Wednesday 27 March 2024 11:20 AM IST : By സ്വന്തം ലേഖകൻ

‘ജീവിതം മടുത്തു, അവസാനിപ്പിക്കുന്നു’: ഡോ. അഭിരാമിയുടെ മുറിയിൽ നിന്നും കണ്ടെത്തിയ കുറിപ്പ്: ഇന്നലെ വൈകിട്ടും വീട്ടിലേക്കു വിളിച്ചു

doctor-demise-tvm-mc

താൻ ജീവനൊടുക്കിയതിനു പിന്നിൽ മറ്റാരുമില്ലെന്നും ജീവിതം മടുത്തതിനാൽ സ്വയം അവസാനിപ്പിക്കുകയാണെന്നും യുവ ഡോക്ടർ അഭിരാമിയുടെ (30) ആത്മഹത്യാക്കുറിപ്പ്. വെള്ളനാട് സ്വദേശിയായ അഭിരാമി മെഡിക്കൽ കോളജിലെ ഡോക്ടറാണ്. മെഡിക്കൽ കോളജിനടുത്ത് പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ മരുന്നു കുത്തിവച്ചതാണ് മരണ കാരണമെന്ന് സംശയിക്കുന്നു. പോസ്റ്റമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

‌ഇന്നലെ വൈകുന്നേരം 3 മണിക്കും അഭിരാമി വീട്ടിൽ വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ദിവസം 3 തവണയെങ്കിലും മാതാപിതാക്കളെ വിളിക്കാറുണ്ട്. മറ്റു പ്രശ്നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. ഇന്നലെ വിളിച്ചപ്പോഴും പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. അഞ്ച് മാസം മുൻപാണ് കൊല്ലം സ്വദേശിയായ ഡോക്ടറുമായുള്ള വിവാഹം കഴിഞ്ഞത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)