Monday 11 March 2024 11:24 AM IST : By സ്വന്തം ലേഖകൻ

ഒരു മാസമായി കുടുംബത്തിന്റെ ഉറക്കം കെടുത്തി ഈ അലമാര... എന്തു ചെയ്യണമെന്നറിയാതെ വീട്ടുകാർ

cup-board

ഒരു അലമാര മൂലം ഒരു മാസത്തിലേറെയായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണു കടുത്തുരുത്തി കെഎസ് പുരം മങ്കുഴിക്കരിയിൽ ജോർജ് തോമസ്. കുറിയർ കമ്പനി അധികൃതർ ഒന്നര മാസം മുൻപു ജോർജിന്റെ വീട്ടിൽ എത്തിച്ചു നൽകിയതാണു കൂട്ടി യോജിപ്പിക്കാവുന്ന ഇരുമ്പ് അലമാര. ജോർജ് അലമാര ഓൺലൈനിലൊന്നും ബുക്ക് ചെയ്തിരുന്നില്ല. വിലാസത്തിൽ തെറ്റു പറ്റി കുറിയർ കമ്പനി അധികൃതർ അലമാര ജോർജിന്റെ വീട്ടിൽ ഇറക്കി.

താൻ അലമാര ബുക്ക് ചെയ്തിരുന്നില്ല എന്നും ഇതു തന്റേതല്ലെന്നും ജോർജ് അറിയിച്ചതോടെ കുറിയർ കമ്പനി അധികൃതർ അലമാര വീട്ടിൽ നിന്നു തിരികെ കൊണ്ടുപോയി. ഏതാനും ദിവസങ്ങൾക്കു ശേഷം ജോർജും കുടുംബവും വീട്ടിൽ നിന്നു പുറത്തു പോയി തിരികെ വന്നപ്പോൾ കണ്ടത്, നേരത്തേ തിരികെ കൊടുത്തുവിട്ട അലമാര വീടിന്റെ തിണ്ണയിൽ ഇരിക്കുന്നതാണ്. രാത്രി ഈ അലമാര ജോർജ് വീടിന്റെ അകത്ത് എടുത്തുവച്ചു.

പിന്നീട് ബെംഗളൂരു ആസ്ഥാനമായുള്ള കുറിയർ കമ്പനിയുടെ നമ്പറിൽ വിളിച്ചു. എന്നാൽ മറുപടിയില്ല. നന്നായി പൊതിഞ്ഞു വന്നിരിക്കുന്ന അലമാരയിൽ ബുക്ക് ചെയ്തയാളുടെ ഫോൺ നമ്പറോ വിലാസമോ ഇല്ല. ജോർജിന്റെ വീടിനുള്ളിൽ ഇരിക്കുന്ന അലമാര പുറത്ത് എടുത്തുവയ്ക്കാനും നിവൃത്തിയില്ല. ഒരു മാസമായി ജോർജ് കുറിയർ കമ്പനിയുടെ ഫോൺ നമ്പറിൽ പല തവണ വിളിക്കുകയാണ്. പക്ഷേ ഫോൺ എടുക്കുന്നില്ല. ഇതുവരെ ആരും അലമാര അന്വേഷിച്ചുവന്നതുമില്ല.

വലിയൊരു പാഴ്സൽ വീടിനുള്ളിൽ ഇരിക്കുന്നതിനാൽ വലിയ അസൗകര്യമുണ്ട്. ഇനി ഈ അലമാര എന്തു ചെയ്യണമെന്നു ജോർജിനും കുടുംബത്തിനും നിശ്ചയമില്ല. സമൂഹമാധ്യമങ്ങളിലും വാട്സാപ് ഗ്രൂപ്പുകളിലും ജോർജ് അലമാരയുടെ ചിത്രം സഹിതം അറിയിപ്പു നൽകി. പക്ഷേ അലമാര തിരക്കി ഇതുവരെ ആരും എത്തിയിട്ടില്ല.

കൃത്യമായ തെളിവും അലമാര ബുക്ക് ചെയ്ത വിവരങ്ങളുമായി ജോർജിന്റെ വീട്ടിലെത്തി അവകാശം തെളിയിച്ചാൽ അലമാര കൊണ്ടുപോകാം എന്നാണു ജോർജ് പറയുന്നത്. ഏതായാലും അലമാര മൂലം ഒരു മാസത്തിലേറെയായി ജോർജും കുടുംബവും വിഷമിക്കുകയാണ്.