഭാഗത്തേക്കുള്ള ലോറിയുമാണു കൂട്ടിയിടിച്ചത്. 

പരുക്കേറ്റവരെ ഉടൻ കൽപറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരെ രക്ഷിക്കാനായില്ല. മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ രാത്രിയോടെ മാട്ടൂലിൽ എത്തിച്ചു സെൻട്രൽ ജുമാമസ്ജിദിൽ കബറടക്കി. 

മാട്ടൂൽ സെൻട്രൽ മുഹിയുദ്ദീൻ പള്ളിക്കു സമീപത്തെ പി.ഹാരിസ് – പി.പി.ഹബീബ ദമ്പതികളുടെ മകനാണ് അഫ്രീദ് (24). പ്ലമിങ് തൊഴിലാളിയാണ്. ഭാര്യ: അഫ്രീന. സഹോദരങ്ങൾ: ആദിൽ, അദീം. മാട്ടൂൽ സെൻട്രലിലെ ഇ.പി.അബ്ദുൽ കരീം – എൻ.കെ.ഷുഹൈബ ദമ്പതികളുടെ മകനാണു മരിച്ച മുനവർ. സഹോദരി: ഖദീജ. അപകടത്തിൽ പരുക്കേറ്റ യുവാവിനെ വയനാട്ടിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Tags:
  • Spotlight