Tuesday 16 April 2024 11:23 AM IST

‘അച്ഛനെപ്പോഴും ചന്ദനത്തിന്റെ ഗന്ധമാണ്, ആ വയറ്റിൽ മുഖമമർത്തി ഞാൻ കിടക്കും’: ഓർമകളിൽ കെ.ജി ജയൻ

Roopa Thayabji

Sub Editor

manoj-jayan1

മലയാളിയുടെ ഹൃദയസ്വരങ്ങളെ തഴുകിയുണർത്തിയ അനശ്വരകലാകാരന്‍ കെ.ജി. ജയൻ ഇനി നിത്യതയിൽ. അനശ്വര സംഗീതപ്രതിഭയ്ക്ക് നാട് വിട നൽകുമ്പോൾ ആ ഓർമകൾക്കൊപ്പം സഞ്ചരിക്കുകയാണ് വനിത. പത്മശ്രീയുടെ തിളക്കത്തിൽ നിൽ‌ക്കേ വനിതയ്ക്കായി അദ്ദേഹം അനുവദിച്ച അഭിമുഖം കാതിനിമ്പമുള്ള സംഗീതം പോലെ സുന്ദരം. ആ ഓർമകൾക്കു മുന്നിൽ പ്രണാമമർപ്പിച്ച് കെ.ജി. ജയനും മകൻ മനോജ് കെ ജയനും വനിതയോട് പങ്കുവച്ച വാക്കുകൾ ഒരിക്കൽ കൂടി. വനിത 2019ൽ പ്രസിദ്ധീകരിച്ച ലേഖനം ഒരിക്കൽ കൂടി...

–––––

ഇന്ത്യൻ സംഗീതലോകത്ത് മലയാളത്തിന്റെ ചന്ദനപ്പൊട്ട് ചാർത്തിയ കെ.ജി. ജയൻ തൃപ്പൂണിത്തുറയിലെ വീട്ടിൽ കൊച്ചുമകൻ അമൃതിന് സ്വരങ്ങൾ പാടിക്കൊടുത്ത് രസിക്കുകയാണ്. ആറര വയസ്സുകാരന്റെ കുറുമ്പിനൊത്ത് സംഗതികളിൽ ചില കയറ്റിറക്കങ്ങൾ ഇട്ടുനോക്കുന്നു. ‘‘പുരസ്കാരം പ്രഖ്യാപിച്ചയന്ന് മള്ളിയൂരമ്പലത്തിലാണ് കച്ചേരി. അവരൊരുക്കിയ സ്വീകരണത്തിൽ അധ്യക്ഷനായത് ഇവനാണ്. ‘അപ്പൂപ്പന് പത്മശ്രീ കിട്ടിയതിൽ എനിക്കു വലിയ സന്തോഷമുണ്ട്’ മോൻ മൈക്കിലൂടെ പറഞ്ഞു. അതിലും വലിയ എന്തു സമ്മാനമാണ് എനിക്ക് കിട്ടേണ്ടത്...’’ കലയും സംഗീതവും കൂടൊരുക്കിയ വീട്ടിലിരുന്ന് കെ.ജി. ജയനും മനോജ് കെ. ജയനും സംസാരിച്ചതു മുഴുവൻ പാട്ടിനെകുറിച്ച്.

പാട്ടിനു കിട്ടിയ ആദ്യ സമ്മാനം ഓർമയുണ്ടോ ?

അഞ്ചാം ക്ലാസ് കഴിഞ്ഞ സമയത്താണ്. കോട്ടയം എസ്എച്ച് മൗണ്ട് സ്കൂളിലെ പാട്ടുമത്സരത്തിന് എനിക്ക് വൈലോപ്പിള്ളി കവിതകളുടെ സമാഹാരം സമ്മാനം കിട്ടി. ഞാനും ഇരട്ടസഹോദരൻ വിജയനുമായിരുന്നു ക്ലാസിലെ പാട്ടുകാർ. ഈശ്വരപ്രാർഥനയും ജനഗണമനയുമെല്ലാം ഹെഡ്മാസ്റ്ററുടെ മുറിയുടെ മുന്നിൽ നിന്ന് ഞങ്ങൾ ഉറക്കെ പാടും. അഞ്ചാം വയസ്സിൽ അച്ഛൻ ഞങ്ങളെ പാട്ടുപഠിപ്പിക്കാൻ ചേർത്തു. രാമൻ ഭാഗവതരായിരുന്നു ആദ്യ ഗുരു. പിന്നീട് മാവേലിക്കര രാധാകൃഷ്ണ അയ്യരിൽ നിന്ന് കർണാടക സംഗീതം പഠിച്ചുതുടങ്ങി. കുമാരനല്ലൂർ അമ്പലത്തിലെ ഉത്സവത്തിനായിരുന്നു അരങ്ങേറ്റം, പത്താം വയസ്സിൽ.

ശ്രീനാരായണഗുരുവിന്റെ നേർശിഷ്യനായിരുന്നു അച്ഛൻ ഗോപാലൻ തന്ത്രി. ‘ദൈവദശകം’ നന്നായി ചൊല്ലുന്നതുകേട്ട് അതു പഠിപ്പിക്കാനുള്ള അനുവാദം ഗുരു അച്ഛനു നൽകി. ആ പാരമ്പര്യമാണ് എനിക്കു കിട്ടിയത്. നാഗമ്പടം ക്ഷേത്രത്തിലെ പ്രതിഷ്ഠ കഴിഞ്ഞ് ഗുരു അച്ഛനോട് അവിടെ തങ്ങാൻ നിർദേശിച്ചു. അങ്ങനെ ഞങ്ങൾ കോട്ടയത്തുകാരായി.

സംഗീത അക്കാദമിയിൽ നിന്ന് ഞാനും വിജയനും ഗാനഭൂഷണം പാസായി അമ്പലങ്ങളിലും മറ്റും കച്ചേരി ചെയ്തു തുടങ്ങി. ആയിടയ്ക്ക് അച്ഛനെ മുനിസിപ്പൽ ജഡ്ജായി മഹാരാജാവ് നിയമിച്ചു. നാട്ടകത്തെ കൊട്ടാരത്തിൽ ചിത്തിര തിരുനാൾ രാമവർമ എത്തിയ സമയത്ത് ഞങ്ങൾക്കും കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടി. ഞങ്ങളുടെ പാട്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. രാജമുദ്രയുള്ള ബട്ടനാണ് സമ്മാനം തന്നത്. തൃശ്ശിനാപ്പള്ളിയിലെ ആലത്തൂർ ബ്രദേഴ്സിന്റെയടുത്ത് പാട്ട് പഠിക്കാനുള്ള ഏർപ്പാടും അതിനുള്ള ചെലവും അദ്ദേഹം ചെയ്തുതന്നു. തിരിച്ചെത്തി നാട്ടിലെ സ്കൂളിൽ ജോലിക്ക് കയറിയതിനു പിന്നാലെയായിരുന്നു വിവാഹം. എന്റെയും വിജയന്റെയും വിവാഹം ഒരേ ദിവസമായിരുന്നു. എനിക്ക് ബിജുവും പിന്നാലെ മനോജും ഉണ്ടായി. രണ്ടുപേരെയും കുട്ടിക്കാലം തൊട്ടേ സംഗീതം പഠിപ്പിക്കാൻ നോക്കി. ബിജു ഗാനഭൂഷണം പാസായി. മനോജ് മടിയനായിരുന്നു, പഠിക്കാൻ വരില്ല.

മനോജ്: കച്ചേരിക്കൊക്കെ പോയിട്ട് രണ്ടോ മൂന്നോ മാസമൊക്കെ കൂടുമ്പോഴേ അച്ഛനും കൊച്ചച്ഛനും വീട്ടിൽ വരൂ. നിറയെ സമ്മാനങ്ങളുണ്ടാകും അപ്പോൾ. ക്ഷേത്രങ്ങളിലൂടെയുള്ള യാത്രയായതിനാൽ അച്ഛനെപ്പോഴും ചന്ദനത്തിന്റെ ഗന്ധമാണ്. അച്ഛന്റെ വയറ്റിൽ മുഖമമർത്തി ഞാൻ കിടക്കും. അപ്പോൾ അച്ഛൻ ‘സരോജിനീ...’ എന്നു നീട്ടിവിളിക്കും. ‘അവന്റെ ആഗ്രഹമല്ലേ, കിടന്നോട്ടേ’ എന്നു പറഞ്ഞ് അമ്മ അച്ഛനെ മയപ്പെടുത്തും. അച്ഛന്റെ സംഗീതലോകത്തേക്ക് ഒരു അപശ്രുതിയും കടന്നുചെല്ലാതിരിക്കാൻ അമ്മ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അച്ഛൻ കർക്കശക്കാരനാണ്, കൊച്ചച്ഛൻ നേരേ തിരിച്ചും.

വിലമതിക്കാനാകാത്ത ഗുരുക്കന്മാരാണ് ?

ഒരിക്കൽ വൈക്കം അമ്പലത്തിൽ ഡോ.എം. ബാലമുരളീകൃഷ്ണയുടെ കച്ചേരി. കച്ചേരിക്കിടെ അസ്സലൊരു മഴ പെയ്തു. കച്ചേരിക്കാർ ഇരിക്കുന്നിടത്ത് മാത്രമേ പന്തലുള്ളൂ. മുൻനിരയിലായിരുന്ന ഞാനും വിജയനും ചാടി സ്റ്റേജിൽ കയറി. ഇരട്ടകളായ ഞങ്ങളെ കണ്ട് കൗതുകത്തോടെ നിന്ന അദ്ദേഹത്തെ പക്കമേളക്കാരനായ മാവേലിക്കര കൃഷ്ണൻകുട്ടി നായർ പരിചയപ്പെടുത്തിതന്നു. ദൈവത്തിന്റെ ഇടപെടൽ പോ ലെ പോക്കറ്റിൽ നിന്ന് വിസിറ്റിങ് കാർഡ് എടുത്തുനീട്ടി അദ്ദേഹം പറഞ്ഞു, ‘എന്നോടൊപ്പം പഠിക്കണമെന്നു തോന്നിയാൽ ഈ വിലാസത്തിൽ വരൂ.’ കേട്ടപാടേ അഞ്ചുവർഷത്തക്ക് അവധിയെടുത്ത് ഞങ്ങൾ വിജയവാഡയിലെത്തി. ആൾ ഇന്ത്യാ റേഡിയോയിൽ സംഗീതവിഭാഗം മേധാവിയായിരുന്നു അദ്ദേഹം. ജോലി കഴിഞ്ഞ് വന്നാൽ പാട്ടു പഠിപ്പിക്കും. അദ്ദേഹം െചന്നൈയിലേക്ക് മാറിയപ്പോൾ ഞങ്ങളും കൂടെ പോന്നു.

ചെമ്പൈ സ്വാമിയുടെ കൂടെ പഠിക്കാനുള്ള അവസരം തന്നതും അങ്ങനെയൊരു നിയോഗമാണ്. സ്വാമിയുടെ കൂടെ പാടി ക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ മരുമകന് അസുഖം വന്ന് കിടപ്പിലായി. കൂെട പാടാൻ ആരെങ്കിലുമുണ്ടോയെന്ന് അദ്ദേഹം മൃദംഗവിദ്വാനായ ടി.വി. ഗോപാലകൃഷ്ണനോട് അന്വേഷിച്ചു. ബാലമുരളീകൃഷ്ണയുടെ പക്കമേളക്കാരൻ കൂടിയായ ടി.വി. ആ അവസരം ഞങ്ങൾക്കു നേടിത്തന്നു. സ്വാമിയെ ആദ്യമായി നേരിൽ കാണുകയാണ്. പാട്ടിലൂടെയാണ് സംസാരമൊക്കെ. ‘വാതാപി ഗണപതിം...’ അദ്ദേഹം ഓരോ വരിയായി പാടും, ഞങ്ങൾ പിന്നാലെ. അന്നു വൈകിട്ടു തന്നെയായിരുന്നു ആദ്യകച്ചേരി. കച്ചേരിക്ക് ചെമ്പൈ സ്വാമിയുടെ ഇടത്തും വലത്തുമായി സ്റ്റേജിൽ ഞങ്ങളിരുന്നു. വിവരമറിയിച്ച് കത്തു കിട്ടിയതിനു പിന്നാലെ അച്ഛൻ ചെന്നൈയിലേക്ക് വന്നു. ‘മക്കളെ പാട്ടു പഠിപ്പിക്കുന്നതിന് ദക്ഷിണ വച്ചില്ലല്ലോ...’ അച്ഛന്റെ സങ്കടത്തിന് സ്വാമികളുടെ മറുപടി ഇങ്ങനെയായിരുന്നു, ‘അവരു തന്നെ എനിക്ക് ദക്ഷിണയാണ്...’ 18 വർഷം അദ്ദേഹം കൂടെ കൊണ്ടുനടന്ന് വളർത്തിയെടുത്തതാണ് ജയവിജയന്മാരെ.

സ്വാമിയെ അവസാനമായി കണ്ടത് ചെർപുളശ്ശേരിയിലേക്ക് കച്ചേരിക്ക് പോകുമ്പോഴാണ്. റിക്കോർഡിങ് ഉള്ളതിനാൽ ഞങ്ങളോട് കൂടെ ചെല്ലേണ്ടെന്ന് പറഞ്ഞു. പിറ്റേന്നു വെളുപ്പിനാണ് സ്വാമികളുടെ വിയോഗം അറിയുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ ചിത എരിയുന്നു.

മനോജ്: ഞാനും ചേട്ടനും കുട്ടികളായിരിക്കുമ്പോൾ കോട്ടയത്ത് കച്ചേരിക്കു വന്ന ചെമ്പൈ സ്വാമി വീട്ടിൽ വന്നു. അഞ്ചുപടിയുണ്ട് പടിപ്പുരയ്ക്ക്. ഞാനും ചേട്ടനും കൂടിയാണ് സ്വാമിയെ കൈപിടിച്ച് കയറ്റിയത്. അന്ന് അദ്ദേഹത്തിന്റെ മഹത്വമൊന്നും ഞങ്ങൾക്ക് അറിയുകേയില്ല. പിന്നീടൊരു വിഷുക്കാല ത്ത് മദ്രാസിൽ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അന്നദ്ദേഹം കുറച്ച് നാണയത്തുട്ടുകൾ കൈനീട്ടമായി തന്നു.

ഇതിനിടെ സിനിമയിലേക്ക് ?

കച്ചേരികൾ ചെയ്യുന്ന സമയത്തേ ഞങ്ങൾക്ക് സിനിമയിൽ സംഗീതം ചെയ്യണമെന്ന് മോഹമുണ്ടായിരുന്നു. ബാലമുരളീകൃഷ്ണ അതൊക്കെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. പക്ഷേ, ചെമ്പൈ സ്വാമിക്ക് അതൊന്നും ഇഷ്ടമില്ല. തനിമ ചോരാത്ത, ചിട്ട തെറ്റിക്കാത്ത കർണാടക സംഗീതമേ അദ്ദേഹം പാടൂ.

‘കുരുതിക്കളം’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഞങ്ങൾ ആദ്യം സംഗീതം ചെയ്തത്, പിന്നീട് സ്നേഹം, പിച്ചിപ്പൂ, നിറകുടം... കുറേ സിനിമകൾ.‘നിറകുട’ത്തിലെ ‘നക്ഷത്രദീപങ്ങൾ തിളങ്ങി..’യൊക്കെ സൂപ്പർഹിറ്റാണ്. ഹിന്ദിയിൽ അമ്പതോളം സിനിമകളിലും നാല് തമിഴ് സിനിമകളിലും സംഗീതം ചെയ്തു. ആ കാലത്ത് ചെന്നൈയിൽ റിക്കോർഡിങ്ങിന് വയലിൻ വായിക്കാൻ ഒരു പയ്യൻ വരുമായിരുന്നു, അതാണ് ഇന്നത്തെ തമിഴ് മാസ്റ്റർ ഇളയരാജ.

മലയാളത്തിലെ അക്കാലത്തെ എല്ലാ ഗായകരെ കൊണ്ടും പാട്ട് പാടിച്ചിട്ടുണ്ട്. യേശുദാസിന്റെ സഹോദരി ജയമ്മയെ കൊണ്ടും പാടിച്ചു. സുശീലയുടെ അതേ ശബ്ദമായിരുന്നു ജയമ്മയ്ക്ക്. പക്ഷേ, വിവാഹശേഷം ജയമ്മ പാടിയില്ല. അനിയന്റെ മരണത്തോടെ സിനിമാപ്പാട്ടുകൾ ചെയ്യുന്നത് ഞാൻ നിർത്തി. യേശുദാസും ജയചന്ദ്രനും പി. ലീലയുമൊക്കെയാണ് എന്റെ ഇഷ്ടപ്പെട്ട പാട്ടുകാർ. പുതിയ തലമുറയിൽ മധു ബാലകൃഷ്ണനെ ഇഷ്ടമാണ്.