Tuesday 16 January 2024 11:57 AM IST : By സ്വന്തം ലേഖകൻ

‘ലൈക്കും കിട്ടിയില്ല, പണവും പോയി..’: ഓൺലൈൻ ചതിക്കുഴി, പന്ത്രണ്ടു ദിവസത്തിനിടെ 15 പേർക്കു നഷ്ടമായത് 65 ലക്ഷം രൂപ!

istockphoto-1283516541-612x612

തലസ്ഥാനത്തു 12 ദിവസത്തിനിടെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീണു 15 പേർക്കു നഷ്ടമായത് 65 ലക്ഷം രൂപ. 2 ഡോക്ടർമാർ, ഐടി എൻജിനീയർ, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ അങ്ങനെ പോകുന്നു ഇരകളുടെ വിവരങ്ങൾ. ഡിജിറ്റൽ സാക്ഷരതയും ഉന്നത പദവിയും ഉള്ളവരാണു തട്ടിപ്പിൽ വീഴുന്നവരിൽ ഏറെയും. ബാങ്കിന്റെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾ വിശ്വസിച്ചു കെണിയിൽ വീഴുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ജാള്യവും മാനഹാനിയും ഭയന്നു പരാതിപ്പെടാത്ത കേസുകളാണ് കൂടുതലെന്നും പൊലീസ് പറയുന്നു. വീട്ടിലിരുന്നു പണം സമ്പാദിക്കാനുള്ള മാർഗം വാഗ്ദാനം ചെയ്താണ് ഫെയ്സ്ബുക്കിൽ പരസ്യങ്ങൾ നിറയുന്നത്. 

ഇത്തരം വ്യാജ വെബ് സൈറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ റജിസ്ട്രേഷൻ നടത്താനായിരിക്കും ആവശ്യപ്പെടുന്നത്. പിന്നീട് ടെലിഗ്രാം ഗ്രൂപ്പിലേക്ക് ചേർക്കുകയും ചെയ്യും. ഒരു ആപ് ഇൻസ്റ്റാൾ ചെയ്ത് അതിലേക്ക് 300 മുതൽ 500 രൂപ വരെ നിക്ഷേപിക്കാൻ പറയും. ഇതിന് ഇരട്ടിയായി പ്രതിഫലം നൽകും. ലക്ഷം രൂപ നിക്ഷേപിച്ച് ഇരട്ടി കിട്ടിയതായി കാണിച്ച് ഗ്രൂപ്പിലുള്ള തട്ടിപ്പ് സംഘത്തിലെ അംഗങ്ങൾ സന്ദേശം പങ്കുവയ്ക്കും. ഇത് വിശ്വസിച്ചാണ് പലരും ലക്ഷങ്ങൾ അയയ്ക്കുന്നത്. 

ആപ്പിൽ തുക ഇരട്ടി ആയെന്നു കാണിക്കുമെങ്കിലും പണം പിൻവലിക്കാൻ കഴിയില്ല. പണം പിൻവലിക്കണമെങ്കിൽ മറ്റൊരു അക്കൗണ്ടിലേക്ക് നികുതി ആവശ്യങ്ങൾക്കായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇത് വിശ്വസിച്ച് അവർ പറയുന്ന അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കുന്നതോടെ മുഴുവൻ തുകയും നഷ്ടമാകും. വട്ടിയൂർക്കാവ് വിവേകാനന്ദ ലെയ്നിൽ താമസിക്കുന്ന യുവതിയാണ് ഒടുവിലത്തെ ഇര. 6,10,730 രൂപയാണ് ഇവർക്ക് നഷ്ടമായത്. 

ഓൺലൈൻ ജോലികളെന്ന ചതിക്കുഴി 

ഓൺലൈൻ ജോലിയുടെ പരസ്യം കണ്ടാണ് കാലടി സ്വദേശിയായ 39 വയസുകാരൻ തട്ടിപ്പുകാരുടെ വലയിലായത്. പാർട്ട് ടൈം ജോലിയുടെ പരസ്യം കണ്ട് സൈറ്റിൽ കയറിയ തിരുമല മങ്കാട്ടുകടവ് സ്വദേശിയായ 26 വയസുകാരിക്ക് 2,38,000 രൂപയും നഷ്ടമായി. ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കി വിവിധ ടാസ്ക്കുകൾ നൽകുകയും അതിനു പ്രതിഫലം നൽകിയ ശേഷം കൂടുതൽ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇരട്ടി ലാഭം പ്രതീക്ഷിച്ചു യുവതി പണം നിക്ഷേപിച്ചെങ്കിലും പണം തിരിച്ചുകിട്ടിയില്ല. ഓൺലൈൻ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ടെലഗ്രാം ലിങ്കുകൾ അയച്ചു നൽകിയും വിവിധ ടാസ്ക്കുകൾക്ക് പ്രതിഫലം വാഗ്ദാനം ചെയ്തും കണ്ണമ്മൂല അയ്യങ്കാളി റോഡ് സ്വദേശിയായ 39 വയസുകാരനിൽ നിന്നും 17,83,970 രൂപ തട്ടിയെടുത്തു.

പാർട് ടൈം ജോലി തട്ടിപ്പിൽ വീണ കാരയ്ക്കാമണ്ഡപം പൊന്നുമംഗലം സ്വദേശിയായ 29 കാരന്  3,10,000 രൂപയാണ് നഷ്ടമായത്. ടെലിഗ്രാം അക്കൗണ്ടിലൂടെ കമ്പനിയുടെ റേറ്റിങ് നൽകി കമ്മിഷൻ നേടാമെന്ന് വിശ്വസിപ്പിച്ച് കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്കു സമീപം താമസിക്കുന്ന 57കാരിനിൽ നിന്നു 7.97 ലക്ഷം രൂപയും തട്ടിയെടുത്തു. സെൻട്രൽ സ്പോർട്സ് ഓഫിസിലെ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ നിന്നു 3,19,128 രൂപ നഷ്ടമായെന്നാണു പരാതി. കനറാ ബാങ്കിന്റെ തിരുനെൽവേലി ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് 5 തവണയായി പണം നഷ്ടമായത്.∙ഓസ്ട്രേലിയയിലെ ഫിസിയോതെറപ്പി സെന്ററിൽ ജോലി വാഗ്ദാനം ചെയ്തു കുമാരപുരം മുറിഞ്ഞപാലം സ്വദേശിയായ 33കാരിയിൽ നിന്നു 3,45,000 രൂപ തട്ടി. ഐഇഎൽടിഎസ് സർട്ടിഫിക്കറ്റ് എടുത്തു കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.

ലാപ്ടോപ് ബാഗിന്റെ കഥ

വെബ്സൈറ്റിൽ കണ്ട പരസ്യം വഴിയാണ് കരുമം സ്വദേശിയായ 23 വയസുകാരി ലാപ്ടോപ് ബാഗിനു ഓർഡർ ചെയ്തത്. 2 ദിവസം കഴിഞ്ഞപ്പോൾ കുറിയർ ഓഫിസിലെ ജീവനക്കാരനാണെന്നു സ്വയം പരിചയപ്പെടുത്തി ഒരാളുടെ ഫോൺകോൾ വന്നു. ഓൺലൈനിൽ സമർപ്പിച്ച വിലാസം വ്യക്തമാകാത്തതിനാൽ കുറിയർ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇതുമാറി കിട്ടാൻ 9 രൂപ പിഴ അടയ്ക്കണമെന്നും അറിയിച്ചു. ഇതു വിശ്വസിച്ചു സന്ദേശത്തിൽ കണ്ട ലിങ്കിൽ കയറി 9 രൂപയും ട്രാൻസാക്‌ഷന്റെ സ്ക്രീൻ ഷോർട്ടും അയച്ചു കൊടുത്തു. 10 മിനിറ്റിനകം എസ്ബിഐ കാലടി ബാങ്കിലെ യുവതിയുടെ അക്കൗണ്ടിൽ നിന്നു 99,000 രൂപ നഷ്ടമായി. 

ലൈക്ക് കിട്ടിയില്ല; പണവും പോയി

ആയിരം മുതൽ മൂവായിരം രൂപ വരെ അക്കൗണ്ടിൽ ഇട്ടു കൊടുത്ത് 21 വയസുകാരനിൽ നിന്നു തട്ടിയത് 2.88 ലക്ഷം രൂപ. വൻ തുക ലാഭം കിട്ടുമെന്നു കരുതി ഓൺലൈൻ ട്രേഡിങ് നടത്തിയ തമ്പാനൂർ രാജാജി നഗർ സ്വദേശിയായ വിദ്യാർഥിക്ക് ആണ് പണം നഷ്ടമായത്. യൂട്യൂബ് വിഡിയോകൾക്ക് ലൈക്ക് ചെയ്തു അതിന്റെ സ്ക്രീൻ ഷോട്ട് അയച്ചു കൊടുക്കുകയും ചെറിയ തുകകൾ ഇയാൾക്കു പ്രതിഫലമായി ലഭിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ ടാസ്കുകൾ ചെയ്യുന്നതിനായി  2,88,000 രൂപ കൈമാറി, ആ പണം നഷ്ടമായി. 

പാൻകാർഡ് അപ്ഡേഷൻ സന്ദേശങ്ങൾ

എസ്ബിഐ ബാങ്കിന്റെ പേരിൽ വ്യാജ സന്ദേശം അയച്ച് 2 ഡോക്ടർമാർ ഉൾപ്പെടെ 5 പേരിൽ നിന്നായി 11 ലക്ഷം രൂപ തട്ടിയെടുത്തു. മുട്ടത്തറ പുത്തൻപള്ളി സ്വദേശിയായ ഡോക്ടറുടെ ഫോണിലേക്ക് കഴിഞ്ഞ ദിവസമാണ് എസ്ബിഐ ഫോർട്ട് ശാഖയുടെ പേരിൽ സന്ദേശം വന്നത്. ബാങ്ക് അക്കൗണ്ടിൽ പാൻകാർഡ് അപ്ഡേറ്റ് ചെയ്യണമെന്നായിരുന്നു സന്ദേശം. ഇതു വിശ്വസിച്ചു ഡോക്ടർ സന്ദേശത്തിലെ ലിങ്കിൽ കയറി പാൻനമ്പറും ഒടിപിയും സമർപ്പിച്ചു. അര മണിക്കൂറിനകം അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ നഷ്ടമായി. എസ്ബിഐ യോനോ അക്കൗണ്ട് ബ്ലോക്ക് ആണെന്നും പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്നും വിശ്വസിപ്പിച്ചാണ് ചെങ്കോട്ടുകോണം സ്വദേശിയായ 58 കാരനെ പറ്റിച്ചത്. 

ബാങ്കിന്റെ പേരിൽ ഫോണിലേക്ക് വന്ന സന്ദേശത്തിലെ ലിങ്കിൽ കയറി അക്കൗണ്ട് വിവരങ്ങൾ സമർപ്പിച്ചു.  പിന്നാലെ അക്കൗണ്ടിൽ നിന്നു 40,811 രൂപ നഷ്ടമായി. ബാങ്ക് അക്കൗണ്ടിന്റെ പാൻ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്ന സന്ദേശം വിശ്വസിച്ചതാണു തമ്പാനൂർ ശ്രീമൂലംറോഡ് സ്വദേശിയായ 67കാരന് പണിയായത്. ഇതു വിശ്വസിച്ച് അതിലെ ലിങ്കിൽ കയറി വിവരങ്ങൾ കൈമാറി. പിന്നാലെ അക്കൗണ്ടിൽ നിന്ന് 4.69 ലക്ഷം രൂപ ചോരുകയായിരുന്നു. സമാനമായ തട്ടിപ്പിൽ കുറവൻ കോണത്ത് ഫ്ലാറ്റിൽ താമസിക്കുന്ന ഡോക്ടറുടെ 49,500 രൂപയും  ശ്രീകാര്യം വെഞ്ചാവോട് സ്വദേശിയായ 58കാരന് 46,811 രൂപയും നഷ്ടമായി. 

ഓൺലൈൻ തട്ടിപ്പ്: കഴിഞ്ഞവർഷം സംസ്ഥാനത്ത് നഷ്ടമായത് 201 കോടി

സംസ്ഥാനത്തു കഴിഞ്ഞവർഷം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിലൂടെ നഷ്ടമായത് 201 കോടി രൂപയെന്നു പൊലീസ്. 23,753 പേർക്കായാണ് ഇത്രയും പണം നഷ്ടപ്പെട്ടത്. ട്രേഡിങ് തട്ടിപ്പിലൂടെ മാത്രമാണ് ഇതിൽ 74 കോടി രൂപ നഷ്ടപ്പെട്ടത്.തട്ടിപ്പിന് ഉപയോഗിച്ച 5107 ബാങ്ക് അക്കൗണ്ടുകൾ, 3289 മൊബൈൽ നമ്പറുകൾ, 239 സമൂഹ മാധ്യമ അക്കൗണ്ടുകൾ, 945 വെബ്സൈറ്റുകൾ എന്നിവ കേരള പൊലീസ് സൈബർ വിഭാഗം ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 % തിരിച്ചുപിടിക്കാനായി. പണം നഷ്ടമായി രണ്ടു മണിക്കൂറിനകം 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാൻ സാധ്യത കൂടുതലാണെന്നു പൊലീസ് അറിയിച്ചു.

Tags:
  • Spotlight