Friday 10 May 2024 02:42 PM IST : By സ്വന്തം ലേഖകൻ

ഹാൾടിക്കറ്റ് മറന്നു, പരീക്ഷഹാളിലേക്ക് ഓടിക്കിതച്ചെത്തിയ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അച്ഛൻ; ഒടുവിൽ മധുരിക്കും വിജയം

ranveer

ഓട്ടോറിക്ഷ വിളിച്ച് എംഡി സെമിനാരി സ്കൂൾ പരീക്ഷഹാളിലേക്ക് ഓടിക്കിതച്ചെത്തിയ അച്ഛന് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. മക്കളെ സമയത്തിന് എസ്എസ്എൽസി പരീക്ഷ എഴുതിപ്പിക്കുക. സംസാരിക്കാനും കേൾക്കാനും പറ്റാത്ത അച്ഛന്റെ വിശ്വാസം ഇരട്ട സഹോദരങ്ങളായ റൺവീറും, റൺധീറും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയാണ് കാത്തത്. 

കഥയിങ്ങനെ. കോട്ടയം എംഡി സെമിനാരി സ്കൂളിൽ എസ്എസ്എൽസി കെമിസ്ട്രി പരീക്ഷ നടക്കുന്ന ദിവസം. കൊങ്ങാണ്ടൂർ കേളുമറ്റത്തിൽ കെ.കെ. മനോജ്- ശ്രീകല ദമ്പതികളുടെ മക്കളായ റൺവീറും, റൺധീറും ഹാൾ ടിക്കറ്റ് എടുക്കാൻ മറന്നു. പരീക്ഷ ഹാളിലെത്തിയപ്പോഴാണ് ഇരുവരും ഒരുപോലെ ഹാൾ ടിക്കറ്റ് മറന്ന കാര്യം ഓർത്തത്. വിഷയം അധ്യാപകരെ അറിയിച്ചു.

ഹെഡ്മാസ്റ്റർ വിൽസൺ ഡാനിയേൽ അടക്കം മുൾമുനയിൽ നിൽക്കുന്ന സമയം. പകരം സംവിധാനം ഒരുക്കാൻ ഹെഡ്മാസ്റ്റർ തയാറെടുപ്പ് ആരംഭിച്ചു. ഇതിനിടെ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത കൃഷി ഓഫിസിലെ ക്ലറിക്കൽ ജീവനക്കാരനായ മനോജ് ഓട്ടോറിക്ഷയിൽ മക്കളുടെ ഹാൾ ടിക്കറ്റുമായി വന്നു. അങ്ങനെ പരീക്ഷ എഴുതി റിസൽട്ട് വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. 

റൺവീർ, റൺധീർ പേരുകൾക്ക് പിന്നിലും ഒരു കഥയുണ്ട്. ശ്രീകലയ്ക്ക് നേവിയിലും, ഡിഫൻസിസും ചെറുപ്പത്തിൽ ജോലി ലഭിച്ചതാണ്. അന്ന് പോകാൻ കഴിഞ്ഞില്ല. ഇക്കാരണത്താൽ 2 മക്കളെയും വീരനും, ധീരനുമായ സൈനികരാക്കി രാജ്യത്തിന് നൽകണമെന്ന ആഗ്രഹം കാരണം റൺ‘വീർ’, റൺ‘ധീർ’ എന്ന് പേരിട്ടു. അമ്മയുടെ ആഗ്രഹം സാധിക്കാനുള്ള ഒരുക്കം മക്കളും തുടങ്ങി.

Tags:
  • Spotlight