Friday 12 January 2024 11:13 AM IST : By സ്വന്തം ലേഖകൻ

മറ്റൊരു ബാങ്ക് വഴി അക്കൗണ്ടില്‍ വന്നത് 3000 രൂപ; തൊട്ടുപിറകെ ഭിന്നശേഷിക്കാരിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു! ദുരിതത്തില്‍ യുവതി

palakkad-naushija

കടലാസ് പേനയും കുടകളും നിര്‍മിച്ചു കിട്ടുന്ന വരുമാനമാണ് ഉപജീവന മാര്‍ഗം. വീട്ടില്‍ ഇരുന്നു ജോലി ചെയ്തു കിട്ടിയ പണമടങ്ങിയ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ ആരോട് പരാതിപ്പെടണമെന്ന് അറിയാതെ ഭിന്നശേഷിക്കാരിയായ യുവതി. നടപടിയ്ക്ക് കാരണമെന്തെന്നു പോലും അവർക്കു വ്യക്തമല്ല. 

പാലക്കാട് കൊപ്പം മണ്ണേങ്ങോട് പ്രഭാപുരം മുണ്ടക്കാട്ടുതൊടി നൗഷിജ(35)യുടെ പൊതുമേഖലാ ബാങ്കിലെ അക്കൗണ്ട് മരവിപ്പിച്ചെന്നാണു പരാതി. ഡിസംബര്‍ 18ന് പണം പിന്‍വലിക്കുന്നതിനു ശ്രമിച്ചപ്പോഴാണു വിവരം അറിയുന്നത്. ബാങ്കിന്റെ കൊപ്പം ശാഖയിൽ അന്വേഷിച്ചപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചു. കൊപ്പം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. 

കൊപ്പം പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ അഹമ്മദാബാദിലെ സൈബര്‍ സെല്ലില്‍ നിന്ന് വിവരം ലഭിച്ചെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് അഹമ്മദാബാദിലെ സൈബര്‍ സെല്‍ വിഭാഗവുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചു. അഹമ്മദാബാദിലെ സൈബര്‍ സെല്‍ വിഭാഗത്തിൽ അന്വേഷിച്ചപ്പോൾ മറ്റൊരു ബാങ്ക് വഴി അക്കൗണ്ടില്‍ വന്ന 3000 രൂപയാണു മരവിപ്പിക്കാൻ കാരണം എന്ന് പറഞ്ഞതായി നൗഷിജ പറയുന്നു. കൂടുതല്‍ അറിയുന്നതിനു അഹമ്മദാബാദിലെ സൈബര്‍ സെല്‍ ഓഫിസില്‍ എത്തണമെന്നു നിർദേശിച്ചുവത്രേ. 

വീല്‍ചെയറില്‍ കഴിയുന്ന ഇവര്‍ക്ക് ഒരു വയസ്സായ കുഞ്ഞുണ്ട്. അഹമ്മദാബാദില്‍ പോയി വരാന്‍ ബുദ്ധിമുട്ടാണ്. ആകെയുള്ള പണവും നഷ്ടപ്പെട്ടതോടെ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമത്തിലാണ്. വീട്ടില്‍ ഇരുന്നു കടലാസ് പേനയും കുടകളും നിര്‍മിച്ചു കിട്ടിയ ആകെയുള്ള 13,000 രൂപ  നഷ്ടപ്പെടുമോ എന്നാണ് ആശങ്ക. പണം നഷ്ടപ്പെടാതിരിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചെങ്കിലും എന്തു ചെയ്യണമെന്ന് അറിയാതെ പ്രയാസത്തിലാണെന്നും നൗഷിജ പറയുന്നു.

യുവതിയുടെ അക്കൗണ്ടിലേക്കു വന്ന 3000 രൂപ അനധികൃതമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നു പൊലീസ് വിശദീകരിച്ചു. ബാങ്ക് അധികൃതർ പ്രതികരിച്ചില്ല.

Tags:
  • Spotlight