Tuesday 02 January 2024 12:54 PM IST : By ഡോ. സുജേതാ ഏബ്രഹാം

കപ്പയുടെ കിഴങ്ങ്, തൊലി, ഇല എന്നിവ പച്ചയ്ക്കു കഴിക്കുമ്പോൾ സംഭവിക്കുന്നത്? കപ്പയിലെ കട്ട് പ്രശ്നമോ?: അറിയേണ്ടതെല്ലാം

545t3

പഴയതലമുറയും പുതുതലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന കപ്പ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മരിച്ചീനി, ലോകത്തിലെ ഭൂരിപക്ഷം ആളുകളുടേയും മുഖ്യാഹാരമാണെന്നു പറയുന്നതിൽ അതിശയമില്ല. പണ്ട് പാവങ്ങളുടെ ആഹാരമായിരുന്ന കപ്പ ഇന്ന് ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ പ്രധാനപ്പെട്ട വിഭവമാണ്. യുഫോർബിയേസി എന്ന സസ്യകുടുംബത്തിലെ അംഗമായ മരച്ചീനിയുടെ ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാന്‍റാ എന്നാണ്. ഇത് തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ ചൂള എന്നും മധ്യകേരളത്തിൽ പലപ്രദേശങ്ങളിലും കൊള്ളി എന്നുമാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ‘കസാവ’ എന്നു പറയുന്നു. എങ്കിലും കപ്പയുടെ പൊടിക്കു പറയുന്ന ടപ്പിയോക്ക എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.

കപ്പയിൽ എന്തൊക്കെയുണ്ട്?


100 ഗ്രാം കപ്പയിൽ എന്തൊക്കെ ഘ‍‍ടകങ്ങളുണ്ടെന്നു നോക്കാം.

അന്നജം - 38 ഗ്രാം

ഊർജം - 157 ഗ്രാം

പൊട്ടാസ്യം- 10 മില്ലി ഗ്രാം

സോഡിയം - 2 മില്ലി ഗ്രാം

കാത്സ്യം - 50 മില്ലി ഗ്രാം

ഫോസ്ഫറസ് - 40 മില്ലി ഗ്രാം

വൈറ്റമിൻ സി - 25 മില്ലി ഗ്രാം.

അയൺ - .9 മില്ലി ഗ്രാം

കൊഴുപ്പ് - .2 മില്ലി ഗ്രാം.

പ്രോട്ടീൻ- .7 മില്ലിഗ്രാം

കൂടാതെ തയമിൻ, റൈബോഫ്ലോവിൻ, നിയാസിൻ തുടങ്ങിയ ബി കോംപ്ലക്സ് വൈറ്റമിനുകളും സെലിയം, സിങ്ക്, കോപ്പർ മുതലായ മിനറലുകളും കപ്പയിൽ അടങ്ങിയിട്ടുണ്ട്.

കപ്പയിലെ കട്ട്

ഒരു ഭക്ഷ്യവസ്തു എന്ന നിലയിൽ ക പ്പ പോഷകം കുറഞ്ഞ ഒരു ആഹാരമാണ്. കപ്പയിലെ കട്ട് ആണ് ഭക്ഷ്യവസ്തു എന്ന നിലയിൽ ഉള്ള പോരായ്മ. കപ്പയിൽ ലിനാമാറിൻ, ലോട്ടാ യുസ്ട്രാലിൻ എന്നീ രണ്ട് ഗ്ലൈക്കോ സൈഡുകളാണ് പ്രധാനം. ഇവയിൽ നിന്ന് ഹൈഡ്രജൻ സയനൈഡ്
രൂപപ്പെടുന്നു. ഇതാണ് കപ്പയിലെ കട്ട് എന്നറിയപ്പെടുന്നത്. തിളപ്പിച്ച് ഊറ്റുമ്പോൾ ഈ വിഷാംശം ഏറെക്കുറെ മാറ്റപ്പെടുന്നു. കൃത്രിമ വളം ചേർത്ത് കൃഷി ചെയ്യുന്ന കപ്പയിലാണ് കട്ടിന്റെ അംശം കൂടുതൽ. എന്നാൽ ചാരം വളമായി ചേർത്തുണ്ടാക്കുന്ന കപ്പയിൽ കട്ടിന്റെ അംശം കുറവായിരിക്കും.

കപ്പ പുതുരൂപങ്ങളിൽ തീൻമേശയിൽ എത്താറുണ്ട്. റൊട്ടി, കേക്ക്, മിഠായി, സ്പഗത്തി, നൂഡിൽസ്, കാലിത്തീറ്റ ഇവയൊക്കെ കപ്പയുടെ മാവിൽ നിന്ന് ഉണ്ടാക്കുന്നു. മുഖ്യമായി വ്യവസായിക പ്രധാന്യം അതിൽ നിന്ന് ഉണ്ടാക്കുന്ന സ്റ്റാർച്ചിനാണ്.

കപ്പയുടെ കിഴങ്ങ്, കിഴങ്ങിന്റെ തൊലി, ഇലകൾ... ഇവ പച്ചയ്ക്കു കഴിക്കുന്നതു വിഷകരമാണ്. കപ്പ പുഴുങ്ങുമ്പോൾ വിഷാംശം പോകുവാൻ, ഏറെ വെള്ളത്തിൽ തിളപ്പിച്ച് വെള്ളം ഊറ്റിക്കളയണം. ഏറെ രുചികരമായ ഒരു ഭക്ഷണമാണ് കപ്പ. മലയാളികൾ തേങ്ങാ ചേർത്തും കപ്പ ബിരിയാണിയായും വെറുതെ ഉപ്പിട്ടു വേവിച്ചും കപ്പ കഴിക്കാറുണ്ട്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരു പോലെ കപ്പ ഇഷ്ടപ്പെടുന്നു. കപ്പ കഴിക്കുന്നവർ അത് രാവിലെയോ ഉച്ചയ്ക്കോ ഒരു നേരത്തെ ആഹാരമായി കഴിക്കുന്നതാണ് നന്ന്. കൂടെ ചോറ് കഴിക്കേണ്ട കാര്യമില്ല. കാരണം ഒരു നേരത്തെ കപ്പയിൽ നിന്നു തന്നെ ഒരു ദിവസം വേണ്ട അന്നജത്തിന്റെ പകുതിയും ലഭിക്കുന്നു. വൈകുന്നേരം കഴിച്ചാൽ ഭാരം കൂടാൻ സാധ്യതയുണ്ട്.

സാധാരണ കപ്പയും മീനും, കപ്പയും ഇറച്ചിയും ഒരുമിച്ചാണ് കഴിക്കുന്നത്. പ്രോട്ടീനിൽ ഉള്ള നൈട്രേറ്റുകൾ കപ്പയിലുള്ള ഹൈഡ്രജൻ സയനൈഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു. അതുകൊണ്ട് മീനോ, ഇറച്ചിയോ കഴിക്കാത്ത വെജിറ്റേറിയൻസ്, കടല, ചെറുപയർ, വൻപയർ പരിപ്പ് ഇവയിൽ ഏതെങ്കിലുമൊന്ന് േചർത്ത് ഉപയോഗിച്ചാൽ കപ്പ ആരോഗ്യകരമായ ഭക്ഷണമായിത്തീരും.

കാത്സ്യം നിറഞ്ഞ് കപ്പ

അന്നജം, ഉൗർജം ഇവ ധാരാളമുള്ളതും പ്രോട്ടീൻ, കൊഴുപ്പ്, മൈക്രോ ന്യൂട്രിയന്റുകൾ ഇവ കുറവുള്ളതുമായ ആഹാരമാണ് കപ്പ. ഉൗർജത്തിന്റെ കലവറയാണിത്. ശരീരഭാരം കുറവുള്ളവർ കപ്പ കഴിച്ചാൽ ശരീരഭാരം കൂടും. പഴയ തലമുറയുടെ ആരോഗ്യ രഹസ്യങ്ങളിൽ ഒന്നാണ് കപ്പ. കപ്പ മസിലിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. കപ്പയിൽ അടങ്ങിയ കാത്സ്യം എല്ലുകളുടെ ബലം വർധിപ്പിക്കും. കുട്ടികളിലെ ജനിതകവൈകല്യങ്ങൾ പരിഹരിക്കാൻ കപ്പയിലെ ബികോംപ്ലക്സ് വൈറ്റമിനുകളും വൈറ്റമിൻ സിയും ഉപകരിക്കുന്നു. കപ്പയിലെ ദഹനയോഗ്യമായ നാരുകൾ ദഹനപ്രവർത്തനത്തെ സുഗമമാക്കുന്നു. മലബന്ധത്തെ തടയുന്നു. ഹൃദയാരോഗ്യം വർധിപ്പിക്കാനും രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനും കപ്പ സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം, കുറഞ്ഞ കൊഴുപ്പ് ഇവ രക്തസമ്മർദ്ദമുള്ളവർക്കും കൊളസ്ട്രോൾ ഉള്ളവർക്കും ഭക്ഷ്യയോഗ്യമാണ്.

കപ്പ ഒരു ഗ്ലൂട്ടൻ ഫ്രീ ഉൽപന്നമാണ്. കപ്പ എളുപ്പത്തിൽ ദഹിക്കുന്നതിനാൽ ഇറിറ്റബിൾ ബവൽ സിൻഡ്രം ഉള്ളവര്‍ക്ക് നല്ല ആഹാരമാണ്.

പ്രമേഹരോഗികൾക്കു കപ്പ ഉപയോഗിക്കാമോ എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. പ്രമേഹം നിയന്ത്രണത്തിൽ ആണെങ്കിൽ വളരെ ചെറിയ അളവിൽ ഉപയോഗിക്കാം. 50 ഗ്രാമിൽ കൂടുതൽ ഉപയോഗിക്കരുത്. ആഴ്ചയിൽ ഒന്നോ, രണ്ടാഴ്ചയിൽ ഒന്നോ മാത്രം ഉപയോഗിക്കുക. കപ്പയുടെ അളവു കുറച്ച് മീൻ കൂടുതൽ കഴിക്കാം. കപ്പയിൽ ഊർജവും അന്നജവും ഗ്ലൈസിമിക് ഇൻഡക്സും കൂടുതലാണ്.

കപ്പ കഴിക്കുമ്പോൾ ചോറോ ചപ്പാത്തിയോ ഒന്നും കഴിക്കാതെ മീനും, പച്ചക്കറികളും, സാലഡും കഴിച്ച് വയർ നിറയ്ക്കുക. ചിലർ ഉണക്കു കപ്പ കൂടുതൽ കഴിക്കാറുണ്ട്. ഉണക്കു കപ്പ ആണെങ്കിലും ഊർജത്തിനും അന്നജത്തിനും കുറവില്ല. ഉണക്കു കപ്പ രണ്ടുപ്രാവശ്യം തിളപ്പിക്കുന്നതുകൊണ്ട് അതിലെ വിഷാംശം കുറയുമെന്നേയുള്ളൂ. ഹൈപ്പോ തൈറോയ്ഡിസം ഉള്ള രോഗികൾക്ക് കപ്പ നന്നല്ല. കപ്പയിലെ ഹൈഡ്രജൻ സയനൈഡ് (തയോസയനേറ്റ് ) അയഡിന്റെ ആഗീരണത്തെ തടസ്സപ്പെടുത്തുന്നു. ഈ രോഗികളും വല്ലപ്പോഴും കപ്പ കുറഞ്ഞ അളവിൽ ഉപയോഗിക്കുക. ചിലർക്ക് കപ്പ ഗ്യാസ് ഉണ്ടാക്കുന്നു. അങ്ങിനെയുള്ളവർ കുറഞ്ഞ അളവിൽ ഉപയോഗിക്കുക. കൂടെ പ്രോബയോട്ടിക് ആഹാരമായ തൈരോ, മോരോ ഉപയോഗിക്കുക.

സുജേതാ ഏബ്രഹാം

റിട്ട. സീനിയർ ഡയറ്റീഷൻ

ഗവ. മെഡിക്കൽ കോളജ്

കോട്ടയം

Tags:
  • Daily Life
  • Manorama Arogyam