Wednesday 06 March 2024 11:08 AM IST : By സ്വന്തം ലേഖകൻ

‘അങ്കണവാടിയിൽ തലേന്നും കണ്ടു ആ കുഞ്ഞുമുഖം’; വേദനയായി പിറന്നാൾ ചിത്രം: കൂട്ടമരണത്തിൽ നടുങ്ങി നാട്

pala-death-jaison-family

കുടുംബത്തെ വളരെയേറെ സ്നേഹിച്ചിരുന്ന ജയ്സൺ നല്ല അധ്വാനശീലമുള്ള ആളായിരുന്നെന്ന് അങ്കണവാടി അധ്യാപിക ഗ്രേസി അഗസ്റ്റിൻ ഓർമിക്കുന്നു. വീടിന് 250 മീറ്ററോളം ദൂരത്തിലാണ് ജയ്സന്റെ മകൻ ജെറാൾഡ് പഠിക്കുന്ന കൊച്ചുകൊട്ടാരം അങ്കണവാടി. ചെറിയ കുട്ടികൾ ഉൾപ്പെടെ ഉണ്ടായിരുന്നതിനാൽ പലപ്പോഴും ഇവരുടെ വീട്ടിൽ പോയിരുന്ന കാര്യം ടീച്ചർ ഓർമിക്കുന്നു. മെറീനയുമായി ഏറെനേരം സംസാരിക്കാറുമുണ്ടായിരുന്നു. വീട്ടിൽ പ്രശ്നങ്ങളൊന്നും ഉള്ളതായി ഒരിക്കലും തോന്നിയിട്ടില്ല.

തിങ്കളാഴ്ച രാവിലെ ജയ്സനാണ് ജെറാൾഡിനെ അങ്കണവാടിയിൽ കൊണ്ടുവിട്ടത്. വൈകിട്ട് കൂട്ടാൻ വന്നതും ജയ്സനാണ്. ജോലിക്കു പോയില്ലേ എന്നു ചോദിച്ചപ്പോൾ ഉടമ എറണാകുളത്തിനു പോയതിനാൽ ജോലിയില്ലെന്നു മറുപടി നൽകി. മുഖം മ്ലാനമായിരുന്നു.

ഭാര്യയെ തലയ്ക്കടിച്ചും കുട്ടികളെ ശ്വാസംമുട്ടിച്ചും കൊന്നശേഷം ജെയ്‌സൺ ജീവനൊടുക്കി; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍

ഏറെനേരം സംസാരിക്കുന്ന പതിവുള്ള ജയ്സൺ മറ്റൊന്നും പറയാതെ കുട്ടിയെയും കൂട്ടി മടങ്ങി. അങ്കണവാടിയിലെ ആനുകൂല്യങ്ങൾ നൽകി. ഇതു വാങ്ങാൻ മടി കാണിച്ചു. എന്നാൽ നിർബന്ധിച്ചു നൽകുകയായിരുന്നു. പനിയുണ്ടായിരുന്നു ജെറാൾഡിന്. രോഗവിവരങ്ങൾ ഹെൽത്ത് വർക്കറെ അറിയിച്ചിരുന്നു. മരുന്നുമായി ഇന്നലെ രാവിലെ പോകാനിരിക്കെയാണ് ദുരന്തവാർത്ത അറിഞ്ഞതെന്നും ഗ്രേസി അഗസ്റ്റിൻ പറഞ്ഞു. 4നു പൂവരണി അങ്കണവാടിയിൽ കുട്ടികൾക്ക് പൾസ് പോളിയോ തുള്ളി മരുന്ന് നൽകാൻ മക്കളെയും കൂട്ടി ജയ്സണും ഭാര്യയും എത്തിയിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ജയ്സൺ ജോസഫ് കുടുംബ ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. വാടക വീടിന്റെ സിറ്റൗട്ടിൽ നിന്നുള്ള ചിത്രമാണിത്. ഫെബ്രുവരി 21നു മകൻ ജെറാൾഡിന്റെ ജന്മദിന ആഘോഷത്തിന്റെ ഫോട്ടോയും ഫെയ്സ് ബുക്കിൽ പങ്കുവച്ചിരുന്നു.