Wednesday 14 February 2024 12:55 PM IST : By സ്വന്തം ലേഖകൻ

‘പള്ളിയില്‍ പോകാനായി രാവിലെ ആറരയ്ക്ക് ഇറങ്ങിയതാണ്; അലറിപ്പാഞ്ഞടുത്ത് കടുവ, ആനയെന്നാണ് കരുതിയത്’; നടുക്കം മാറാതെ ലിസി

dg987tiger55

ആനയ്ക്ക് പിന്നാലെ കടുവ ഇറങ്ങിയതും വയനാട പടമല നിവാസികളെ ഭീതിയിലാഴ്​ത്തിയിരിക്കുകയാണ്. റോഡ് മുറിച്ചോടുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിനിടെ കടുവ പിന്നാലെ വന്ന പേടിപ്പെടുത്തുന്ന അനുഭവമാണ് പടമല നിവാസിയായ ലിസി ജോസഫിന് പറയാനുള്ളത്. രാവിലെ പള്ളിയിലേക്ക് പോകാന്‍ റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് കടുവ പാഞ്ഞടുത്തതെന്ന് ലിസി മനോരമ ന്യൂസിനോട് പറഞ്ഞു. 

'പള്ളിയില്‍ പോവാനായാണ് രാവിലെ ആറരക്ക് ഇറങ്ങിയത്. പറമ്പില്‍ നിന്നും വലിയ അലര്‍ച്ച കേട്ടു. ശ്രദ്ധിച്ചപ്പോള്‍ ഒന്നുകൂടി ശബ്ദം കേട്ടു. ആനയാണെന്നാണ് കരുതിയത്. അടുത്ത വീട്ടിലെ ചേട്ടനെ വിളിച്ചു. അപ്പോഴേക്കും ഇത് പാഞ്ഞ് എന്‍റെ അടുത്തേക്ക് വന്നു. ഞാന്‍ പെട്ടെന്ന് സൈഡിലേക്ക് മാറി. അതുനേരെ തന്നെ പോയി. എന്നെ ആക്രമിക്കാന്‍ വരുകയാണെന്നാണ് വിചാരിച്ചത്. കടുവയാണെന്ന് അപ്പോള്‍ മനസിലാക്കാന്‍ പറ്റിയില്ല. ആനയുടെ ഭയമുള്ളതുകൊണ്ട് ആനയാണെന്നാണ് വിചാരിച്ചത്. മുകളിലുള്ള വീട്ടുകാര്‍ കണ്ടു. കടുവയാണെന്ന് അവരാണ് പറഞ്ഞത്. ഒരു നിഴല്‍ പോലയെ ഞാന്‍ കണ്ടുള്ളൂ.'- വിറക്കുന്ന ശബ്​ദത്തില്‍ ലിസി പറഞ്ഞു. 

കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അജീഷിന്‍റെ വീടിനടുത്താണ് കടുവയെ കണ്ടത്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്ത വനംവകുപ്പിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.

Tags:
  • Spotlight