Saturday 03 February 2024 12:34 PM IST : By സ്വന്തം ലേഖകൻ

ബിനു ജീവനു വേണ്ടി പിടയുമ്പോഴും സ്കൂട്ടറിന്റെ വെളിച്ചം അണയാതെ നിന്നു... നോവായി ഇലക്ട്രിഷ്യന്റെ വിയോഗം

binu-demise ബിനു പി.ചെറിയാന്റെ മരണത്തിന് ഇടയാക്കിയ അപകടസ്ഥലം, അപകടത്തിൽ പെട്ട സ്കൂട്ടർ.

ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് ബിനു അപകടത്തിൽപ്പെട്ട വിവരം അറിയുന്നത് മറിഞ്ഞ സ്കൂട്ടറിന്റെ വെളിച്ചം കണ്ടതിനെ തുടർന്ന്. പുല്ല് നിറഞ്ഞ ഓടയിലേക്ക് മറിഞ്ഞ സ്കൂട്ടറിന്റെ താഴെയാണ് ബിനുവിനെ കണ്ടെത്തിയത്. നിറഞ്ഞുനിന്ന പുല്ല് കാരണം റോഡരികിൽ ഓടയുണ്ടെന്ന കാര്യം തിരിച്ചറിയാൻ കഴിയില്ല. സ്ഥലത്തു കൂടി നടന്നുപോയ വീട്ടമ്മയാണ് സ്കൂട്ടറിന്റെ വെളിച്ചം ഓടയിൽ നിന്നു കണ്ടത്.

അപകടം നടന്നെന്നു മനസ്സിലാക്കിയ വീട്ടമ്മ സമീപത്തെ ജംക്‌ഷനിലെത്തി വിവരം നാട്ടുകാരെ അറിയിച്ചു. പ്രദേശവാസിയായ ഉണ്ണിക്കുട്ടൻ എത്തി നോക്കിയപ്പോഴാണ് സ്കൂട്ടറിന്റെ താഴെ കാലിന്റെ ഒരു ഭാഗം കണ്ടത്. സ്കൂട്ടർ മാറ്റി ബിനുവിനെ പുറത്തെടുത്ത് ഓട്ടോയിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ബിനു ഹെൽമറ്റ് ധരിച്ചിരുന്നു. പുറമെ പരുക്കുകളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. നാട്ടുകാർക്ക് പ്രയോജനപ്രദമായ ഏത് കാര്യത്തിനും മുൻപന്തിയിൽ നിന്നിരുന്ന ബിനുവിന്റെ മരണ വാർത്തയറിഞ്ഞ് നൂറുകണക്കിനു ജനങ്ങളാണ് ആശുപത്രിയിലേക്ക് എത്തിയത്.

binu-1

തുറന്നുകിടന്ന ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് ഇലക്ട്രിഷ്യൻ മരിച്ചു

മണർകാട് ∙ തുറന്നുകിടന്ന ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മണർകാട് പുതുപ്പറമ്പിൽ ബിനു പി.ചെറിയാൻ (53) ആണു മരിച്ചത്. ഇന്നലെ രാത്രി 7നു ശേഷമാണു സംഭവം. ഐരാറ്റുനട കുറ്റിക്കാട്ടുപടി റോഡിനോടു ചേർന്ന ഓടയിലേക്കാണു സ്കൂട്ടർ പതിച്ചത്. റോഡിലൂടെ പോയ കാൽനട യാത്രക്കാരാണു ബിനു അപകടത്തിൽപെട്ട് ഓടയിൽ വീണുകിടക്കുന്നത് കണ്ടത്.

ഇവർ ബഹളംവച്ചതോടെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടമുണ്ടായ ശേഷം കുറെയധികം സമയം ബിനു ഓടയിൽ കിടന്നെന്നാണു നിഗമനം. പ്ലമിങ്, ഇലക്ട്രിക് ജോലികൾ ചെയ്യുന്നയാളാണു ബിനു. ജോലി കഴിഞ്ഞു വീട്ടിലേക്കെത്തിയ ശേഷം മണർകാട്ട് പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. മൃതദേഹം മണർകാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ആൻസി (തലപ്പാടി മാർത്തോമ്മാ എൽപി സ്കൂൾ പ്രധാനാധ്യാപിക). മക്കൾ: സിമി, കെവിൻ.