Monday 06 May 2024 03:59 PM IST : By സാദിഖ് കാവിൽ

യേശുക്രിസ്തുവിന്റെ കാല്‍ ലക്ഷത്തിലേറെ ചിത്രങ്ങൾ, ആ ചിത്രത്തിന്റെ മതിപ്പുവില 165 കോടി! ലോറൻസിന്റെ നിധിശേഖരം

lawrence

ദുബായിലൊരു മലയാളിയുെട പക്കല്‍ ക്രിസ്തുദേവന്‍റെ വ്യത്യസ്തമായ കുറേ ചിത്രങ്ങളുണ്ടെന്നു കേള്‍ക്കുമ്പോള്‍ നിങ്ങളെന്തു കരുതും? ആയിരം, അല്ലെങ്കില്‍ രണ്ടായിരം, പരമാവധി 5000 ചിത്രങ്ങള്‍. അതാണോ കണക്കുകൂട്ടല്‍. എങ്കിൽ ഒന്നു ഞെട്ടാന്‍ തയാറായിക്കൊള്ളൂ. ദുബായിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ലോറന്‍സ് മാമന്‍ േനര്യംപറമ്പിലിന്‍റെ ശേഖരത്തിലുള്ളത്, കാല്‍ ലക്ഷത്തിലേറെ യേശുക്രിസ്തുവിന്‍റെ ചിത്രങ്ങളാണ്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഡിെെസനിലും നിറങ്ങളിലും ഒക്കെയുള്ള െെദവപുത്രന്‍. പരിശുദ്ധ മാതാവ് മറിയത്തിന്‍റെ ചിത്രങ്ങളും ശേഖരത്തിലുണ്ട്. ലോകത്തു മറ്റൊരു വ്യക്തിയുടെയോ സംഘടനയുടെയോ കയ്യിൽ യേശുവിന്‍റെയും മറിയത്തിന്‍റെയും ഇത്രയധികം ചിത്രങ്ങളില്ലത്രെ.

ലോകത്തിലെ എക്കാലത്തെയും മികച്ച ചിത്രകാരന്മാരിലൊരാളായ ലിയനാര്‍ഡോ ഡാവിഞ്ചി വരച്ചതു മുതലുള്ള ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഡിസംബറിലാണു 25,000 ചിത്രങ്ങള്‍ തികഞ്ഞത്. ഇപ്പോഴും ഒാരോ മാസവും പുതിയ പുതിയ െെദവപുത്രന്മാര്‍ ആ ശേഖരത്തിലേക്കെത്തുന്നു.

കണ്ണൂര്‍ ഇൗന്തുംകരയിൽ സ്ഥിരതാമസമാക്കിയ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ് ലോറന്‍സ്. ക്രിസ്തുദേവന്‍റെ ഏറ്റവുമധികം ചിത്രങ്ങള്‍ െെകവശമുള്ളതിന്‍റെ േപരില്‍ ലിംക ബുക്ക് ഒാഫ് റെക്കോർഡ്സിലും ഇടം പിടിച്ചു. ഗിന്നസ് ബുക്ക് ഒാഫ് ലോക റെക്കോർഡ്സാണ് അടുത്ത ലക്ഷ്യം. ‘താമസിയാതെ ആ നേട്ടം െെകവരിക്കാനാകുമെന്നാണു പ്രതീക്ഷ.’ ചിത്രങ്ങള്‍ ഒാരോന്നായി എടുത്തുകാട്ടി ലോറന്‍സ് പറയുന്നു.

‘‘എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ ചിത്രങ്ങളാണ്. ഗൂഗിളിൽ തിരഞ്ഞാല്‍ പോലും നാലായിരത്തിനടുത്തു ചിത്രങ്ങളേ ലഭിക്കൂ. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളുള്ളതായി കേട്ടിട്ടുള്ളത്. ഒരിക്കല്‍ അവിടെയുള്ള ഒരു ബന്ധു എനിക്ക് യേശുവിന്റെ കുറേ ചിത്രങ്ങൾ സമ്മാനിച്ചു. ആദ്യമൊരു കൗതുകമായിരുന്നു. പിന്നെപ്പിന്നെ ഹരം വളര്‍ന്നു. ചിത്രങ്ങള്‍ തേടിപ്പിടിച്ചു ശേഖരിക്കാന്‍ തുടങ്ങി. െെദവപുത്രന്‍റെ മുഖഭാവം മാത്രമല്ല, വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങളുമുണ്ട്. യേശുവിനെ ദിവ്യഗർഭം ധരിക്കുന്നതു മുതല്‍ കുരിശിലേറ്റുന്നതുവരെ പല ഘട്ടങ്ങളിലുമുള്ള ചിത്രങ്ങള്‍.’’

കോട്ടയം ചങ്ങനാശേരി നേര്യംപറമ്പിൽ മാത്യു ജോർജ് – അച്ചാമ്മ മാത്യു ദമ്പതികളുടെ മകനാണു ലോറന്‍സ്. കുട്ടിക്കാലത്തു തന്നെ െെദവത്തിന്‍റെ ഇടപെടല്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായി.

lawrence-6

‘‘എനിക്കു മൂന്നു വയസ്സുള്ളപ്പോള്‍ തൊണ്ട സംബന്ധമായ അസുഖം പിടിപ്പെട്ടു.’’ ലോറന്‍സ് ഒാര്‍ക്കുന്നു. ‘‘ കോഴിക്കോട് മെഡിക്കൽ കോളജിലടക്കം പല ‍ഡോക്ടർമാരെയും കണ്ടു. ശസ്ത്രക്രിയ വേണമെന്നായിരുന്നു എല്ലാവരുടെയും നിർദേശം. കൊച്ചുകുട്ടിയായ എന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ അപ്പാപ്പനു സമ്മതമില്ലായിരുന്നു. ശസ്ത്രക്രിയ കൂടാതെ അസുഖം ഭേദമായാൽ മാർട്ടിൻ ഡി പോറസ് പുണ്യവാളന്റ നാമത്തിൽ ഒരു പള്ളി പണികഴിപ്പിക്കാമെന്ന് അദ്ദേഹം നേർച്ച നേർന്നു. അതിനായി ഈന്തുംകരിയിൽ സ്ഥലംവാങ്ങിച്ച് അദ്ദേഹം തന്നെ പ്ലാൻ വരച്ചു. എന്‍റെ അസുഖം ഭേദമായി. വിശുദ്ധന്‍റെ രൂപം കൊൽക്കൊത്തയിൽ നിന്നാണു കൊണ്ടുവന്നത്. യാത്രാസൗകര്യം വളരെ കുറവായിരുന്ന അക്കാലത്ത് രൂപം െകാണ്ടുവരാന്‍ ഒട്ടേറെ പ്രയാസപ്പെട്ടു. മാർട്ടിൻ ഡി പോറസ് തീർഥാടന കേന്ദ്രം എന്ന പേരില്‍ അതിപ്പോള്‍ പ്രസിദ്ധമാണ്.’’

മദർ തെരേസ സന്ദർശിച്ച വീട്

പത്തോളം വൈദികരെയും 32 കന്യാസ്ത്രീകളെയും സഭയ്ക്കു സംഭാവന ചെയ്ത കുടുംബമാണു നേര്യംപറമ്പിൽ. വിശുദ്ധ മദർ തെരേസ ഒരിക്കൽ ഇവിടെ സന്ദർശനം നടത്തിയിട്ടുമുണ്ട്.

മദര്‍ തെേരസയുെട സന്ദര്‍ശനവും യേശുക്രിസ്തുവിന്റെയും മാതാവിന്റയും ചിത്രങ്ങൾ ശേഖരിക്കാൻ ലോറൻസിനു പ്രചോദനമായിട്ടുണ്ട്. കൂടാതെ മാതൃസഹോദരീ പുത്രനും ഇപ്പോൾ മോൺസിങ്ഞോ (Monsignor) പദവിയിലുള്ള ഫാദർ ജോർജ് ആലുങ്കലിന്റെ കയ്യിലെ ലോകത്തിന്റ എല്ലാഭാഗത്തു നിന്നുമുള്ള കുരിശുകളുടെയും യേശുവിന്റയും മാതാവിന്റയും രൂപങ്ങളുടെയും ശേഖരം കണ്ടതും ലോറൻസിൽ ആവേശം ജനിപ്പിച്ചു.

‘‘പിന്നീട് നിരന്തരം യാത്രകളായിരുന്നു. പള്ളികളില്‍ നിന്നു പള്ളികളിലേക്ക്. അരമനകളിലേക്ക്. എവിടെയെങ്കിലും അപൂര്‍വമായൊരു ചിത്രമുണ്ടെന്നു കേട്ടാല്‍ അതു േതടിയിറങ്ങും. ഇറ്റലി, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ചിത്രങ്ങള്‍ തേടി പോയിട്ടുണ്ട്.’ ലോറന്‍സ് പറയുന്നു. ‘‘യാത്രകളിലൂെടയാണ് ഭൂരിപക്ഷം ചിത്രങ്ങളും ലഭിച്ചത്. എല്ലാം സ്വന്തം ക്യാമറയില്‍ പകര്‍ത്തി എടുക്കുകയായിരുന്നു. എെന്‍റ ഈ ഇഷ്ടം അറിഞ്ഞു സുഹൃത്തുക്കളും ബന്ധുക്കളും ചിത്രങ്ങള്‍ സമ്മാനിക്കാനും തുടങ്ങി. അങ്ങനെ ഇരുപത്തിയഞ്ചോളം വർഷങ്ങൾ കൊണ്ടു നേടിയ നിധിയാണിത്.’’

തന്റെ ശേഖരത്തിലുള്ളതിൽ നിന്നു വ്യത്യസ്തമായതു കണ്ടെത്തുകയാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളിയെന്നു ലോറന്‍സ് പറയുന്നു. ഇതിനു തന്നെ ധാരാളം സമയം വേണ്ടി വരും. ചിത്രങ്ങൾ പൂപ്പല്‍ ബാധിച്ചു നശിച്ചുപോകാതിരിക്കാൻ നെഗറ്റീവുകളായാണു സൂക്ഷിക്കുന്നത്. ഫംഗസ് ബാധിക്കാത്ത ഫോട്ടോ ആൽബങ്ങള്‍ പണ്ടു കേരളത്തിൽ ലഭ്യമല്ലാത്തതിനാൽ വിദേശത്തു നിന്നു വരുത്തിക്കുകയായിരുന്നു. ചിത്രങ്ങളുടെ എണ്ണം വർധിച്ചതോടെ സിഡിയിലും യുഎസ് ബിയിലും പിന്നീട് ഹാർഡ് ഡിസ്കിലുമായി സൂക്ഷിക്കാന്‍ തുടങ്ങി.

ചിത്രങ്ങൾ കൂടാതെ, യേശുവിന്റെയും മാതാവിന്റെയും തടി കൊണ്ടു നിർമിച്ച വ്യത്യസ്ത ശിൽപങ്ങളുടെ ചെറിയ ശേഖരവും കൈവശമുണ്ട്. യോഹന്നാനിൽ നിന്ന് യേശു മാമോദീസ സ്വീകരിക്കുന്നതും പീലാത്തോസിന് മുന്നിൽ വിചാരണയ്ക്കു വിധേയനാക്കുന്നതും ഉയിർപ്പും യേശുവിന്റെ വിവിധ മുഖഭാവങ്ങളും ഒക്കെ ഇക്കൂട്ടത്തിലുണ്ട്.

ചിത്രങ്ങളുെട എണ്ണം പതിനായിരങ്ങള്‍ കവിഞ്ഞപ്പോള്‍ കുറേ ചിത്രങ്ങൾ ചേർത്ത് ഒറ്റ ഫ്രെയിമിലാക്കി പ്രിന്റ് ചെയ്യണമെന്നു ലോറന്‍സിനൊരു മോഹം തോന്നി. പറയുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ചില്ലറക്കാര്യമായിരുന്നില്ല, അതെന്നു ലോറന്‍സ്.

‘‘ഒന്നിെനാന്നു വ്യത്യസ്തമായ ചിത്രങ്ങള്‍ തിരഞ്ഞെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. 85 ഇഞ്ച് വലിപ്പമുള്ള ടിവിയിൽ ഒാരോന്നും കണ്ടുനോക്കി ഒരേപോലെയുള്ള ചിത്രങ്ങൾ ഒഴിവാക്കിയാണ് ഇതു സാധിച്ചത്.

പിന്നെ, ഇത്രയും ചിത്രങ്ങൾ ഒറ്റ ഫ്രെയിമിൽ ചേർത്തെടുക്കാൻ ശേഷിയുള്ള ഇലക്ട്രോണിക് സിസ്റ്റംമുള്ള ഗ്രാഫിക് ഡിസൈനർമാരെ തേടി നടന്നു. ദുബായിലെ ഗ്രാഫിക് ഡിസൈനര്‍ കൊല്ലം സ്വദേശി വിവേക് ആനന്ദിന്റെ സഹായത്തോടെയാണു ചിത്രങ്ങൾ ഒറ്റ ഫ്രെയിമിൽ സെറ്റ് ചെയ്തത്.

33 അടി നീളവും 10 അടി വീതിയുമുള്ള ഒറ്റ ഫ്രെയിമിൽ ചിത്രങ്ങൾ പ്രിന്റ് ചെയ്യുന്ന മെഷിൻ നാട്ടില്‍ ഒരിടത്തുമില്ലെന്നറിഞ്ഞതോെട നിരാശയായി. ഇത്രയും വലിയ പ്രിന്റ് മടക്കി സൂക്ഷിക്കാൻ കഴിയുന്ന പ്രത്യേകതരം ഫാബ്രിക് മെറ്റീരിയലും ഇന്ത്യയിൽ ലഭ്യമല്ലായിരുന്നു. പിന്നെ, വിദേശത്ത് അന്വേഷണം തുടങ്ങി. ഒടുവില്‍ ദുബായിലെ അപൂർവമായ മെഷിനിലാണു ചിത്രം പ്രിന്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം രൂപ ചെലവായി.’’

ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനവേളയിൽ അബുദാബിയിൽ ചിത്രം പ്രദർശിപ്പിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഇത്രയും വലിയ പ്രിന്റ് പ്രദർശിപ്പിക്കാനുള്ള അസൗകര്യവും പ്രോട്ടോക്കോളും മൂലം അതു നടന്നില്ല. പിന്നീട് കൊച്ചി ബിഷപ് ഹൗസിൽ പ്രദര്‍ശിപ്പിച്ചു. അന്നത്തെ മേജർ ആർച്ചു ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണു ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്.

lawrence-3 ‘സൽവദോർ മുന്‍ഡി’ ലോക രക്ഷകനായി യേശുദേവന്‍ (വലത്ത്)

യേശു–മറിയം ചിത്രങ്ങളുടെ ശേഖരം ഇനിയും തുടരണമെന്നു തന്നെയാണു ലോറൻസിന്റെ ആഗ്രഹം. അപൂര്‍വ ഹോബിക്കു പൂർണ പിന്തുണയുമായി ഭാര്യ ഷീലയും മക്കളായ വില്യം, ടോം, ഇസബെല്ല എന്നിവരും ഒപ്പമുണ്ട്.

ഏറ്റവും വിലകൂടിയ ചിത്രം

വിഖ്യാത ചിത്രകാരന്‍ ലിയ‍നാർഡോ ഡാവിഞ്ചി വ രച്ച, അബുദാബി ലൂവ്റെ മ്യൂസിയത്തിലുള്ള ‘സൽവദോർ മുന്‍ഡി’ (ലോകരക്ഷകന്‍ എന്നാണ് ഈ ലാറ്റിന്‍ വാക്കിന്‍റെ അർഥം) എന്ന ചിത്രത്തിന്റെ ഡിജിറ്റൽ കോപ്പിയും ലോറന്‍സിന്‍റെ ശേഖരത്തിലുണ്ട്. വലതു െെക കൊണ്ടു കുരിശടയാളം സൃഷ്ടിച്ച്, ഇടം കയ്യില്‍ ക്രിസ്റ്റല്‍ഗോളവുമായി നില്‍ക്കുന്ന ക്രിസ്തുവിെന്‍റ രൂപമാണിത്. ലോകത്തെ ഏറ്റവും വില കൂടിയ ചിത്രമായി പരിഗണിക്കുന്ന സൽവദോർ മുന്‍ഡിയുെട മതിപ്പുവില 165 കോടിയാണ്. 2017 ല്‍ ന്യൂയോര്‍ക്ക് ക്രിസ്റ്റീസില്‍ നടന്ന ലേലത്തിലാണ് സൗദി ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൌദ് അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ടൂറിസത്തിനു വേണ്ടി ഈ മനോഹര ചിത്രം വാങ്ങിയത്.

സാദിഖ് കാവിൽ